‘കോണ്‍ഗ്രസ് മുക്തഭാരത’ത്തോട് യോജിപ്പില്ല; ബിജെപി മുദ്രാവാക്യത്തെ തള്ളി ആര്‍എസ്എസ്

മോഹന്‍ ഭാഗവത്

പൂന: കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബിജെപി മുദ്രാവാക്യത്തെ തള്ളി ആര്‍എസ്എസ്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്നത്  വെറും രാഷ്ട്രീയ മുദ്രാവാക്യമാണെന്നും അത് ആര്‍എസ്എസിന്റെ ഭാഷ അല്ലെന്നുമാണ് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് വ്യക്തമാക്കിയത്. ബിജെപിയുടെ എക്കാലത്തേയും പ്രധാന മുദ്രാവാക്യങ്ങളില്‍ ഒന്നായിരുന്നു കോണ്‍ഗ്രസ് മുക്ത ഭാരതം. എന്നാല്‍ അതിനോട് തനിക്ക് യോജിപ്പില്ലെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.

കോണ്‍ഗ്രസ് മുക്തഭാരതം എന്നത് ഒരിക്കലും ആര്‍എസ്എസിന്റെ മുദ്രാവാക്യം അല്ല. രാഷ്രീയത്തില്‍ ‘മുക്തം’ എന്ന വാക്ക് എല്ലായിപ്പോഴും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഒരാളെ ഇല്ലാതാക്കുക എന്ന രീതിയിലുള്ള ഒരു ഭാഷ ആര്‍എസ്എസ് ഉപയോഗിക്കില്ലെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി.

പാര്‍ലമെന്റില്‍ സംസാരിക്കവെ കോണ്‍ഗ്രസ് മുക്തഭാരതമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. പാരമ്പര്യമായി ഗാന്ധി കുടുംബത്തിലെ അംഗങ്ങള്‍ കോണ്‍ഗ്രസിന്റെ തലപ്പത്ത് എത്തുന്നതിനെയും മോദി വിമര്‍ശിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് മുക്ത ഭാരതം എന്നത് ഒരു തെറ്റായ മുദ്രാവാക്യമാണെന്നാണ്  മോഹന്‍ ഭാഗവതിന്റെ അഭിപ്രായം.

എല്ലാവരും ഒരുമിച്ച് ചേര്‍ന്ന് രാഷ്ടത്തിന്റെ നല്ല മാറ്റത്തിനായി പ്രവര്‍ത്തിക്കണം. നിഷേധാത്മകമായ സമീപനം പരസ്പരം കലഹങ്ങളും ഭിന്നതയും ഉണ്ടാക്കാന്‍ മാത്രമാണ് സഹായിക്കുന്നത്. അത്തരം മനോഭാവം ഉള്ളവരെ രാഷ്ട്രത്തിന്റെ വികസനത്തിന്  ആവശ്യം ഇല്ലെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി.

DONT MISS
Top