കാവേരി പ്രശ്‌നം; തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു, ഇന്ന് കടയടപ്പ് സമരം

ഫയല്‍ചിത്രം

ചെന്നൈ: കാവേരി ജലവിനിയോഗ ബോര്‍ഡ് രൂപീകരിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം പരിഗണിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ സംസ്ഥാനത്ത് പ്രക്ഷോഭം തുടരുന്നു. ഡിഎംകെ കോണ്‍ഗ്രസ്, ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോഡ് ഉപരോധിക്കും.

അര്‍ഹമായ കാവേരി ജലം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് വണികര്‍ സംഘം പേരമൈപ്പ് ഇന്ന് കടയടപ്പ് സമരം നടത്തുകയാണ്. കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ കളക്ട്രേറ്റ് ഉപരോധത്തിനിടെ രണ്ട് ഡിഎംകെ പ്രവര്‍ത്തകര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് ഇടപ്പെട്ടാണ് രണ്ട് പേരെയും രക്ഷപ്പെടുത്തിയത്.

234 നിയമസഭാ മണ്ഡലങ്ങളും കേന്ദ്രീകരിച്ചാണ് ഡിഎംകെയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടക്കുന്നത്. ചെന്നൈയില്‍ ഡിഎംകെ, കോണ്‍ഗ്രസ്, സിപിഐഎം, സിപിഐ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധങ്ങള്‍. കോയമ്പത്തൂര്‍, മധുര, തിരുന്നല്‍വേലി, നാഗപ്പട്ടണം, പുതുക്കോട്ട എന്നിവിടങ്ങളിലെ പ്രക്ഷോഭത്തില്‍ വന്‍ ജനപങ്കാളിത്തമായിരുന്നു.

കാവേരി ജലവിനിയോഗ ബോര്‍ഡ് രൂപീകരിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം പരിഗണിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം എഐഡിഎംകെ രാജ്യസഭാ എംപിയായ മുത്തുകറുപ്പ് രാജിവെച്ചിരുന്നു. മിഴ്‌നാടിന്റെ ആവശ്യം പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് എഐഡിഎംകെ തുടര്‍ച്ചയായി പാര്‍ലമെന്റ് പ്രവര്‍ത്തനം തടസ്സപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എംപിയുടെ രാജി.

കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഡിഎംകെ ഏപ്രില്‍ അഞ്ചിന് തമിഴ്‌നാട്ടില്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.  ഡിഎംകെയ്ക്ക് പുറമെ കോണ്‍ഗ്രസ്, സിപിഐഎം, സിപിഐ, മുസ്‌ലിം ലീഗ് എന്നീ പാര്‍ട്ടികളും ബന്ദില്‍  പങ്കെടുക്കും. ഏപ്രില്‍ പതിനൊന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട് സന്ദര്‍ശിക്കുമ്പോള്‍ അദ്ദേഹത്തിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്താനും ഡിഎംകെ തീരുമാനിച്ചിട്ടുണ്ട്.

കാവേരി വിഷയത്തില്‍ മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടിയ്ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ കഴിഞ്ഞദിവസം സുപ്രിം കോടതിയെ സമീപിച്ചിരുന്നു. മാനേജ്‌മെന്റ് രൂപീകരണം കേന്ദ്രം മനപ്പൂര്‍വ്വം നീട്ടുകയാണെന്നാണ് ഹര്‍ജിയിലെ ആരോപണം. തമിഴ്‌നാടിന് അര്‍ഹമായ കാവേരി ജലം ഉറപ്പാക്കാന്‍ സുപ്രിം കോടതി നടപടിയെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top