വിവാഹദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങള്‍ നിര്‍മിച്ച കേസ്; രണ്ടുപേര്‍ കസ്റ്റഡിയില്‍

അറസ്റ്റിലായ പ്രതികള്‍

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ വിവാഹ ദൃശ്യങ്ങളില്‍ മോര്‍ഫിംഗ് നടത്തി അശ്ലീല ചിത്രങ്ങള്‍ നിര്‍മിച്ച കേസില്‍ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍. സദയം സ്റ്റുഡിയോ ഉടമകളായ സതീശന്‍, ദിനേശന്‍ എന്നിവരെയാണ് ഇന്ന് രാവിലെയോടെ പ്രത്യേക അന്വേഷണ സംഘം വയനാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.

സ്റ്റുഡിയോ ജീവനക്കാരനായ വീഡിയോ എഡിറ്റര്‍ സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്‌ന ചിത്രങ്ങള്‍ നിര്‍മിച്ചത് സ്റ്റുഡിയോ ഉടമ നേരത്തെ അറിഞ്ഞുവെന്നതിന് തെളിവ് ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഉടകളായ ദിനേശന്‍, സതീശന്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കണ്ടെത്തിയ അശ്ലീല ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് കൈമോറിയോ എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ അന്വേഷിക്കും.

സ്റ്റുഡിയോയില്‍ പൊലീസ് സംഘം റെയ്ഡ് നടത്തിയപ്പോള്‍ സ്റ്റുഡിയോ ജീവനക്കാരന്‍ ബിബീഷിന്റെ ഹാര്‍ഡ് ഡിസ്‌ക്കില്‍ പൊലീസ് 46,000 ചിത്രങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ നൂറുകണക്കിന് മോര്‍ഫ് ചെയ്ത ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഭൂരിഭാഗവും വിവാഹ വീഡിയോയില്‍ നിന്നെടുത്ത ചിത്രങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ചവയാണ്. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്. വിദേശത്തുള്ള പ്രവാസികളായ ബന്ധുക്കള്‍ വഴിയാണ് വടകരയിലെ പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത ഫോട്ടോ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങള്‍ നിര്‍മിച്ച വിവരം ലഭിച്ചത്. പത്തോളം സ്ത്രീകളുടെ പരാതിയിലാണ് പൊലീസ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top