ദലിത് സംഘടനകളുടെ ഭാരത് ബന്ദില്‍ വ്യാപക അക്രമം


ദില്ലി: രാജ്യത്തെ വിവിധ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ വ്യാപക അക്രമം. പട്ടികജാതി-പട്ടികവര്‍ഗ പീഡനനിരോധന നിയമത്തിന്റെ ദുരുപയോഗം തടയാന്‍ സുപ്രിം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതില്‍ പ്രതിഷേധിച്ചാണ് ഇന്ന് ഭാരത് ബന്ദ് ആചരിക്കുന്നത്.

ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചി, ഉത്തര്‍പ്രദേശിലെ മീററ്റ്, രാജസ്ഥാനിലെ ബാര്‍മര്‍ എന്നിവിടങ്ങളിലാണ് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടങ്ങളില്‍ പ്രക്ഷോഭകാരികളും പൊലീസും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ ഉണ്ടായി. പട്ടികജാതി-പട്ടികവര്‍ഗ നിയമപ്രകാരമുള്ള പരാതികളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സ്വകാര്യ വ്യക്തികളെയും ഉടന്‍ അറസ്റ്റ് ചെയ്യുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സുപ്രിം കോടതി മാര്‍ച്ച് 21 ന് വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.


മീററ്റില്‍ പ്രതിഷേധം അക്രമാസക്തമായപ്പോള്‍ സമരക്കാര്‍ നിരവധി കാറുകളും വാഹനങ്ങളും അടിച്ച് തകര്‍ത്തു.


രാജസ്ഥാനിലെ ബാര്‍മറില്‍ നിരവധി കാറുകള്‍ അഗ്നിക്ക് ഇരയാക്കി. പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തു. സമരക്കാര്‍ ജയ്പൂരില്‍ ടെയ്രിന്‍ തടഞ്ഞു.

റാഞ്ചിയില്‍ സമരക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സമരം അക്രമാസക്തമായപ്പോള്‍ സമരക്കാരെ പൊലീസ് അടിച്ചോടിച്ചു.

ഉത്തര്‍പ്രദേശിലെ മീററ്റിലും പൊലീസ് സമരക്കാരെ കായികമായി നേരിട്ടു. സമരക്കാരെ പൊലീസ് വളഞ്ഞിട്ട് തല്ലി.

മധ്യപ്രദേശിലും സമരം അക്രമാസക്തമായി. വാഹനങ്ങള്‍ക്ക് തീയിട്ട പ്രതിഷേധക്കാര്‍ മൊറീനയില്‍ റെയില്‍വെപ്പാളം ഉപരോധിച്ചു. ഭിണ്ടില്‍ പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലേറ് നടത്തി. അക്രമത്തെ തുടര്‍ന്ന് മധ്യപ്രദേശിലെ ഗ്വാളിയോറില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സാഗറില്‍ 144 ഉം പ്രഖ്യാപിച്ചിട്ടുണ്ട്.


പ്രതിഷേധക്കാരോട് സംയമനം പാലിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആദിത്യനാഥ് പറഞ്ഞു. ക്രമസമാധാനപ്രശഅനങ്ങള്‍ സൃഷ്ടിക്കരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. എന്ത് പ്രശ്‌നം ഉണ്ടെങ്കിലും അത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്നും അദ്ദേഹം വ്യക്തമാക്കി.

DONT MISS
Top