ശാസ്ത്രലോകത്തെ ആശങ്കകള്‍ക്ക് വിരാമം; ചൈനയുടെ ബഹിരാകാശ നിലയം ദക്ഷിണപസഫിക്കില്‍ പതിച്ചു

ഫയല്‍ചിത്രം

ബെയ്ജിങ്: ചൈനയുടെ ബഹിരാകാശ നിലയം ടിയാന്‍ഗോങ്-1 ആഴ്ചകള്‍ക്കുള്ളില്‍ ഭൂമിയില്‍ പതിക്കുമെന്ന ശാസ്ത്രലോകത്തിന്റെ ആശങ്കകള്‍ക്ക് വിരാമം. ബഹിരാകാശ നിലയം ഭൗമാന്തരീക്ഷത്തിലേയ്ക്ക് പ്രവേശിക്കുകയും ദക്ഷിണ പസഫിക് സമുദ്രത്തിന് മുകളില്‍ കത്തിയമരുകയും ചെയ്തതായി ചൈനീസ് വെബ്‌സൈറ്റ് പറയുന്നു. എന്നാല്‍ നിലയത്തിന്റെ ഏതെങ്കിലും ഭാഗങ്ങള്‍ ഭൂമിയില്‍ പതിച്ചതായി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

ബെയ്ജിങ് പ്രാദേശിക സമയം രാവിലെ 8;15 നാണ് ബഹിരാകാശ നിലയം ഭൗമാന്തരീക്ഷത്തിലേയ്ക്ക് പ്രവേശിച്ചത്. അന്തരീക്ഷത്തില്‍ വെച്ചുതന്നെ ഇതിന്റെ ബഹുഭൂരിപക്ഷം ഭാഗവും കത്തിയമര്‍ന്നുവെന്നും ചൈനീസ് വെബ്‌സൈറ്റുകള്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഞായറാഴ്ച രാത്രി 11;20 ന് ശേഷം എപ്പോള്‍ വേണമെങ്കിലും നിലയം ഭൂമിയിലേയ്ക്ക് പതിക്കാമെന്ന് ചൈന നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഓസ്‌ട്രേലിയയ്ക്കും യുഎസിനും ഇടയിലായിരിക്കും നിലയം വീഴുകയെന്നായിരുന്നു പ്രവചിച്ചിരുന്നത്. നിലയത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ചൈന സമ്മതിക്കുന്നത് കഴിഞ്ഞ 2016ലാണ്.

നിലയത്തിന്റെ ഒരു ഭാഗം ഭൂമിയില്‍ പതിക്കാനുള്ള സാധ്യതയുണ്ടെന്ന് എയ്‌റോ സ്‌പേസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചിരുന്നു. വിഷലിപ്തവും അപകടകരവുമായ ഹൈഡ്രസിന്‍ ഇന്ധനം ബഹിരാകാശ നിലയം വഹിക്കുന്നുണ്ടെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
യുറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ പ്രവചനപ്രകാരം മാര്‍ച്ച് 24നും ഏപ്രില്‍ 19നും ഇടയ്ക്ക് നിലയം താഴേക്ക് പതിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിലയത്തിന്റെ 100 കിലോയോളം ഭൂമിയില്‍ പതിക്കുമെന്നായിരുന്നു ശാസ്ത്രജ്ഞര്‍ അറിയിച്ചിരുന്നത്.

2011ലാണ് 8500 ടണ്‍ ഭാരമുള്ള ടിയാന്‍ഗോങ്-1 ബഹിരാകാശ നിലയം ചൈന വിക്ഷേപിക്കുന്നത്. രാജ്യാന്തര ബഹിരാകാശ മാതൃകയിലാണ് ചൈന ടിയാന്‍ഗോങ് വികസിപ്പിച്ചിരിക്കുന്നത്. ചൈനീസ് ശാസ്ത്രജ്ഞര്‍ക്ക് മാസങ്ങളോളം ബഹിരാകാശത്ത് തങ്ങി പരീക്ഷണങ്ങള്‍ നടത്താനുള്ള അവസരമൊരുക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

DONT MISS
Top