ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടി റദ്ദാക്കണം; ജേക്കബ് തോമസ് നല്‍കി ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ജേക്കബ് തോമസ് ( ഫയല്‍ ചിത്രം )

ദില്ലി: ഹൈക്കോടതി ജഡ്ജിമാരായ പി ഉബൈദ്, എബ്രഹാം മാത്യു എന്നിവര്‍ക്കെതിരെ കേന്ദ്ര വിജിലന്‍സ് കമ്മീഷന് അയച്ച കത്തില്‍ ആരോപണം ഉന്നയിച്ചതിന് കേരള ഹൈക്കോടതി ആരംഭിച്ച കോടതിയലക്ഷ്യ നടപടികള്‍ സ്‌റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ് നല്‍കിയ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ്മാരായ എകെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

കേന്ദ്ര വിജിലന്‍സ് കമ്മീഷന് 2018 ഫെബ്രുവരി 26 ന് ചീഫ് സെക്രട്ടറി മുഖാന്തരം അയച്ച പരാതിയില്‍ കേരള ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാര്‍ക്ക് എതിരെ ആരോപണം ഉന്നയിച്ചതിനും, പരാതിയുടെ ഉള്ളടക്കം മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്തിനുമാണ് ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യ നടപടി ആരംഭിച്ചത്. ജേക്കബ് തോമസിനോട് ഇന്ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സുപ്രിം കോടതി ഇന്ന് ഹര്‍ജി പരിഗണിക്കുന്നതിനാല്‍ ജേക്കബ് തോമസ് ഹൈക്കോടതിയില്‍ ഹാജരാകാന്‍ സാധ്യത ഇല്ല. താന്‍ ആരോപണങ്ങള്‍ അല്ല, വസ്തുതകള്‍ ആണ് പറഞ്ഞത് എന്ന നിലപാടാണ് സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹര്‍ജിയില്‍ ജേക്കബ് തോമസ് ആരോപിച്ചിരിക്കുന്നത്.

ജേക്കബ് തോമസിന് വേണ്ടി ദുഷ്യന്ത് ദാവെ, പ്രശാന്ത് ഭൂഷണ്‍, ഹാരിസ് ബീരാന്‍ എന്നിവര്‍ ഹാജരാകും. അതേസമയം ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ കേസില്‍ സ്‌റ്റേ അനുവദിക്കരുത് എന്ന് കേരള ഹൈക്കോടതി ഇന്ന് സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടേക്കും. കോടതിയലക്ഷ്യ നടപടിയുടെ വിശദാംശങ്ങള്‍ ഇന്ന് ഹൈക്കോടതിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി ഗിരി സുപ്രിം കോടതിയെ അറിയിക്കും.

DONT MISS
Top