സൂപ്പര്‍ കപ്പ്: ഗോകുലം പുറത്തായി

ഭുവനേശ്വര്‍: സൂപ്പര്‍ കപ്പില്‍ കേരളത്തെ പ്രതിനിധീകരിക്കുന്ന രണ്ട് ടീമുകളില്‍ ഒന്നായ ഗോകുലം എഫ്‌സി പുറത്തായി. ശക്തരായ ബംഗളുരു എഫ്‌സിയാണ് ഗോകുലത്തെ തോല്‍പ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബംഗളുരു ഗോകുലത്തെ പരാജയപ്പെടുത്തിയത്.

ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ഗോകുലം രണ്ട് ഗോളുകള്‍ വഴങ്ങിയത്. ആദ്യ ഗോള്‍ നേടിയപ്പോഴേക്കും ടൂര്‍ണമെന്റ് ഐലീഗ് ടീമുകളുടെ ആധിപത്യം ഏതാണ്ട് ഉറപ്പായ മട്ടായി. എന്നാല്‍ അതിശയകരമായി തിരിച്ചുവന്ന ബംഗളുരു എഫ്‌സി ഗോകുലത്തിന്റെ ടൂര്‍ണമെന്റ് പ്രതീക്ഷകള്‍ അസ്തമിപ്പിക്കുകയായാരുന്നു.

33-ാം മിനുട്ടില്‍ ഹെന്റി കിസേക്കയാണ് ഗോകുലത്തിനായി വലകുലുക്കിയത്. ഒന്നാം പകുതിയില്‍ തികഞ്ഞ പ്രതീക്ഷയിലായിരുന്നു ഗോകുലം. എന്നാല്‍ 70-ാം മിനുട്ടില്‍ മിക്കു ബംഗളുരുവിനായി സമനില ഗോളടിച്ചു. പിന്നീടും ഗോകുലം പരമാവധി ശ്രമിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. ഇഞ്ചുറി ടൈമില്‍ ബംഗളുരുവിനായി ഉദാന്ത സിംഗ് ഗോള്‍ നേടിയപ്പോള്‍ ഗോകുലത്തിന്റെ വിധി നിര്‍ണയിക്കപ്പെട്ടു.

നോര്‍ത്ത് ഈസ്റ്റിനെ പരാജയപ്പെടുത്തിയാണ് ഗോകുലം സൂപ്പര്‍കപ്പിലേക്ക് യോഗ്യത നേടിയത്. ബംഗളുരുവിനെതിരെയും മികച്ച ഫോമിലാണ് ഗോകുലം കളിച്ചത്. പരാജയപ്പെട്ടെങ്കിലും ഏവരുടേയും പ്രശംസകള്‍ ഏറ്റുവാങ്ങിയാണ് കേരളത്തിന്റെ സ്വന്തം ടീം ഭുവനേശ്വറില്‍നിന്ന് മടങ്ങുന്നത്.

DONT MISS
Top