യുഎസ് നടപടിയ്ക്ക് തിരിച്ചടി നല്‍കി റഷ്യ; 60 അമേരിക്കന്‍ നയതന്ത്രജ്ഞരെ പുറത്താക്കി

റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവ്

മോസ്‌കോ: 60 നയതന്ത്രജ്ഞരെ അമേരിക്ക പുറത്താക്കിയതിന് പ്രതികാര നടപടിയുമായി റഷ്യ. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 60 അമേരിക്കന്‍ നയതന്ത്രജ്ഞരെ റഷ്യയും പുറത്താക്കി. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലുള്ള അമേരിക്കന്‍ കോണ്‍സുലേറ്റും അടച്ചുപൂട്ടും. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവാണ് ഇക്കാര്യം അറിയിച്ചത്.

മുന്‍ റഷ്യന്‍ ചാരനേയും മകളെയും ബ്രിട്ടനില്‍ വധിക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ് 60 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക പുറത്താക്കിയത്. 60 റഷ്യക്കാരും നയതന്ത്രജ്ഞരെന്ന വ്യാജേന അമേരിക്കയില്‍ പ്രവര്‍ത്തിച്ചിരുന്ന ചാരന്‍മാരാണെന്ന് ആരോപിച്ചാണ് പുറത്താക്കിയത്.

മുന്‍ റഷ്യന്‍ ചാരനേയും മകളെയും വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ബ്രിട്ടനും മോസ്‌കോയും തമ്മില്‍ നയതന്ത്ര യുദ്ധം തുടരവെയാണ് യുഎസിന്റെ നടപടി. അതേസമയം ഫ്രാന്‍സും ജര്‍മ്മനിയും സ്‌പെയിനും ഉള്‍പ്പെടെയുള്ള യുറോപ്യന്‍ രാജ്യങ്ങളും റഷ്യന്‍ നയതന്ത്ര ഉദ്യോസ്ഥരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

റഷ്യന്‍ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട വ്ലാഡിമിര്‍ പുടിനെ കഴിഞ്ഞയാഴ്ച ഡോണള്‍ഡ് ട്രംപ് ഫോണില്‍ വിളിച്ച് അഭിനന്ദനം രേഖപ്പെടുത്തിയിരുന്നു. ഇതിനെ തൊട്ടുപുറകെയാണ് റഷ്യയെ പ്രതിരോധത്തിലാക്കി കൊണ്ടുള്ള അമേരിക്കയുടെ നീക്കം. കഴിഞ്ഞ മാര്‍ച്ച് നാലിനാണ് മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപലിനും മകള്‍ക്കും നേരെ ബ്രിട്ടനില്‍ രാസായുധ പ്രയോഗം നടന്നത്. ഇരുവരും ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top