കോളെജ് വനിതാ പ്രിന്‍സിപ്പാളിനെതിരായി എസ്എഫ്‌ഐ നടത്തിയ വ്യക്തിഹത്യ നിന്ദ്യം: രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

തിരുവനന്തപുരം: കാസര്‍ഗോഡ് കാഞ്ഞങ്ങാട് നെഹ്‌റു കോളെജിലെ പ്രിന്‍സിപ്പാളായിരുന്ന പിവി പുഷ്പജയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചും വിരമിച്ച ദിവസം പടക്കം പൊട്ടിച്ചും അപമാനിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പെരുമാറ്റം അങ്ങേയറ്റം നിന്ദ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വനിതാ പ്രിന്‍സിപ്പാള്‍മാര്‍ക്കെതിരായി എസ്എഫ്‌ഐ തുടരുന്ന വ്യക്തിഹത്യയുടെ ഏറ്റവും ഒടുവിലെ ഇരയാണ് പ്രൊഫസര്‍ പുഷ്പജ. എറണാകുളം മഹാരാജാസില്‍ കസേര കത്തിച്ചും പാലക്കാട് വിക്ടോറിയ കോളെജില്‍ കുഴിമാടം ഒരുക്കുകയും ചെയ്തപ്പോള്‍ ഇന്‍സ്റ്റലേഷന്‍ ആണെന്ന് പറഞ്ഞു ന്യായീകരിക്കുകയാണ് മുതിര്‍ന്ന നേതാക്കള്‍ ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

നെഹ്‌റു കോളെജിന്റെ പ്രവൃത്തി സമയത്ത് കോണ്‍ഫറന്‍സ് ഹാളിന്റെ പൂട്ട്തകര്‍ത്ത് ബലമായി എസ്എഫ്‌ഐ ഏരിയാസമ്മേളനം നടത്തിയതിനെതിരെ ഹോസ്ദുര്‍ഗ് പൊലീസ് സ്‌റ്റേഷനില്‍ പ്രൊഫസര്‍ പുഷ്പജ പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയെടുത്തിരുന്നില്ല. മദ്യപിച്ചു എത്തിയവരെയും പെണ്‍കുട്ടികളെ ആക്രമിച്ചവര്‍ക്കെതിരെയും പ്രിന്‍സിപ്പാള്‍ ആയിരുന്ന കാലത്ത് പുഷ്പജ നടപടി എടുത്തിരുന്നു. തുടര്‍ച്ചയായി ക്ലാസ്സില്‍ എത്താതിരുന്ന ചില എസ്എഫ്‌ഐ നേതാക്കള്‍ക്ക് അനധികൃതമായി ഹാജര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസം കോളേജില്‍ പൂട്ടിയിട്ടാതായി പുഷ്പജ സംഭവം അറിഞ്ഞു ഫോണില്‍ വിളിച്ച് പ്രതിപക്ഷ നേതാവിനോട് പറഞ്ഞു.

അധ്യാപകരെ വ്യക്തിഹത്യ ചെയ്യുന്നതില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുന്നതായി രമേശ് ചെന്നിത്തല പറഞ്ഞു. ഇത്തരം ഗിരുനിന്ദ നടത്തുന്ന വിദ്യാര്‍ത്ഥി നേതാക്കളെ തെറ്റ് തിരുത്തി ശരിയായ മാര്‍ഗത്തില്‍ നയിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തയ്യാറാകണം. ഇഷ്ടമല്ലാത്ത അധ്യാപകരെ ക്രൂശിക്കുന്ന ഫാസിസം അംഗീകരിക്കാനാവില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top