“എല്ലാം എന്റെ തെറ്റ്, ജീവിതകാലം മുഴുവന്‍ ഇത് വേട്ടയാടും”: പൊട്ടിക്കരഞ്ഞ് സ്റ്റീവ് സ്മിത്ത്

പത്രസമ്മേളനത്തിനിടയില്‍ സ്മിത്ത് പൊട്ടിക്കരയുന്നു

സിഡ്‌നി: പന്തില്‍ കൃത്രിമം നടത്തിയ സംഭവത്തില്‍ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുത്ത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം മുന്‍നായകന്‍ സ്റ്റീവ് സ്മിത്ത്. ഈ വലിയ തെറ്റ് തന്നെ തകര്‍ത്തുകളഞ്ഞെന്നും എല്ലാ ഉത്തരവാദിത്വവും താന്‍ ഏല്‍ക്കുകയാണെന്നും പ്രത്യേകം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് സ്മിത്ത് പറഞ്ഞു.

“സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം എനിക്കാണ്. എന്റെ നേതൃത്വത്തിന്റെ പരാജമായിരുന്നു ആ സംഭവം. വലിയ തെറ്റാണ് ഞാന്‍ ചെയ്തത്. അതിന്റെ പ്രത്യാഘാതം ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. എനിക്ക് സംഭവിച്ച തെറ്റും അതുവഴി എനിക്കുണ്ടായ കോട്ടങ്ങളും മറികടക്കാന്‍ ഞാന്‍ എന്നാല്‍ കഴിയുന്നെതല്ലാം ചെയ്യും”.

“ഇതിലൂടെ എന്തെങ്കിലും നല്ലത് സംഭവിച്ചാല്‍, മറ്റുള്ളവര്‍ക്ക് ഇതൊരു പാഠമായാല്‍ ആ മാറ്റത്തിന് കാരണക്കാരന്‍ ഞാനായിരിക്കുമെന്ന് ഉറപ്പുണ്ട്. എന്റെ ജീവിതാവസാനം വരെ ഈ പശ്ചാത്താപം എന്നെ വേട്ടയാടും. ഞാന്‍ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. ഏറെ താമസിയാതെ ഏവരുടേയും ബഹുമാനവും ക്ഷമയും എനിക്ക് നേടിയെടുക്കാനാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച കായിക ഇനമാണ് ക്രിക്കറ്റ്. അത് എന്റെ ജീവനായിരുന്നു, ഇനിയും അങ്ങനെയായിരിക്കുമെന്ന് കരുതുന്നു. ഞാന്‍ ക്ഷമചോദിക്കുന്നു”, വികാരഭരിതമായി സ്മിത്ത് പറഞ്ഞു.

“വിവാദത്തില്‍ ആരെയും കുറ്റപ്പെടുത്താന്‍ ഞാനില്ല. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ ഞാനാണ്. അന്ന് സംഭവിച്ച എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്വം എനിക്കാണ്. ഓസ്‌ട്രേലിയയ്ക്കും ക്രിക്കറ്റ് ആരാധകര്‍ക്കും പൊതുജനത്തിനും ഉണ്ടായ വേദനയ്ക്ക് ഞാന്‍ മാപ്പ് ചോദിക്കുന്നു”.

പന്തില്‍ കൃത്രിമം കാട്ടിയ സംഭവത്തില്‍ സ്മിത്ത്, വാര്‍ണര്‍, ബെന്‍ക്രോഫ്റ്റ് എന്നിവര്‍ക്കെതിരെ ഐസിസിയും ക്രിക്കറ്റ് ഓസ്‌ട്രേലിയയും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സ്മിത്തിനെയും വാര്‍ണറെയും ഒരു വര്‍ഷത്തേക്കും ബെന്‍ക്രോഫ്റ്റിനെ ഒന്‍പത് മാസത്തേക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കിയിരിക്കുകയാണ്. മൂവരെയും ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരിച്ച് വിളിക്കുകയും ചെയ്തു.

DONT MISS
Top