“ആ പണം കൊണ്ട് അദ്ദേഹം സ്വന്തം സിനിമകള്‍ ചിത്രീകരിച്ചു”, ഗൗതം മേനോന്‍ വഞ്ചിച്ചുവെന്ന് കാര്‍ത്തിക് നരേന്‍

ഗൗതം മേനോന്‍, കാര്‍ത്തിക് നരേന്‍

സംവിധായകനും നിര്‍മാതാവുമായ ഗൗതം മേനോന്‍ വഞ്ചിച്ചുവെന്നാരോപിച്ച് സൂപ്പര്‍ഹിറ്റായ ധ്രുവങ്ങള്‍ പതിനാറ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ കാര്‍ത്തിക് നരേന്‍. കാര്‍ത്തിക്കിന്റെ പുതിയ ചിത്രമായ നരഗസുരന്‍ നിര്‍മിക്കുന്നത് ഗൗതം മേനോനാണ്. എന്നാല്‍ പണം തരാമെന്നുപറഞ്ഞ് പ്രൊജക്ട് ആരംഭിച്ചതിനുശേഷം പണം മുടക്കാന്‍ തയാറാകുന്നില്ലെന്നാണ് കാര്‍ത്തിക് പറയുന്നത്. ഗൗതം മേനോനെതിരെ ഗുരുതരമായ സാമ്പത്തിക തിരിമറി ആരോപണങ്ങളും കാര്‍ത്തിക് ആരോപിക്കുന്നു.

ചിലപ്പോള്‍ അസ്ഥാനത്തെ വിശ്വാസം നിങ്ങളെ നശിപ്പിക്കും. ഒരുകാര്യത്തിന് ഇറങ്ങിത്തിരിക്കുന്നതിന് മുമ്പേ ഒന്നിലേറെ തവണ ചിന്തിക്കേണ്ടതുണ്ട്. ചെയ്യാത്ത കുറ്റത്തിന് നമ്മളുടെ ആഗ്രഹം കശാപ്പ് ചെയ്യേണ്ടിവരും എന്ന് കാര്‍ത്തിക് ട്വിറ്ററില്‍ കുറിച്ചു. ഇത് ഗൗതം മേനോനെ ഉദ്ദേശിച്ചാണെന്നുള്ളത് വ്യക്തമായിരുന്നു.

എന്നാല്‍ ഇതിന് ഗൗതം മേനോന്‍ മറുപടി നല്‍കി. ഒരു കൂട്ടുകെട്ടുണ്ടാക്കുന്നതിന് പകരം ചില യുവ സംവിധായകന്‍ ആഗ്രഹങ്ങളെ നശിപ്പിക്കുന്നുവെന്ന് പരിതപിക്കുന്നുവെന്നാണ് ഗൗതം മറുപടി പറഞ്ഞത്. ഇത്രയും കേട്ടതോടെ നിയന്ത്രണം നഷ്ടമായ കാര്‍ത്തിക് കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞു.

ആരും വിശ്വസിക്കരുതെന്ന് പറഞ്ഞിട്ടും ഞാന്‍ അദ്ദേഹത്തെ വിശ്വസിച്ചുവെന്നും നിര്‍മാണം ഏറ്റെടുക്കുന്നതില്‍ ആഹ്ലാദിച്ചുവെന്നും പറയുന്നു കാര്‍ത്തിക്. പത്രത്തില്‍ വരുന്ന പരസ്യത്തില്‍ പോലും ഗൗതം മേനോന്റെ നിര്‍മാണ കമ്പനിയുടെ പേരുണ്ടായിരുന്നു, എന്നാല്‍ പണം മുടക്കിയതുമുഴുവന്‍ താന്‍. അരവിന്ദ് സ്വാമിപോലും പണം വാങ്ങാതെ അഭിനയിച്ചു. തന്റെ പേരില്‍ പലിശക്കാരില്‍നിന്ന് പണം വാങ്ങി ഗൗതം സ്വന്തം ചിത്രങ്ങളായ ധ്രുവനച്ചത്തിരവും എന്നെനോക്കി പായും തോട്ടയും നിര്‍മിച്ചു. എന്നിങ്ങനെ ഗുരുതരമായ ആരോപണങ്ങളുടെ പെരുമഴതന്നെ കാര്‍ത്തിക് ഉന്നയിച്ചു.

ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഗൗതം മേനോന്‍ തയാറായിട്ടില്ല. നേരത്തേയും ഗൗതത്തിന്റെ നിര്‍മാണ കമ്പനിക്കുനേരെ നിരവധി ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. നാലോളം ചിത്രങ്ങള്‍ ത്രിശങ്കുസ്വര്‍ഗത്തിലായ അവസ്ഥയില്‍ നില്‍ക്കുകയാണ്. അതില്‍ രണ്ടെണ്ണം സ്വന്തം സംവിധാനത്തിലുള്ളതും. ഇക്കാര്യങ്ങളേക്കുറിച്ചുള്ള ഗൗതം മേനോന്റെ വിശദീകരണം കാത്തിരിക്കുകയാണ് തമിഴ് സിനിമാ ലോകം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top