പാതാളത്തിലേക്ക് കുതിക്കുന്ന ക്രിക്കറ്റ്

പ്രതീകാത്മക ചിത്രം

കൊച്ചി: ‘ജയപരാജയങ്ങളല്ല, ഏതൊരു കായിക വിനോദവും ഉത്പാദിപ്പിക്കുന്ന സൗന്ദര്യമാണ് പ്രധാനം’ ബ്രസീലിന്റെ ഇതിഹാസ ഫുട്‌ബോള്‍ താരം ഡോ സോക്രട്ടീസ് മന്ത്രം പോലെ ആവര്‍ത്തിക്കുന്നൊരു പല്ലവിയാണിത്. അദ്ദേഹത്തിന്റെ ജീവചരിത്രങ്ങളിലും മാധ്യമങ്ങള്‍ക്ക് നല്‍കിയ എണ്ണമറ്റ അഭിമുഖങ്ങളിലും ഒരു മന്ത്രം പോലെ സോക്രട്ടീസ് ഇതാവര്‍ത്തിക്കുന്നുമുണ്ട്.

1982, 86 വര്‍ഷങ്ങളില്‍ ലോകകപ്പിനെത്തിയ ബ്രസീല്‍ ടീം സമ്പൂര്‍ണമായിരുന്നു. 82-ല്‍ സോക്രട്ടീസ് നായകനുമായിരുന്നു. എല്ലാ പൊസിഷനിലും ഇതിഹാസ സമാനമായ കളിക്കാര്‍. രണ്ടു തവണയും ലോകം ഒന്നടങ്കം പറഞ്ഞു. ഇക്കുറി ബ്രസീലിനാകും കിരീടമെന്ന് ഫുട്‌ബോള്‍ വിദഗ്ധന്മാര്‍ക്കും കാണികള്‍ക്കും അക്കാര്യത്തില്‍ സംശയമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ടീമിന് പ്രാഥമിക റൗണ്ട് പോലും കടക്കാനായില്ല. 86-ല്‍ ആകട്ടെ ഇറ്റലിയോട് ക്വാര്‍ട്ടറില്‍ തോറ്റുമടങ്ങുകയും ചെയ്തു. രണ്ടു തവണയും ബ്രസീലിന്റെ തോല്‍വിയില്‍ ലോകം കരഞ്ഞു. എന്നാല്‍ ടീം കരഞ്ഞില്ല. കാരണം രണ്ടു തവണയും ഫുട്‌ബോള്‍ എന്ന കായിക കലയുടെ മുഗ്ദ്ധ സൗന്ദര്യമെന്തെന്ന് ലോകത്തെ നിസംശയം ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. കിരീടത്തേക്കാള്‍ പ്രധാനമായിരുന്നു അവര്‍ക്കത്. അത്രയ്ക്ക് ചേതോഹരമായിരുന്നു അവരുടെ കളി. ലോകം ഇപ്പോഴും അതോര്‍മിക്കും. കളിയില്‍ ബ്രസീലിന്റെ നിത്യശത്രുവായ മറഡോണ തന്നെയാണ് ഏറ്റവും കൂടുതല്‍ തവണ ആ ടീമുകളെ വാഴ്ത്തിയിട്ടുള്ളതും.

യൂറോപ്യന്‍ ഫുട്‌ബോള്‍ എത്രതന്നെ കലക്കിമറിക്കാന്‍ ശ്രമിച്ചിട്ടും ബ്രസീലിയന്‍ ഫുട്‌ബോളിന്റെ ചാരുത ഒളിമങ്ങാതെ അവശേഷിക്കുന്നു. ഫുട്‌ബോള്‍ എന്ന് കേള്‍ക്കുമ്പോള്‍ ആരാധകര്‍ ഹൃദയത്തില്‍ കൈവച്ച് ബ്രസീല്‍ എന്നാര്‍ത്തു വിളിച്ചു പോകുന്നും അതു കൊണ്ടാണ്. ജയപരാജയങ്ങളല്ല ഒരു കായിക വിനോദത്തേയും താരങ്ങളേയും നില നിര്‍ത്തുന്നത്. അതുല്‍പാദിപ്പിക്കുന്ന സൗന്ദര്യമാണെന്ന കാര്യത്തില്‍ ഇനിയും സംശയങ്ങള്‍ വേണ്ട. ഈ സൗന്ദര്യം തിരിച്ചറിയാനും ആസ്വദിക്കാനും കഴിയുന്നതു കൊണ്ടാണ് ഭൂമിയില്‍ 206 രാജ്യങ്ങളും ഫുട്‌ബോളില്‍ മുഗ്ദ്ധരാകുന്നത്. ജയപരാജയങ്ങളില്‍ അവര്‍ അത്രകണ്ട് ശ്രദ്ധവയ്ക്കുന്നുമില്ല. അതവിടെ വെറും ഒരു സാങ്കേതിക പ്രശ്‌നമായി മാത്രം അവശേഷിക്കുന്നു. അത് ഇനിയും അങ്ങനെ തന്നെ തുടരും.

എല്ലാ കളികളും സൂക്ഷിക്കേണ്ട ചില ധാര്‍മികതകളുണ്ട്. അവയില്‍ വിട്ടു വീഴ്ചയില്ലാതെ ഉറച്ചു നില്‍ക്കുമ്പോഴാണ് ശുദ്ധമായ സൗന്ദര്യത്തെ അതിന് ഉത്പാദിപ്പിക്കാനാവുക. എണ്‍പതുകള്‍ക്ക് മുമ്പ് ക്രിക്കറ്റും അങ്ങനെയായരുന്നു. കളിക്കാരുടെ മിടുക്കും അവര്‍ വീഴ്ചയില്ലാതെ പരിപാലിച്ചിരുന്ന ധാര്‍മികതയും ആ കളിയുടെ സവിശേഷതകളായിരുന്നു. സെഞ്ച്വറി നേടിയാലും വിക്കെറ്റെടുത്താലും ആഹ്ലാദപ്രകടനങ്ങള്‍ പോലും അതിരുകടക്കുമായിരുന്നില്ല. എതിര്‍ ടീമിലെ അംഗങ്ങളെ ആദരിക്കുന്നതിലും അംഗീകരിക്കുന്നതിലും വിട്ടുവീഴ്ചയില്ലാത്ത ശാഠ്യം തന്നെ കളിക്കാര്‍ സൂക്ഷിച്ചിരുന്നു. അമ്പയറുടെ വീഴ്ചകളേപ്പോലും തങ്ങള്‍ക്കനുകൂലമാക്കാന്‍ ടീമുകളോ കളിക്കാരോ തയ്യാറായിരുന്നില്ല. എത്രയോ ഉദാഹരണങ്ങളുണ്ട് ചൂണ്ടിക്കാട്ടാന്‍.

എണ്‍പതുകളോടെ ഇതിനുമാറ്റം വന്നു തുടങ്ങി. തൊണ്ണൂറുകളോടെ പണം കളിയില്‍ ആധിപത്യം സ്ഥാപിച്ചു. അതോടെ ജയപരാജയങ്ങളും കളിക്കാരുടെ വ്യക്തിഗത മികവുകളും മേല്‍ക്കൈ നേടാുവാനും തുടങ്ങി. ഈ നനഞ്ഞ മണ്ണിലേക്ക് കോര്‍പ്പറേറ്റുകളും മാധ്യമങ്ങളും അവരുടെ താത്പര്യങ്ങളും കൂടി ലയിപ്പിക്കാന്‍ തുടങ്ങിയതോടെ ക്രിക്കറ്റ് എന്ന കളി വിട്ടുവീഴ്ചയില്ലാതെ സൂക്ഷിച്ചിരുന്ന ധാര്‍മികതയുടെ കല്ലുകള്‍ക്ക് ഇളക്കം വയ്ക്കാനുമാരംഭിച്ചു. പണം നദിപോലെ ഒഴികിയെത്തിയപ്പോള്‍ എന്തുമാകാം എന്നൊരവസ്ഥയും കൂടി സംജാതമായി.

ഒത്തുകളി, ബോളില്‍ കൃത്രിമം കാട്ടല്‍, സാമ്പത്തിക അഴിമതി, സംഘടനാപരമായ തര്‍ക്കവിതര്‍ക്കങ്ങള്‍ എന്നിവ നിത്യ സംഭവങ്ങളായി. ഇന്ത്യയില്‍ ഐപിഎല്ലുമായി ബന്ധപ്പെട്ട അഴിമതികളും കോടതി ഇടപെടലുകളും താരങ്ങളുടെ ജയില്‍ വാസവും ആരാധകരെ ഗ്യാലറികളില്‍ നിന്നകറ്റിത്തുടങ്ങയിരുന്നു. ഈ സന്ദര്‍ഭത്തിലാണ് സുപ്രിം കോടതി ക്രിക്കറ്റിനെ നേര്‍വഴി നടത്താനുള്ള നടപടികള്‍ ആരംഭിച്ചത്. അതോടെ ഇന്ത്യയില്‍ കാര്യങ്ങള്‍ നേര്‍വഴിക്ക് സഞ്ചരിച്ചു തുടങ്ങുകയും ചെയ്തു. എന്നിട്ടും പഴുതുകള്‍ അന്വേഷിക്കുന്നവരും അത് ഉപയോഗപ്പെടുത്തുന്നവരും വെറുതേയിരിക്കുന്നുമില്ല.

ഇതൊക്കെ ക്രിക്കറ്റ് കളിക്കുന്ന ഏതെങ്കിലും ഒരു രാജ്യത്തിലെ സവിശേഷതകളല്ല. മറിച്ച് എല്ലാ രാജ്യങ്ങളും ഒരു പോലെ പങ്കുവയ്ക്കുന്നവയാണ്. ഇവയൊക്കെ നിയന്ത്രിക്കാന്‍ രാജ്യങ്ങള്‍ക്കെല്ലാം സംഘടനകളുണ്ട്. ആ സംഘടനകളെ നിയന്ത്രിക്കാന്‍ അതിനുമുകളില്‍ മറ്റൊരു വലിയ സംവിധാനവും. പക്ഷേ പണത്തിന്റേയും അധികാരത്തിന്റേയും പകിട്ടിലും ഗര്‍വിലും ഇതൊക്കെ പലപ്പോഴും അപ്രസക്തമാകുന്ന കാഴ്ചകളാണ് നമ്മുടെ മുന്നിലുള്ളത്.

നേരത്തെ നടന്ന സമാന സംഭവങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. 1994-ല്‍ ലോഡ്‌സില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റില്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കേല്‍ ആര്‍തര്‍ട്ടണ്‍ പന്തില്‍ കൃത്രിമം കാണിച്ചിരുന്നു. സമഭവം വിവാദമായപ്പോള്‍ യുക്തിരഹിതമായ ചിലകാര്യങ്ങള്‍ പറഞ്ഞ് ഒഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നു അദ്ദേഹം. പക്ഷേ അത് വിജയിച്ചില്ല. ഒടുവില്‍ രണ്ടായിരം പൗണ്ട് പിഴയായി നല്‍കേണ്ടിവന്നു ആതര്‍ട്ടണ്.

2011-ല്‍ ഇത്തരമൊരു വിവാദത്തില്‍ സച്ചിനും കുടുങ്ങി. പോര്‍ട്ട് എലിസബത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ രാണ്ടാം ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാണിച്ചെന്നാരോപിച്ച് മാച്ച് റഫറി മൈക്ക് ഡെന്നീസ് സച്ചിനെ ഒരു കളിയില്‍ നിന്ന് വിലക്കി. പന്തിലെ തുന്നല്‍ പറിച്ചെടുക്കുന്നത് ടിവി ക്യാമറയില്‍ കണ്ടു എന്നായിരുന്നു ആരോപണം. പന്തില്‍ പറ്റിപ്പിടിച്ചിരുന്ന പുല്ല് തട്ടിക്കളയുകയായിരുന്നു എന്ന് സച്ചിന്‍ മറുപടി പറഞ്ഞു. ആരോപണത്തിന് വംശീയച്ചുവകൂടി വന്നതോടെ ഡെന്നീസിനെ ഐസിസി വിലക്കി. മത്സരത്തിന്റെ ടെസ്റ്റ് പദവിയും റദ്ദാക്കി. സച്ചിനെ പിന്നീട് ഐസിസി കുറ്റവിമുക്തനാക്കി.. 2006, 2010 വര്‍ഷങ്ങളിലും സമാനാരോപണങ്ങളുണ്ടായി. പക്ഷെ ശിക്ഷകള്‍ കുറ്റവാളികളെ പിന്നേയും കുറ്റങ്ങള്‍ക്ക് കൂസലില്ലാതെ പ്രേരിപ്പിക്കുന്നവയായിരുന്നു എന്നുമാത്രം.

ഇങ്ങനെ, ലോകക്രിക്കറ്റാകെ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുമ്പോഴാണ് ഓസ്ട്രലിയ വിവാദത്തില്‍പ്പെടുന്നത്. അത്യന്തം ഗുരുതരമായ നടപടിയാണ് ഓസ്‌ട്രേലിയയില്‍ നിന്നുണ്ടായിരിക്കുന്നത്. ക്രിക്കറ്റിന് മാത്രമല്ല രാജ്യത്തിനുതന്നെ അപമാനമെന്ന നിലയില്‍ ഓസ്‌ട്രേലിയന്‍ ഭരണകൂടമത് കൈകാര്യം ചെയ്യുകയും ചെയ്തു. സ്വാര്‍ത്ഥമായൊരു നേട്ടത്തിനു വേണ്ടി ഒരു കളിക്കാരന്‍ ചെയ്ത അപരാധമല്ലത്. നായകന്‍ സ്മിത്ത് തന്നെ സമ്മതിച്ചതുപോലെ ടീമിലെ മുതര്‍ന്ന താരങ്ങള്‍ എടുത്തൊരു തീരുമാനമായിരുന്നു അത്. തരതമ്യേന ജൂനിയറായൊരു കളിക്കാരനെകൊണ്ട് അത് നടപ്പില്‍ വരുത്തിക്കുക മാത്രമായിരുന്നു. ക്യമാറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞത് കൊണ്ടുമാത്രം പുറത്തുവന്ന സംഭവമാണിത്. സര്‍ക്കാരും മുതിര്‍ന്ന താരങ്ങളും ക്രിക്കറ്റ് ലോകമാകേയും രംഗത്തുവന്നു. അന്വേഷണവും നടപടിയുമായി. സ്മിത്തിനും വാര്‍ണര്‍ക്കും ഓരോവര്‍ഷം വിലക്ക്, പന്തു കേടുവരുത്തിയ ബാന്‍ക്രോഫ്റ്റിന് ഒമ്പതുമാസവും.

എത്ര ലളിതമായിട്ടാണ് വിഷയത്തെ ക്രിക്കറ്റ് ഓസ്‌ട്രേലിയ വിഷയത്തെ കാണുന്നതെന്ന് ശിക്ഷാ നടപടിയുടെ ലഘുത്വം വ്യക്തമാക്കുന്നു. ആജീവനാന്തവിലക്ക് അര്‍ഹിക്കുന്ന സംഭവമാണെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടാകുമെന്ന് തോന്നുന്നില്ല. കളിയില്‍ ഇത്തരം കള്ളക്കളികള്‍ തെഴുക്കുന്നതിന്റെ കാരണവും ഇതാവാം. എന്തായാലും സമ്പൂര്‍ണമായൊരു പൊളിച്ചെഴുത്താണ് ക്രിക്കറ്റ് ആവശ്യപ്പെടുന്നത്. അല്ലെങ്കില്‍ അതിന് ചരമഗീതമെഴുതാന്‍ അധികനാള്‍ വേണ്ടിവരില്ല. സോക്രട്ടീസ് പറഞ്ഞപോലെ എല്ലാകളിയും കളിക്കാരും അതിന്റെ സൗന്ദര്യത്തില്‍ ഊന്നട്ടെ. ജയപരാജയങ്ങള്‍ അപ്പോള്‍ അപ്രസക്തമാകും. തോല്‍വിയില്‍ ലജ്ജതോന്നുന്നത് അതില്‍ അടങ്ങിയിരിക്കുന്ന വിജയത്തിന്റെ വലിയ പാഠങ്ങള്‍ കാണാത്തതുകൊണ്ട് മാത്രമാണ്. തോല്‍വിയെ ഭയപ്പെടേണ്ടതില്ല. ധാര്‍മികയില്ലാത്തിടത്ത് സൗന്ദര്യമുണ്ടാവില്ലെന്ന പാഠം കൂടി കായിക താരങ്ങള്‍ ഓര്‍ക്കട്ടെ.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top