ജെഎന്‍യു വിദ്യാര്‍ഥി നജീബിന് ഐഎസ് ബന്ധം ആരോപിച്ച് വാര്‍ത്ത: മാധ്യമങ്ങള്‍ക്കെതിരേ അമ്മ കേസുമായി കോടതിയില്‍

മകന്റെ ചിത്രവുമായി പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന ഫാത്തിമ നഫീസ് (ഫയല്‍)

ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല(ജെഎന്‍യു) വിദ്യാര്‍ത്ഥിയായ നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ നജീബ് അഹമ്മദിന്റെ മാതാവ് ഫാത്തിമ നഫീസ്
ദില്ലി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. നജീബിന് ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ ടൈംസ് ഓഫ് ഇന്ത്യ, ടൈംസ് നൗ, ആജ് തക്ക് എന്നീ മാധ്യമസ്ഥാപനങ്ങളക്കെതിരേയാണ് അമ്മ കോടതിയെ സമീപിച്ചത്.

വാര്‍ത്തകള്‍ പിന്‍വലിച്ചു മാപ്പുപറയുകയും നഷ്ടപരിഹാരമായി 2.2കോടി രൂപ നല്‍കണമെന്നുമാണ് ഫാത്തിമ നഫീസിന്റെ ആവശ്യം.

ജെഎന്‍യുവിലെ എംഎസ്‌സി ബയോടെക്‌നോളജി വിദ്യാര്‍ത്ഥിയായിരുന്ന നജീബിനെ 2016  ഒക്ടോബര്‍ 15-നാണ് കാണാതാകുന്നത്. എബിവിപി പ്രവര്‍ത്തകരുമായി സംഘര്‍ഷമുണ്ടായതിനു ശേഷമാണ് നജീബിനെ കാണാതാകുന്നത്. ഈ സംഭവത്തിനു ശേഷം നജീബ് മാനസിക ത്തിലായിരുന്നുവെന്നും ഇതിന് ചികിത്സ തേടിപോയതാണെന്നുമായിരുന്നു പൊലീസ് ഭാഷ്യം. എന്നാല്‍ നജീബിന്റെ അമ്മ ഇത് തള്ളിയിരുന്നു. പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന ആരോപണവും ഫാത്തിമ നഫീസ് ഉന്നയിച്ചിരുന്നു.

തുടര്‍ന്ന് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഫാത്തിമ ഹൈക്കോടതിയെ സമീപിക്കുകയും കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. കേസില്‍ സിബിഐ അന്വേഷണം
നടന്നുകൊണ്ടിരിക്കുകയാണ്. ദില്ലി പോലീസിന്റെ അന്വേഷണത്തില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് നജീബിന്റെ അമ്മ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയെ സമീപിച്ചത്.

DONT MISS
Top