പി ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കീഴടങ്ങി

പി ജയരാജന്‍

കണ്ണൂര്‍: സിപിഐഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ എടുത്തെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ തലശേരി കതിരൂര്‍ സ്വദേശി പ്രനൂബ് ബാബു കീഴടങ്ങി. കൂത്തുപറമ്പ് കോടതിയില്‍ കീഴടങ്ങിയ പ്രനൂബിനെ റിമാന്‍ഡ് ചെയ്തു.

സിപിഐഎം വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറിയും പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന മോഹനനെ കൊലപ്പെടുത്തിയ കേസിലാണ് പ്രനൂബ് കീഴടങ്ങിയത്. ഈ കേസില്‍ പതിമൂന്നാം പ്രതിയാണ് പ്രനൂബ്.

അതേസമയം, സിപിഎം ജില്ലാ സെക്രട്ടറിയെ വധിക്കാന്‍ പദ്ധതി തയാറാക്കിയെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

മാര്‍ച്ച് 17 നാണ് പി ജയരാജന് വധഭീഷണിയുണ്ടെന്ന് കാട്ടി പൊലീസ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ജയരാജനെ വധിക്കാന്‍ പ്രനൂബ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തെ പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെ നിയോഗിച്ചെന്നാണ് ജില്ലാ പൊലീസ് മേധാവി അടിയന്തരപ്രാധാന്യത്തോടെ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ സര്‍ക്കുലറിനെതിരെ ബിജെപി രംഗത്ത് വന്നിരുന്നു. കണ്ണൂരില്‍ കലാപം ഉണ്ടാക്കുവാനും ജയരാജനെ മഹത്വവത്കരിക്കാനുമാണ് നീക്കമെന്ന ബിജെപി കുറ്റപ്പെടുത്തി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top