ഒടിയന്റെ മടയില്‍ ചെന്ന് ലൂസിഫറിനെ അവതരിപ്പിച്ച് പൃഥ്വി; അടുത്ത ഐറ്റത്തിന് റെഡിയായികൊളളാന്‍ ആരാധകരും


ഒടിയന് പിന്നാലെ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം പ്രചരിക്കുന്നത്. മോഹന്‍ലാലും പൃഥ്വിരാജും ഒന്നിയ്ക്കുന്ന പൃഥ്വി ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ലൂസിഫര്‍ ഉടന്‍ പ്രേക്ഷകരിലേയ്‌ക്കെത്തുമെന്ന വാര്‍ത്തയാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവെയ്ക്കുന്നത്.

ഒടിയന്റെ ലൊക്കേഷനിലെത്തിയ പൃഥ്വിരാജും മുരളീ ഗോപിയും ലൂസിഫറിന്റെ തിരക്കഥയുടെ പൂര്‍ണരൂപം മോഹന്‍ലാലിന് നല്‍കിയിരിക്കുകയാണ്. പിന്നീട് മോഹന്‍ലാലും പൃഥ്വിരാജും  ഇക്കാര്യം ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കുകയും ചെയ്തു. ചിത്രത്തിന്റെ തിരക്കഥാകൃത്തും നടനുമായ മുരളീ ഗോപിയും, നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും വീഡിയോയില്‍ ഉണ്ടായിരുന്നു.

ലൂസിഫറിന്റെ അവസാനഘട്ട ചര്‍ച്ചയിലാണ് തങ്ങളെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളീ ഗോപി പറയുന്നു. ഇത്രയും നാള്‍ താനും മുരളിയും മനസ്സില്‍ കൊണ്ടുനടന്ന ചിത്രം ഇന്നാണ് മോഹന്‍ലാലിനെ വായിച്ചുകേള്‍പ്പിക്കുന്നതെന്നായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം. അതേസമയം ലൂസിഫര്‍ നല്ലൊരു ചിത്രമായിരിക്കുമെന്ന ഉറപ്പുണ്ടെന്നായിരുന്നു മോഹന്‍ലാല്‍ പ്രതികരിച്ചത്. ചിത്രം സ്ഥിരീകരിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് വീഡിയോ പ്രേക്ഷകരുടെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തിയിരിക്കുകയാണ്. അതേസമയം ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

DONT MISS
Top