കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് മെയ് 12ന്, വോട്ടെണ്ണല്‍ 15 ന്

പ്രതീകാത്മക ചിത്രം

ദില്ലി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മെയ് 12 നാണ് കര്‍ണാടയകയില്‍ വോട്ടെടുപ്പ് നടക്കുന്നത്. 15 നാണ് വോട്ടെണ്ണല്‍. ഒറ്റഘട്ടമായാണ് കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ദില്ലിയില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒപി റാവത്താണ് തീയതികള്‍ പ്രഖ്യാപിച്ചത്. അതേസമയം, ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ തീയതി തീരുമാനിച്ചിട്ടില്ലെന്ന് കമ്മീഷണര്‍ അറിയിച്ചു.

ഇതോടെ കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് കര്‍ണാടകയില്‍ ഭരണത്തിലുള്ളത്. മെയ് 28 നാണ് കര്‍ണാടക നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്.

തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്ന ഏപ്രില്‍ 17 മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ഏപ്രില്‍ 24 നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. 25 ന് സൂക്ഷ്മപരിശോധന നടത്തും. 27 ആണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി.

കര്‍ണാടകയില്‍ ഇത്തവണ 4.96 കോടി വോട്ടര്‍മാരാണ് ഉള്ളത്. കര്‍ണടകയിലെ വോട്ടെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോയും ഉണ്ടാകും. ഇംഗ്ലീഷിലും കന്നഡയിലുമുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും വിവിപാറ്റ് വോട്ടിംഗ് യന്ത്രങ്ങളാവും ഉപയോഗിക്കുക. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സ്ഥാനാര്‍ത്ഥികള്‍ക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 28 ലക്ഷമായിരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top