കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയം ഇന്ന് ലോക്‌സഭയുടെ പരിഗണനയ്ക്ക്

ലോക്‌സഭ(ഫയല്‍ ചിത്രം)

ദില്ലി: കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയ നോട്ടീസ് ഇന്ന് ലോക്‌സഭയുടെ പരിഗണനയ്ക്ക് വന്നേക്കും. വൈഎസ്ആര്‍ കോണ്‍ഗ്രസിനും ടിഡിപിക്കും കോണ്‍ഗ്രസിനും പിന്നാലെ സിപിഐഎമ്മും കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി കഴിഞ്ഞു. ലോക്‌സഭ നടപടികള്‍ തടസ്സപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി എഐഎഡിഎംകെയും രംഗത്തുണ്ട്.

ആന്ധ്രക്ക് പ്രത്യേക പദവി നല്‍കും എന്ന വാഗ്ദാനം മോദി സര്‍ക്കാര്‍ ലംഘിച്ചു എന്നാരോപിച്ചാണ് വൈഎസ്ആര്‍ കോണ്‍ഗ്രസും, ടിഡിപിയും അവിശ്വാസ പ്രമേയം കൊണ്ട് വരുന്നത്. അന്‍പത് അംഗങ്ങളുടെ പിന്തുണ ഉണ്ടെങ്കില്‍ മാത്രമേ അവിശ്വാസ പ്രമേയത്തിന് ലോക്‌സഭാ സ്പീക്കര്‍ അവതരണ അനുമതി നല്‍കുകയുള്ളൂ. ലോക്‌സഭയില്‍ ടിഡിപക്ക് 15 അംഗങ്ങളും, വൈഎസ്ആര്‍ കോണ്‍ഗ്രസിന് എട്ട് അംഗങ്ങളും ആണ് ഉള്ളത്. പ്രമേയത്തിന് പിന്തുണ നല്‍കും എന്ന് കോണ്‍ഗ്രസ്സും ഇടത് പാര്‍ട്ടികളും വ്യക്തമാക്കിയിട്ടുണ്ട്.

മാര്‍ച്ച് 23 നാണ് കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് നോട്ടീസ് നല്‍കിയത്. ഇന്നലെയാണ് സിപിഐഎം അവിശ്വാസപ്രമേയത്തിനുള്ള നോട്ടീസ് നല്കിയത്. കോണ്‍ഗ്രസ് കൂടി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയതോടെ അവിശ്വാസപ്രമേയത്തിന് 50 തില്‍ അതിധം അംഗങ്ങളുടെ പിന്തുണ ഉറപ്പായി. എന്നാല്‍ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ബഹളം വെക്കല്‍ തുടര്‍ന്നാല്‍ ഇന്നും പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുമോ എന്ന് വ്യക്തമല്ല.

DONT MISS
Top