പന്തില്‍ കൃത്രിമം: സ്മിത്തിനെതിരെ ഐസിസിയുടേത് മൃദു സമീപനമെന്ന് ഗാംഗുലി

സൗരവ് ഗാംഗുലി, സ്റ്റീവ് സ്മിത്ത്

ദില്ലി: പന്തില്‍ കൃത്രിമം കാട്ടിയതിന് ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെതിരെ മൃദു സമീപനമാണ് ഐസിസിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. വിവാദത്തെ തുടര്‍ന്ന് സ്മിത്തിന് ഐസിസി നിലവില്‍ ഒരു ടെസ്റ്റില്‍ വിലക്കും, മാച്ച് ഫീയുടെ നൂറ് ശതമാനം പിഴയുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എനിക്ക് തോന്നുന്നത് ഇത് തീര്‍ത്തും മൃദു സമീപനമായി പോയെന്നാണ്, ഇന്ത്യ ടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഗാംഗുലി വ്യക്തമാക്കി. പന്തില്‍ കൃത്രിമം കാട്ടിയ സംഭവം ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്. വാതുവയ്‌പോളം ക്രിമിനല്‍ കുറ്റവുമല്ല ഇത്. പക്ഷെ ഇവിടെ നഷ്ടപ്പെട്ടിരിക്കുന്നത് വിശ്വാസ്യതയാണ്. ഈ അപമാനം അവരെ ജീവിതകാലം മുഴുവന്‍ വേട്ടയാടും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

ഐസിസിയുടെ നടപടിക്കെതിരെ നേരത്തെ ഹര്‍ഭജന്‍ സിംഗും രംഗത്തെത്തിയിരുന്നു. എല്ലാ തെളിവുകളും ഉണ്ടായിരുന്നിട്ടും ബെന്‍ക്രോഫ്റ്റിനെ വിലക്കിയില്ല. 2001 ല്‍ ദക്ഷിണാഫ്രിക്കയുടെ അപ്പീല്‍ മാത്രം പരിഗണിച്ച് തെളിവുകളൊന്നും ഇല്ലാതിരുന്നിട്ടും കൂടി ആറ് ഇന്ത്യന്‍ താരങ്ങളെയാണ് വിലക്കിയത്. 2008 സിഡ്‌നിയിലും ചെയ്യാത്ത തെറ്റിന് മൂന്ന് മത്സരങ്ങളില്‍ നിന്നാണ് വിലക്കിയത്. ഓരോരുത്തര്‍ക്കും ഓരോ നിയമമാണോ, ഹര്‍ഭജന്‍ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം പന്ത് ചുരണ്ടല്‍ വിവാദത്തില്‍ സ്റ്റീവന്‍ സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കുമെതിരെ കടുത്ത നടപടികള്‍ക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഇരുവര്‍ക്കും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. സംഭവം ലോകത്തിന് മുന്നില്‍ ഓസ്‌ട്രേലിയയെ നാണം കെടുത്തിയ സാഹചര്യത്തിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ കടുത്ത നടപടികള്‍ ആലോചിക്കുന്നത്.

സംഭവം വന്‍വിവാദമായതിനെ തുടര്‍ന്ന് സ്മിത്തും വാര്‍ണറും ടീമിന്റെ നായക-ഉപനായക പദവികള്‍ രാജിവെച്ചിരുന്നു. ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് ഇരുവരെയും പുറത്താക്കിയത്. സംഭവത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ച അന്വേഷണം പുരോഗമിക്കുകയാണ്. വിവാദത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ നായക സ്ഥാനം തെറിച്ചതിന് പിന്നാലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ പദവിയും സ്മിത്തിന് നഷ്ടമായിരുന്നു. ബെന്‍ക്രോഫ്റ്റിന് 75 ശതമാനം പിഴയാണ് ഐസിസി ഈടാക്കിയിട്ടുള്ളത്.

മത്സരത്തിനിടെ പന്തില്‍ കൃത്രിമം നടത്തിയെന്ന് ക്യാപ്റ്റന്‍ സ്മിത്ത് തന്നെ വാര്‍ത്താസമ്മേളനം വിളിച്ച് വെളിപ്പെടുത്തുകയായിരുന്നു. കേപ് ടൗണ്‍ ടെസ്റ്റിന്റെ മൂന്നാം ദിനം ഓസീസ് ഓപ്പണര്‍ കൂടിയായ ബെന്‍ ക്രോഫ്റ്റാണ് പന്തില്‍ കൃത്രിമം നടത്തിയത്. ആതിഥേയര്‍ ശക്തമായ നിലയിലേക്ക് നീങ്ങവെയാണ് മത്സരം കൈവിടാതിരിക്കാന്‍ ഓസീസ് താരങ്ങള്‍ പന്തില്‍ കൃത്രിമം നടത്തിയത്. മുന്‍കൂട്ടി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു കൃത്രിമം കാട്ടിയതെന്ന് സ്മിത്ത് വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിന്റെ 43ാം ഓവറിലാണ് സംഭവം നടന്നത്. മഞ്ഞ നിറമുള്ള ഒരു വസ്തു ഉപയോഗിച്ച് പന്ത് മിനുസപ്പെടുത്തുന്നത് വീഡിയോകളില്‍ നിന്ന് വ്യക്തമാണ്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അമ്പയര്‍മാരായ നൈജല്‍ ലോങും റിച്ചാര്‍ഡ് ഇല്ലിംഗ്‌വര്‍ത്തും ബെന്‍ക്രോഫ്റ്റുമായി സംസാരിച്ചു. എന്നാല്‍ യഥാര്‍ത്ഥ വസ്തുവിന് പകരം സണ്‍ഗ്ലാസ് ഇടുന്ന മൃദുലമായ പൗച്ചാണ് ക്രോഫ്റ്റ് അമ്പയര്‍മാരെ കാണിച്ചത്. പക്ഷെ വിവാദം കൊഴുത്തതോടെ സ്മിത്ത് സത്യം വെളിപ്പെടുത്തി രംഗത്തെത്തുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top