പൊലീസ് അതിക്രമം: ഉത്തരവാദികള്‍ക്കെതിരേ കര്‍ശന നടപടിയെന്ന് ഡിജിപി

ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് നേര്‍ക്ക് അതിക്രമം നടത്തുന്ന പൊലീസുകാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.

ആലപ്പുഴ കഞ്ഞിക്കുഴിക്ക് സമീപം ബൈക്ക് തടയാന്‍ ശ്രമിച്ച പൊലീസുകാരുടെ നടപടക്കിടെ രണ്ടുപേര്‍ അപകടത്തില്‍പ്പെട്ട് മരിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് ഇത്തരം അതിക്രമം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി അറിയിച്ചത്.

ഈ മാസം പതിനൊന്നാം തിയതി പുലര്‍ച്ചെ ആണ് ആലപ്പുഴയില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ ബൈക്ക് അപകടമുണ്ടായത്. പുലര്‍ച്ചെ പ്രദേശത്ത് വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം കണിച്ചുകുളങ്ങരക്ഷേത്രത്തില്‍ നിന്ന് മടങ്ങുകയായിരുന്ന കഞ്ഞിക്കുഴി സ്വദേശി ഷേബുവിന്റെ ബൈക്ക് തടയുകയായിരുന്നു. നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പൊലീസ് ജീപ്പില്‍ ബൈക്കിനെ പിന്തുര്‍ന്ന കുത്തിയതോട് എസ്‌ഐ സോമന്റെ നേതൃത്വത്തിലുണ്ടായിരുന്ന പൊലീസ് സംഘം ജീപ്പ് കുറുകെയിട്ട് ബൈക്ക് തടയുകയായിരുന്നു. ഈ സമയം മറ്റൊരുബൈക്ക് ഷേബുവിന്റെ ബൈക്കിലിടിക്കുകയും രണ്ട് ബൈക്കുകളിലുണ്ടായിരുന്നവരും അപകടത്തില്‍പ്പെടുകയുമായിരുന്നു. ഷേബുവിന്റെ ബൈക്കില്‍ ഇടിച്ച ബൈക്ക് ഓടിച്ചിരുന്ന ആലപ്പുഴ പാതിരപ്പള്ളി സ്വദേശി ബിച്ചു റോഡില്‍ തലയടിച്ച് വീണ് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഷേബുവിന്റെ ഭാര്യ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരിച്ചു.

സംഭവത്തെ തുടര്‍ന്ന് പൊലീസ് സംഘത്തിലുണ്ടായിരുന്ന എസ്‌ഐ സോമനെ ഇന്നലെ സസ്‌പെന്റ് ചെയ്തിരുന്നു. ആലപ്പുഴയിലേതിന് സമാനമായ സംഭവങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്ന് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ പ്രസ്താവന.

സം​സ്ഥാ​ന​ത്ത് ന​ട​ന്ന സം​ഭ​വ​ങ്ങ​ൾ ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​റ്റ​ക്കാ​രെ ശി​ക്ഷി​ക്കു​മെ​ന്നും ഒ​രാ​ൾ മാ​ത്രം ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​തു​കൊ​ണ്ട് കാ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ഷ​യം പ​രി​ശോ​ധി​ക്കാ​ൻ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ക്കും. വാ​ഹ​ന പ​രി​ശോ​ധ​ന​ക​ളി​ലെ അ​പാ​ക​ത പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അതേസമയം, പൊലീസ് അതിക്രമം ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ക്രമസമാധാനപരിപാലനം തകര്‍ന്നെന്ന് ആരോപിച്ച് പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ചിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനത്ത് പൊലീസിനെ കയറൂരി വിട്ട അവസ്ഥയാണെന്നും അച്ചടക്കം പഠിപ്പിക്കുന്ന ഡിജിപി പോലും ഒന്നും കാര്യമായി എടുക്കുന്നില്ലെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയ്ക്ക് ഉത്തരവാദി സര്‍ക്കാരാണെന്നും അശ്ലീലമാണ് പൊലീസിന്റെ ഔദ്യോഗിക ഭാഷയെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.

എന്നാല്‍ മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ആഭ്യന്തരവകുപ്പിന് വേണ്ടി മറുപടി പറഞ്ഞ മന്ത്രി എകെ ബാലന്‍ പ്രതിപക്ഷത്തിന്റെ ആരോപണം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ക്രമസമാധാന നില ഭദ്രമാണ്.  അതിക്രമം നടത്തുന്നവരെ പൊലീസ് സേനയില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ മന്ത്രി എകെ ബാലന്‍കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടികള്‍ കൈകൊണ്ടിട്ടുണ്ടെന്നും പറഞ്ഞു.

എന്നാല്‍ ഒറ്റപ്പെട്ട ചില തെറ്റായ പ്രവണതകള്‍ പൊലീസില്‍ ഇല്ലെന്ന് പറയുന്നില്ലെന്ന് മന്ത്രി തിരുവഞ്ചൂരിന് മറുപടി നല്‍കി. പൊലീസിന്റെ പെരുമാറ്റം സംബന്ധിച്ച് വ്യക്തമായ ഉത്തരവുണ്ടെന്നും എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ അത് ഉള്‍ക്കൊള്ളാതെയാണ് പെരുമാറുന്നതെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തോടെ സ്പീക്കര്‍ അടിയന്തര പ്രമേയം അനുവദിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപോയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top