അമിതവേഗതയില്‍ കാറോടിച്ചയാള്‍ക്ക് പിഴ 1.82 ലക്ഷം രൂപ; ഒരു വര്‍ഷം നിയമം തെറ്റിച്ചത് 127 തവണ

ഹൈദരാബാദ്: അമിത വേഗതയില്‍ വാഹനമോടിച്ച ഹൈദരാബാദ് സ്വദേശിക്ക് പിഴ 1.82 ലക്ഷം രൂപ. ഒരു വര്‍ഷത്തിനിടെ തിരക്കേറിയ റോഡില്‍ 127 തവണയാണ് ഇയാള്‍ അമിതവേഗതയില്‍ വാഹനമോടിച്ചിട്ടുള്ളത്. ഒരിക്കല്‍പ്പോലും ട്രാഫിക് പൊലീസിന് പിടികൊടുക്കാതെയാണ് ഇയാളുടെ മരണപ്പാച്ചില്‍. എന്നാല്‍ ഓരോ തവണയും പിന്നാലെ പോകാതെ പൊലീസ് നിയമം തെറ്റിച്ചതിന് പിഴ ചുമത്തുകയായരുന്നു.

അമിതവേഗതക്കാരെ പിടികൂടുന്നതിന് നഗരത്തില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകളില്‍ പലതവണ ഇയാളുടെ കാര്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അപകട സാധ്യതയുള്ള റോഡുകളില്‍ പോലും ഇയാള്‍ അമിത വേഗതയിലാണ് വണ്ടിയോടിക്കാറുള്ളതെന്ന് പൊലീസ് പറയുന്നു.

അമിതവേഗതയുടെ പേരില്‍ പിടിക്കപ്പെടുമ്പോള്‍ ഒരു തവണ 1435 രൂപയാണ് പിഴയായി അടയ്‌ക്കേണ്ടത്. ഇങ്ങനെ ഒരു വര്‍ഷം 127 തവണ റോഡ് നിയമങ്ങള്‍ തെറ്റിച്ച് അമിത വേഗതയില്‍ വണ്ടിയോടിച്ചതിന് ആകെ 1.83 ലക്ഷം രൂപയാണ് ഇയാള്‍ പിഴയടയ്‌ക്കേണ്ടത്.

സിസിടിവിദൃശ്യങ്ങള്‍ പരിശോധിച്ച് ഓരോ തവണയും അമിത വേഗതയുടെ പേരില്‍ പിഴ ചുമത്തിയിട്ടുള്ളതായി കാണിച്ച് ഇയാള്‍ സന്ദേശമയച്ചിട്ടുണ്ട്. വാഹനം രജിസ്റ്റര്‍ ചെയ്തപ്പോള്‍ ചേര്‍ത്തിരിക്കുന്ന നമ്പറിലാണ് സന്ദേശങ്ങള്‍ അയച്ചിരിക്കുന്നത്. എന്നാല്‍ ഇയാള്‍ ഇതുവരെ പിഴയടയ്ക്കുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ല.

ഒരുപക്ഷേ രജിസ്റ്റര്‍ ചെയ്ത സമയത്ത് നല്‍കിയ നമ്പര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ സന്ദേശങ്ങള്‍ ഇയാള്‍ കണ്ടിട്ടുണ്ടാവില്ലെന്നാണ് പൊലീസിന്റെ സംശയം. പക്ഷേ എന്തുതന്നെയായാലും പിഴ അടയ്ക്കാന്‍ ഇനിയും വൈകിയാല്‍ വണ്ടി പിടിച്ചെടുക്കുന്ന നടപടിയിലേക്ക് നീങ്ങുമെന്ന് പൊലീസ് പറയുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top