ഫെയ്‌സ്ബുക്കിനെ ഇപ്പോഴും വിശ്വസിക്കുന്നതിന് നന്ദി; പത്രപരസ്യങ്ങളിലൂടെ വീണ്ടും മാപ്പ് പറഞ്ഞ് സക്കര്‍ബര്‍ഗ്

ലണ്ടന്‍: ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ രാഷ്ട്രീയ ആവശ്യത്തിനായി ദുരുപയോഗം ചെയ്‌തെന്ന സംഭവത്തില്‍ വീണ്ടും മാപ്പ് പറഞ്ഞ് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ബ്രിട്ടനിലെ എല്ലാ പത്രങ്ങളിലും നല്‍കിയ മുഴുവന്‍ പേജ് പരസ്യത്തിലൂടെയാണ് സക്കര്‍ബര്‍ഗിന്റെ മാപ്പ് പറച്ചില്‍.

”നിങ്ങളുടെ വിവരങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ ഉത്തരവാദിത്വം ഞങ്ങള്‍ക്കുണ്ടെന്നും ഞങ്ങള്‍ക്കതിന് സാധിക്കുന്നില്ല എങ്കില്‍ ഞങ്ങളത് അര്‍ഹിക്കുന്നില്ല” എന്ന വാചകത്തോടെ സക്കര്‍ബര്‍ഗിന്റെ ഒപ്പോടുകൂടിയുള്ള പരസ്യമാണ് പത്രങ്ങളില്‍ നല്‍കിയിരിക്കുന്നത്.2016ലെ യുഎസ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ സഹായിക്കുന്നതിനായി വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്കയെന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനം ചോര്‍ത്തിയെന്ന വെളിപ്പെടുത്തലാണ് നിലവില്‍ ഫെയ്‌സ്ബുക്കിനെ കുരുക്കിലാക്കിയിരിക്കുന്നത്.

ഫെയ്‌സ്ബുക്കിന്റെ ലോഗോയ്‌ക്കൊപ്പമുള്ള ക്ഷമാപണ സന്ദേശമടങ്ങുന്നതാണ് പരസ്യം. 2014ല്‍ കേംബ്രിഡ്ജ് സര്‍വകലാശാല ഗവേഷകനായ അലക്‌സാണ്ടര്‍ കോഗന്‍ നിര്‍മിച്ച ക്വിസ് പ്രോഗ്രാം വഴി ശേഖരിച്ച വിവരങ്ങളാണ് ചോര്‍ത്തപ്പെട്ടത്. 2014ല്‍ നടന്ന സംഭവത്തില്‍ നടപടികളൊന്നും സ്വീകരിക്കാത്തതിനാണ് മാപ്പ്. ഇതാവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്നും പരസ്യത്തില്‍ പറയുന്നുണ്ട്.

ഇത്തരത്തിലുള്ള ആപ്പുകള്‍ വിവരങ്ങള്‍ ചോര്‍ത്തുന്നത് തടയാനുള്ള കര്‍ശന നടപടികള്‍ സ്വീകരിച്ചവരികയാണ്. വിവരങ്ങള്‍ ചോര്‍ത്തുന്ന ആപ്പുകളെ കണ്ടുപിടിച്ച് വിലക്കാനുള്ള നീക്കം നടത്തുകയാണ്. ഫെയ്‌സ്ബുക്കിനെ ഇപ്പോഴും വിശ്വസിക്കുന്നതില്‍ നന്ദി, ഉപഭോക്താക്കള്‍ക്കായി ഇതിലും നല്ല കാര്യങ്ങള്‍ ചെയ്യുമെന്ന് ഉറപ്പ് നല്‍കുന്നു, സക്കര്‍ബര്‍ഗ് പരസ്യത്തില്‍ പറയുന്നു. അതേസമയം കേംബ്രിഡ്ജ് അനലിറ്റിക്കയെകുറിച്ച് പരസ്യത്തില്‍ പരാമര്‍ശങ്ങളൊന്നുമില്ല.

സംഭവത്തില്‍ നേരത്തെ സക്കര്‍ബര്‍ഗ് ക്ഷമാപണം നടത്തിയിരുന്നു. സ്വകാര്യ വിവരങ്ങള്‍  കേംബ്രിഡ്ജ് അനലറ്റിക്ക ദുരുപയോഗം ചെയ്‌തെന്നും സംഭവിച്ചത് വലിയ വീഴ്ചയാണെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കിയിരുന്നു.  ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും അതിന്  കഴിവില്ലെങ്കില്‍ നിങ്ങള്‍ക്ക് സേവനം നല്‍കാന്‍ ഞങ്ങള്‍ യോഗ്യരല്ലെന്നുമാണ് സക്കര്‍ബര്‍ഗ് വിവാദത്തില്‍ പ്രതികരിച്ചത്.

അഞ്ച് കോടിയോളം വരുന്ന യൂസര്‍മാരുടെ ഫെയ്‌സ്ബുക്ക് പേജില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും വലിയ പ്രതിഷേധമുയര്‍ന്നതിന് പിന്നാലെയാണ് വിഷയത്തില്‍ വിശദീകരണവുമായി സക്കര്‍ബബര്‍ഗ് രംഗത്തെത്തിയത്.

അതേസമയം സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി കേംബ്രിഡ്ജ് അനലിറ്റിക്ക ദുരുപയോഗം നടത്തിയെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ഫെയ്‌സ്ബുക്കിന്റെ ഓഹരിവിപണിയില്‍ വന്‍ ഇടിവാണ് സംഭവിച്ചത്. ഒരാഴചയ്ക്കിടെ ഫെയ്‌സ്ബുക്കിന് നഷ്ടം വന്നിരിക്കുന്നത് 67000 കോടി ഇന്ത്യന്‍ രൂപയാണ്. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ 14ശതമാനം ഓഹരി വിലയിടിഞ്ഞു. മാത്രമല്ല ബ്ലൂബെര്‍ഗിന്റെ സമ്പന്ന പട്ടികയിലും സക്കര്‍ബര്‍ഗ് പിന്തള്ളപ്പെട്ടു. പട്ടികയില്‍ ഏഴാം സ്ഥാനത്തേയ്ക്കാണ് സക്കര്‍ബര്‍ഗ് പിന്തള്ളപ്പെട്ടത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top