“ഞാന്‍ പ്രധാനമന്ത്രി മോദി, എന്റെ ആപ്പ് ഉപയോഗിച്ചാല്‍ നിങ്ങളുടെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് നല്‍കും”: പരിഹസിച്ച് രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി


ദില്ലി: മോദി ആപ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നെന്ന വിവാദത്തില്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ വിവരങ്ങള്‍ പ്രധാനമന്ത്രി അമേരിക്കന്‍ കമ്പനികളിലെ സുഹൃത്തുക്കള്‍ക്ക് കൈമാറുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

“ഹായ് എന്റെ പേര് നരേന്ദ്ര മോദി. ഞാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. നിങ്ങള്‍ എന്റെ ഔദ്യോഗിക ആപ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ നിങ്ങളുടെ എല്ലാ വിവരങ്ങളും ഞാന്‍ അമേരിക്കന്‍ കമ്പനികളിലുള്ള എന്റെ സുഹൃത്തുക്കള്‍ക്ക് കൈമാറും”. ട്വിറ്ററിലൂടെ രാഹുല്‍ പരിഹസിച്ചു.

വാര്‍ത്ത മറച്ചുവെച്ച മുഖ്യധാരാ മാധ്യമങ്ങളെയും രാഹുല്‍ പരിഹസിച്ചു. പതിവുപോലെ വളരെ നിര്‍ണായകമായ ഈ വാര്‍ത്ത കുഴിച്ചുമൂടിയ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് നന്ദി. രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് മോദി ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്. പ്രധാനമന്ത്രിയുടെ മൊബൈല്‍ ആപ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ അനുവാദമില്ലാതെ ചോര്‍ത്തി അമേരിക്കന്‍ കമ്പനികള്‍ക്ക് നല്‍കുന്നുവെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍. ഫ്രഞ്ച് സുരക്ഷാ നിരീക്ഷകന്‍ എലിയറ്റ് ആല്‍ഡേഴ്‌സനാണ് സുപ്രധാന വിവരങ്ങള്‍ പുറത്തുവിട്ടത്. ഫെയ്‌സ് ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന ബ്രിട്ടീഷ് കമ്പനി ചോര്‍ത്തിയ സംഭവം വിവാദമായി നില്‍ക്കെയാണ് മോദി ആപ്പിനെതിരായ വാര്‍ത്തകള്‍ പുറത്തുവന്നത്.

തന്റെ ട്വിറ്റര്‍ പേജിലാണ് ആല്‍ഡേഴ്‌സണ്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. നരേന്ദ്ര മോദി ആപ്പില്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്നവരുടെ വിവരങ്ങള്‍ in.wzrkt.com എന്ന അമേരിക്കന്‍ ഡൊമൈനിലേക്ക് ചോര്‍ത്തപ്പെടുന്നുവെന്നാണ് ട്വീറ്റിലൂടെ ആല്‍ഡേഴ്‌സണ്‍ ചൂണ്ടിക്കാട്ടുന്നത്.

നരേന്ദ്ര മോദി ആപ്പില്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുമ്പോള്‍ നിങ്ങളുടെ സ്വകാര്യവിവരങ്ങളും മറ്റും നിങ്ങളുടെ സമ്മതമില്ലാതെ ഒരു തേര്‍ഡ് പാര്‍ട്ടി ഡെമൈനിലേക്ക് കൈമാറുന്നുണ്ടെന്ന് ആല്‍ഡേഴ്‌സണ്‍ പറയുന്നു. ഉപയോക്താവിന്റെ ഇമെയില്‍ വിവരങ്ങളും ഫോട്ടോകളും കോണ്‍ടാക്റ്റ് നമ്പരും അടക്കം ചേര്‍ത്തി നല്‍കുന്നുണ്ടെന്നാണ് ആല്‍ഡേഴ്‌സണ്‍ ആരോപിക്കുന്നത്.

DONT MISS
Top