എസ്പി-ബിഎസ്പി സഖ്യം തകര്‍ക്കാനുള്ള ബിജെപി ശ്രമം വിജയിക്കില്ല: ആഞ്ഞടിച്ച് മായാവതി

മായാവതി

ലഖ്‌നൗ: രാജ്യസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് ബിഎസ്പി അധ്യക്ഷ മായാവതി രംഗത്ത്. എസ്പി-ബിഎസ്പി സഖ്യം തകര്‍ക്കാനുള്ള ബിജെപിയുടെ വിലകുറഞ്ഞ ശ്രമങ്ങള്‍ വിജയിക്കാന്‍ പോകുന്നില്ലെന്ന് മായാവതി പറഞ്ഞു. രാജ്യസഭാ തെരഞ്ഞെടുപ്പ് ഫലം സഖ്യത്തില്‍ ഒരു പോറല്‍ പോലും ഏല്‍പ്പിച്ചിട്ടില്ലെന്ന് മായാവതി വ്യക്തമാക്കി.

“രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടേത് അധാര്‍മിക വിജയമാണ്. എന്നാല്‍ ഗൊരഖ്പൂരിലെയും ഫുല്‍പൂരിലെയും തോല്‍വിയെ ഈ അധാര്‍മിക വിജയം കൊണ്ട് മറികടക്കാനാകില്ല. ഇക്കാര്യം ബിജെപിക്കും നന്നായി അറിയാം”.

സ്വന്തം സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പിക്കാന്‍ മോദിയും ഷായും സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്തു. ഭയത്തിന്റെ അന്തരീക്ഷമാണ് അവിടെ സൃഷ്ടിക്കപ്പെട്ടത്. അതിന്റെ ഭാഗമായാണ് ക്രോസ് വോട്ടിംഗ് നടന്നത്. വഴിവിട്ട കാര്യങ്ങള്‍ നടത്തുന്നതില്‍ നിന്ന് ബിജെപി പിന്‍മാറില്ല. ബിഎസ്പി സ്ഥാനാര്‍ത്ഥിയുടെ പരാജയം ഉറപ്പാക്കാന്‍ അവര്‍ എല്ലാ കഠിനാധ്വാനവും നടത്തി. പുതുതായി രൂപം കൊണ്ട എസ്പി-ബിഎസ്പി സഖ്യത്തെ വേര്‍പിരിക്കാന്‍ എല്ലാ സംവിധാനങ്ങളെയും അവര്‍ ഉപയോഗിച്ചു. മായാവതി കുറ്റപ്പെടുത്തി.

“എനിക്ക് ബിജെപിയോടും കൂട്ടരോടും ഒരു കാര്യമേ പറയാനുള്ളൂ, എസ്പിയെയും ബിഎസ്പിയെയും തമ്മില്‍ തെറ്റിക്കാനുള്ള നിങ്ങളുടെ കുത്സിത ശ്രമങ്ങള്‍ വിജയിക്കാന്‍ പോകുന്നില്ല. കഴിഞ്ഞ ദിവസത്തെ രാജ്യസഭാ തെരഞ്ഞെടുപ്പ് ഫലം ഞങ്ങളുടെ സഖ്യത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. ഒരിഞ്ച് പോലും മാറ്റിയിട്ടില്ല”. മായാവതി വ്യക്തമാക്കി.

DONT MISS
Top