ഐഎസ് റിക്രൂട്ട്മെന്റ്; പ്രതി യാസ്മിന്‍ മുഹമ്മദിന് ഏഴ് വര്‍ഷം കഠിന തടവ്

ഫയല്‍ചിത്രം

കൊച്ചി: ഐഎസിലേയ്ക്ക് ആളെ ചേര്‍ത്തിയെന്ന കേസില്‍ മുഖ്യപ്രതി യാസ്മിന്‍ മുഹമ്മദിന് ഏഴ് വര്‍ഷം കഠിന തടവ്. കാസര്‍ഗോഡ് നിന്ന് അഫ്ഗാനിസ്ഥാനിലേയ്ക്ക് 15 പേരെ കടത്തിയെന്നാണ് കേസ്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ ഐഎസ് കേസിലെ വിധിയാണിത്. എറണാകുളം എന്‍ഐഎ കോടതിയുടേതാണ് വിധി.

ഏഴ് വര്‍ഷത്തെ തടവിന് പുറമെ 25000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. ഐഎസില്‍ നിന്നും പണം സ്വീകരിച്ചു, മറ്റുള്ളവരെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് പ്രതിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ മൊത്തം 15 പ്രതികളാണുള്ളത്.

യാസ്മിനും കേസിലെ ഒന്നാം പ്രതി അബ്ദുള്‍ റാഷിദിനുമെതിരെയാണ് എന്‍ഐഎ കുറ്റപത്രം നല്‍കിയിരുന്നത്. റാഷിദ് ഇപ്പോഴും അഫ്ഗാനിസ്ഥാനിലുണ്ടെന്നാണ് എന്‍ഐഎ നിഗമനം.  അഫ്ഗാനിസ്ഥാനിലേയ്ക്ക് കടക്കാന്‍ ശ്രമിക്കവെ വിമാനത്താവളത്തില്‍ വെച്ചാണ് യാസ്മിന്‍ പിടിയിലാകുന്നത്. കേസില്‍  പിടിയിലായതും വിചാരണനേരിട്ടതും യാസ്മിന്‍ മാത്രമാണ്

കേസില്‍ 50 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിക്കുകയും 50 ഓളം തെളിവുകളും എന്‍ഐഎ ഹാജരാക്കിയിരുന്നു. 2016ല്‍ കാസര്‍ഗോഡ് നിന്ന് 15 പേരെ ഐഎസില്‍ ചേര്‍ത്തിയെന്നാണ് കേസ്. ഇവരെ കാണാനില്ലെന്ന് കാണിച്ച് കാസര്‍ഗോഡ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top