ഫെയ്‌സ്ബുക്ക് ബന്ധം പുനപരിശോധിക്കും: ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഒപി റാവത്ത്

ദില്ലി: വോട്ടര്‍മാരെ സ്വാധീനിക്കാനായി ഫെയ്‌സ്ബുക്ക് വിവരങ്ങള്‍ ഉപയോഗപ്പെടുന്നു എന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഫെയ്‌സ്ബുക്ക് ബന്ധം പുനപരിശോധിക്കുമെന്ന് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒപി റാവത്താണ് ഫെയ്‌സ്ബുക്ക് വിഷയം ചര്‍ച്ച ചെയ്യും എന്ന് മാധ്യമങ്ങളെ അറിയിച്ചത്.

ഇന്ന് വൈകുന്നേരം ചേരുന്ന ഇലക്ഷന്‍ കമ്മീഷന്റെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്ന് ഒപി റാവത്ത് അറിയിച്ചു. ഫെയ്‌സ് ബുക്കുമായുള്ള ബന്ധത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. യുവ വോട്ടര്‍മാരെ തെരഞ്ഞെടുപ്പിലേക്ക് ആകര്‍ഷിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷനും ഫെയ്‌സ്ബുക്കും ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. ഇതിനെക്കുറിച്ചും പുനരാലോചന നടത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

കോണ്‍ഗ്രസ് നേതാക്കള്‍ കേംബ്രിഡ്ജ് അനലറ്റിക്കയുമായി കരാറുകളിലേര്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തിയിരുന്നു. എന്നാല്‍ ആരോപണം തെറ്റായിരുന്നുവെന്നും ബിജെപിയും നരേന്ദ്രമോദിയുമാണ് കേംബ്രിഡ്ജ് അനലറ്റിക്കയുമായി കരാറിലേര്‍പ്പെട്ടിരിക്കുന്നതെന്നായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി. 2010ലെ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി- ജനതദള്‍ [യു] സഖ്യത്തെ വിജയിപ്പിക്കാന്‍ ഇടപ്പെട്ടുവെന്ന് കഴിഞ്ഞ ദിവസം കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഫെയ്‌സ്ബുക്ക് ബന്ധം പുനപരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top