ഇത് ഉണ്ണിമായയല്ല, മാണിക്യന്റെ പ്രഭ; ഒടിയനിലെ നാടന്‍ നായികയായി മഞ്ജു, ചിത്രങ്ങള്‍ പുറത്ത്

യൗവ്വനത്തിന്റെ സുന്ദരകാലത്തെ മാണിക്യനെ കാണാനുള്ള ആവേശത്തിലാണ് ഓരോ മലയാളി പ്രേക്ഷകരും. ഒടിയന്‍ മാണിക്യന്റെ അവസാന ഷെഡ്യൂളുകള്‍ പാലക്കാട് പുരോഗമിക്കുമ്പോള്‍ ചില ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വെെറലായികൊണ്ടിരിക്കുന്നത്. ഒടിയന്‍ മാണിക്യനായിട്ടുള്ള ലാലിന്റെ വേഷപകര്‍ച്ചയ്ക്ക് പിന്നാലെ ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന മഞ്ജു വാര്യരുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇടം നേടിയിരിക്കുന്നത്.

പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്.പാലക്കാട് ഒളപ്പമണ്ണമനയിലെത്തിയ വിഖ്യാത ഫോട്ടോഗ്രഫര്‍ നിക്ക് ഉട്ട് ഒടിയന്‍ ലൊക്കേഷനിലെത്തിയിരുന്നു. ലൊക്കേഷന്‍ ചിത്രങ്ങള്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെയും മഞ്ജുവാര്യരുടെയും പ്രകാശ് രാജിന്റെയും ചെറുപ്പകാലമാണ് പാലക്കാട് ചിത്രീകരിക്കുന്നത്.

വിഎ ശ്രീകുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവും മാധ്യമപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ്. 1950നും 90നും ഇടയിലുള്ള കാലഘട്ടമാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പ്രകാശ് രാജ് വില്ലന്‍ വേഷത്തിലാണ് എത്തുന്നത്. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്.

DONT MISS
Top