കേംബ്രിഡ്ജ് അനലിറ്റിക്ക: ബിജെപിയുടെ നുണ ഫാക്ടറി വീണ്ടും പ്രവര്‍ത്തിച്ചെന്ന് രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

ദില്ലി: ബിജെപിയുടെ നുണ ഫാക്ടറി വീണ്ടും പ്രവര്‍ത്തിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേംബ്രിഡ്ജ് അനലിറ്റിക്കയുമായി ബന്ധപ്പെടുത്തി കോണ്‍ഗ്രസിനെതിരെ നുണ പ്രചാരണം നടത്തുകയാണ് ബിജെപിയെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ബിജെപിയുടെ നുണ ഫാക്ടറി പ്രവര്‍ത്തിച്ച് തുടങ്ങി. 2012 ല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ എങ്ങനെയാണ് കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് പണം നല്‍കിയത് എന്നതിനെ സംബന്ധിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത പുറത്ത് വിട്ടുകൊണ്ടിരിക്കുകയാണ്. ഇത് മറയ്ക്കാനാണ് കേംബ്രിഡ്ജുമായി കോണ്‍ഗ്രസിന് ബന്ധമുണ്ടെന്ന് ബിജെപി വ്യാജ വാര്‍ത്തകള്‍ പരത്തുന്നത്. അതോടെ യഥാര്‍ത്ഥ കാര്യം മായ്ക്കപ്പെട്ടുവെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

കോണ്‍ഗ്രസുമായി ചേര്‍ത്ത് കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദം ഉണ്ടാക്കുന്നത് ഇറാഖില്‍ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണെന്ന് രാഹുല്‍ ഗാന്ധി ഇന്നലെയും ആരോപിച്ചിരുന്നു. കേംബ്രിഡ്ജ് അനലിറ്റിക്ക വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബന്ധമുണ്ടെന്നാരോപിച്ച് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ആദ്യം രംഗത്തെത്തിയത്. എന്നാല്‍ ആരോപണം തെറ്റായിരുന്നുവെന്നും ബിജെപിയും നരേന്ദ്രമോദിയുമാണ് കേംബ്രിഡ്ജ് അനലറ്റിക്കയുമായി കരാറിലേര്‍പ്പെട്ടിരിക്കുന്നതെന്നായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി.

2010ലെ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി-ജനതാദള്‍ യു സഖ്യത്തെ വിജയിപ്പിക്കാന്‍ ഇടപ്പെട്ടുവെന്ന് കഴിഞ്ഞ ദിവസം കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വെളിപ്പെടുത്തിയിരുന്നു. ജെഡിയു നേതാവ് കെസി ത്യാഗിയുടെ മകന്‍ അമരീഷ് ത്യാഗിയാണ് ഒവ്‌ലിന്റെ പിന്നിലുള്ളത്. 2012ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപി സഹായിച്ചെന്ന് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും ത്യാഗി വെളിപ്പെടുത്തിയിരുന്നു. 2010ലും 2011ലും ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം ഇന്ത്യയിലെ ഇടപെടലുകള്‍ വിവാദമായതിനെ തുടര്‍ന്ന് ഒവ്‌ലിന്‍ ബിസിനസ് ഇന്റലിജന്‍സിന്റെ വെബ്‌സൈറ്റ് സസ്‌പെന്റ് ചെയ്തിരിക്കുകയാണ്.

DONT MISS
Top