‘ആഭാസം’ വിഷുവിനെത്തും; പോരാട്ടത്തിനൊടുവില്‍ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ്‌

പ്രതീകാത്മക ചിത്രം

കൊച്ചി: സുരാജ് വെഞ്ഞാറമ്മൂട്, റിമ കല്ലിങ്കല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജൂബിത് നമ്രാഡത്ത് സംവിധാനം ചെയ്ത ‘ആഭാസം’ വിഷുവിന് തിയേറ്ററിലെത്തും. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. യു/എ സര്‍ട്ടിഫിക്കറ്റുമായാണ് ആഭാസം പ്രദര്‍ശനത്തിനൊരുങ്ങുന്നത്.

ആഭാസത്തിന് സെന്‍സര്‍ ബോര്‍ഡ് അഡള്‍ട്ട് ഒണ്‍ലി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തീരുമാനിച്ചത് നേരത്തെ ഏറെ വിവാദമായിരുന്നു. അതും ചിത്രത്തിലെ ചില ഡയലോഗുകള്‍ മ്യൂട്ട് ചെയ്യണമെന്നുള്‍പ്പെടെ നിരവധി ഉപാധികളായിരുന്നു സെന്‍സര്‍ ബോര്‍ഡ് മുന്നോട്ട് വെച്ചത്. ഇതിനെതിരെ ചിത്രത്തിന്റ സംവിധായകനും അണിയറ പ്രവര്‍ത്തകരും രംഗത്തെത്തുകയും ചെയ്തു. ചിത്രത്തില്‍ ഒരു സീനില്‍ സുരാജ് വെഞ്ഞാറമൂടിന്റെ തുട കാണിക്കുന്നതായിരുന്നു വിവാദത്തിലേക്ക് നയിച്ചത്. പിന്നീട് നിരവധി പോരാട്ടങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന് ഇപ്പോള്‍ യു/എ സര്‍ട്ടിഫിക്കേറ്റ് അനുവദിച്ചിരിക്കുന്നത്.

അണിയറ പ്രവര്‍ത്തകരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം-

ഡിസംബര്‍ 26’ന് ആദ്യത്തെ സെന്‍സര്‍ സര്‍ട്ടിഫിക്കേഷന്‍ തിരുവനന്തപുരത്ത് നടന്നപ്പോള്‍, ഒരു നീണ്ട അവകാശ പോരാട്ടത്തിനാണ് ഞങ്ങള്‍ തുടക്കം കുറിച്ചത്. ആന്റി എസ്റ്റാബ്ലിഷ്‌മെന്റ് എന്ന പേരില്‍ അ സര്‍ട്ടിഫിക്കറ്റ് വച്ചു നീട്ടിയ തിരുവനന്തപുരത്തെ എമാന്മാര്‍ക്കെതിരെ ഞങ്ങള്‍ റീവ്യൂ കമ്മിറ്റിക്ക് അപ്പീല്‍ നല്‍കി.

ഫെബ്രുവരി 3’ന് മുംബൈയില്‍ വെച്ചു നടന്ന റീവ്യൂ കമ്മിറ്റിയുടെ വിചാരണയില്‍ പട പേടിച്ചു പന്തളത്ത് ചെന്നവന്റെ അവസ്ഥയാണ് ഞങ്ങളെ എതിരേറ്റത്. പന്തം കൊളുത്തിയ മുംബൈ സെന്‍സര്‍ ബോര്‍ഡ് വെച്ചു നീട്ടിയതും എ, ഇത്തവണ കുറേ ഉപാധികളോടെ. വിശ്വസിച്ച സിനിമയും അതിന്റെ രാഷ്ട്രീയവും ഒരു തരത്തിലുമുള്ള കലര്‍പ്പിലാതെ നിങ്ങള്‍ക്ക് മുന്നിലെത്തിക്കാന്‍, ഞങ്ങള്‍ വീണ്ടും അപ്പീല്‍ നല്‍കി. ഇത്തവണ ഡല്‍ഹിയില്‍, ട്രിബൂണലില്‍.

വ്യക്തമായി കേസ് പഠിച്ച് ജോസഫ് പി അലക്‌സ് എന്ന അഭിഭാഷകനും ഞങ്ങളുടെ കൂടെ ചേര്‍ന്നു. സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി സിനിമയെന്ന സൃഷ്ടിയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഇന്ന് ഞങ്ങള്‍ പട ജയിച്ചിരിക്കയാണ്. ആഭാസത്തിന് യു/എ സര്‍ട്ടിഫിക്കറ്റ്. അപ്പോള്‍ ഇനി വിഷുവിന് കാണാം, അണിയറ പ്രവര്‍ത്തകര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

DONT MISS
Top