ഒത്തുകളി ആരോപണം: മുഹമ്മദ് ഷമിക്ക് ക്ലീന്‍ ചീറ്റ്

മുഹമ്മദ് ഷമി

മുംബൈ: ഒത്തുകളി ആരോപണത്തില്‍ ക്രിക്കറ്റര്‍ മുഹമ്മദ് ഷമിക്ക് ക്ലീന്‍ ചീറ്റ്. ബിസിസിഐയുടെ അഴിമതി രഹിത സമിതിയാണ് താരത്തിനെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തിയത്. പാകിസ്താന്‍ യുവതിയുമായി ഷമിക്ക് ബന്ധമുണ്ടെന്നും അവരില്‍ നിന്ന് പണം വാങ്ങി തന്നെയും രാജ്യത്തെയും വഞ്ചിച്ചെന്നുമായിരുന്നു ഹസിന്റെ ആരോപണം.

വിഷയത്തില്‍ കഴിഞ്ഞ ആഴ്ച സുപ്രിം കോടതി നിയോഗിച്ച ക്രിക്കറ്റ് ഭരണസമതി (സിഒഎ) ബിസിസിഐയുടെ അഴിമതിവിരുദ്ധ സമിതിയോട്(എസിയു) അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിരുന്നു. സമിതി മേധാവിയായ നീരജ് കുമാറിന് ഏഴ് ദിവസത്തെ സമയമാണ് വിനോദ് റോയ് തലവനായ സിഒഎ അനുവദിച്ചിരുന്നത്. എന്നാല്‍ താരത്തിനെതിരെ ഉന്നയിച്ച ഒത്തുകളി വിവാദം തികച്ചും അടിസ്ഥാന രഹിതമാണെന്ന് സമിതി കണ്ടെത്തി. അതേസമയം താരത്തിനെതിരെ ഹസിന്‍ ഉന്നയിച്ച വ്യക്തിപരമായ പരാതികളില്‍ ബിസിസിഐക്ക് ഇടപെടാനാകില്ലെന്നും അത് പൊലീസിന്റെ ദൗത്യമാണെന്നും സമിതി കൂട്ടിച്ചേര്‍ത്തു.

നേരത്തെ ആരോപണത്തെ തുടര്‍ന്ന് ബിസിസിഐയുടെ ഏറ്റവും പുതിയ വാര്‍ഷിക കരാറില്‍ നിന്ന് താരത്തെ പുറത്താക്കിയിരുന്നു. എന്നാല്‍ അഴിമതി രഹിത സമിതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതോടെ മൂന്ന് കോടി വരുമാനം ലഭിക്കുന്ന ബി ലെവല്‍ പട്ടികയില്‍ ഷമിയെ ഉള്‍പ്പെടുത്തുമെന്ന് ബിസിസിഐ വ്യക്തമാക്കി. ഇതോടെ ഐപിഎല്ലിലും താരത്തിന് കളിക്കാനാകും.

മറ്റ് സ്ത്രീകളുമായി വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ എന്നിവ വഴി നടത്തിയ സംഭാഷണങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഹസിന്‍, ഷമിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. തനിക്ക് പരസ്ത്രീ ബന്ധമില്ലെന്ന് വ്യക്തമാക്കി ഷമിയും രംഗത്തുവന്നു. ലൈംഗികാരോപണങ്ങളും, ഗാര്‍ഹിക പീഡനവും ഒത്തുകളി വിവാദവുമുള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് ഹസിന്‍ ഷമിക്കെതിരെ ഉന്നയിച്ചത്. ഹസിന്റെ പരാതിയില്‍ കൊല്‍ക്കത്ത പൊലീസ് താരത്തിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിട്ടുണ്ട്. 2014 ലായിരുന്നു ഷമിയും മുന്‍ മോഡലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ചിയര്‍ ഗേള്‍സില്‍ അംഗവുമായിരുന്ന ഹസിനും തമ്മിലുള്ള വിവാഹം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top