കീഴാറ്റൂരില്‍ നടക്കുന്നത് കേരളത്തിന്റെ വികസനം തടസ്സപ്പെടുത്താനുള്ള കുത്സിത ശ്രമങ്ങളുടെ ഡ്രസ് റിഹേഴ്‌സലാണെന്ന് കോടിയേരി

കോടിയേരി ബാലകൃഷ്ണന്‍

കൊച്ചി: കീഴാറ്റൂരില്‍ നടക്കുന്നത് കേരളത്തിന്റെ വികസനം തടസ്സപ്പെടുത്താനുള്ള കുത്സിത ശ്രമങ്ങളുടെ ഡ്രസ് റിഹേഴ്‌സലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാജ്യത്ത് ഏറ്റവും മോശം ദേശീയപാതയുള്ളത് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ്. ഇത് വികസിപ്പിച്ചേ മതിയാകൂ. ഇക്കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കാണിച്ച നിസ്സംഗത ഇനിയും തുടരാനാകില്ലെന്നും അതുകൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചതെന്നും കോടിയേരി പറഞ്ഞു. ബൈപാസ് കീഴാറ്റൂര്‍ വഴിയാക്കിയത് പിണറായി വിജയനോ ജി സുധാകരനോ അല്ലെന്നും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ദേശീയപാത അതോറിറ്റിയാണെന്നും കോടിയേരി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

കീഴാറ്റൂരില്‍ നടക്കുന്നത് കേരളത്തിന്റെ വികസനം തടസ്സപ്പെടുത്താനുള്ള കുത്സിത ശ്രമങ്ങളുടെ ഡ്രസ് റിഹേഴ്‌സലാണ്. ആര്‍എസ്എസും എസ്ഡിപിഐയും മാവോയിസ്റ്റുകളും പരിസ്ഥിതിസംരക്ഷക വേഷം കെട്ടി സര്‍ക്കാര്‍ വിരുദ്ധസമരത്തിന് ഇറങ്ങിയിരിക്കയാണ്.

കീഴാറ്റൂര്‍ നന്ദിഗ്രാംപോലെയാകുമെന്ന് ചിലര്‍ പറയുന്നുണ്ട്. നന്ദിഗ്രാമില്‍ ഇത്തരത്തിലുള്ള വിധ്വംസക മുന്നണി ഉണ്ടായിരുന്നു. അവര്‍ മുതലെടുപ്പ് രാഷ്ട്രീയം പയറ്റുകയായിരുന്നു. ബംഗാളില്‍ ഒരു നന്ദിഗ്രാമുണ്ടായെന്ന് വിചാരിച്ച് കേരളത്തിലും നന്ദിഗ്രാമുകള്‍ സൃഷ്ടിച്ച് ഇടതുപക്ഷഭരണം അട്ടിമറിക്കാമെന്ന് ആരും ധരിക്കണ്ട. മുമ്പ് വളയത്ത് ഈ പരീക്ഷണത്തിന് ശ്രമിച്ചപ്പോള്‍ അവിടത്തെ ജനങ്ങള്‍ സടകുടഞ്ഞെഴുന്നേറ്റ അനുഭവം മറക്കരുത്. ഈ നാടിനെ നന്ദിഗ്രാമാക്കാന്‍ വിടില്ലെന്ന് പ്രഖ്യാപിച്ച് ആയിരങ്ങള്‍ അന്ന് രംഗത്തിറങ്ങി. ഇടതുപക്ഷവിരുദ്ധരുടെ ഇത്തരം നീക്കങ്ങളെ ജനങ്ങള്‍ പരാജയപ്പെടുത്തും.

രാജ്യത്ത് ഏറ്റവും മോശം ദേശീയപാതയുള്ളത് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്. ഇത് വികസിപ്പിച്ചേ മതിയാകൂ. ഇക്കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കാണിച്ച നിസ്സംഗത ഇനിയും തുടരാനാകില്ല. അതുകൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചത്. ബൈപാസ് കീഴാറ്റൂര്‍ വഴിയാക്കിയത് പിണറായി വിജയനോ ജി സുധാകരനോ അല്ല. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ദേശീയപാത അതോറിറ്റിയാണ്. സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് പ്രയാസമുണ്ടാകും. അതുകൊണ്ടാണ് പരമാവധി ആനുകൂല്യം നല്‍കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. വീട് നഷ്ടപ്പെടുന്നവര്‍ക്ക് ബദല്‍ സംവിധാനമൊരുക്കാനും പദ്ധതി തയ്യാറാക്കി. ഇതിന്റെ ഫലമായി ഭൂവുടമകള്‍ സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറായപ്പോള്‍ പിന്തിരിപ്പിക്കാന്‍ സമരക്കാര്‍ ശ്രമിച്ചു. എന്നാല്‍, ഇതു വകവയ്ക്കാതെ 60 ഭൂവുടമകളില്‍ 56 പേരും സമ്മതപത്രം നല്‍കി. ഇതോടെയാണ് പരിസ്ഥിതിസംരക്ഷണം എന്ന പേരിലേക്ക് എതിര്‍പ്പ് മാറിയത്. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് എല്‍ഡിഎഫിന്റെ കാഴ്ചപ്പാട്.

നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിച്ച് എലിവേറ്റഡ് ഹൈവേ (മേല്‍പാലം) സ്ഥാപിക്കാന്‍ കഴിയുമോ എന്നു പരിശോധിക്കണമെന്ന് നിയമസഭയില്‍ ജെയിംസ് മാത്യു എംഎല്‍എ ആവശ്യപ്പെട്ടപ്പോള്‍ അനുകൂലമായാണ് മന്ത്രി ജി സുധാകരന്‍ മറുപടി നല്‍കിയത്. എലിവേറ്റഡ് ഹൈവേ വേണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് സംസ്ഥാനമല്ല. ദേശീയപാത അതോറിറ്റിയാണ്. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിച്ചുകൊണ്ടുള്ള പദ്ധതിയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെങ്കില്‍ പരിസ്ഥിതിവാദികള്‍ക്ക് പിന്നെന്താണ് പ്രശ്‌നം?

എലിവേറ്റഡ് ഹൈവേയായാലും തൂണുകള്‍ സ്ഥാപിക്കാന്‍ സ്ഥലംകൂടിയേ തീരൂ. അത് ഏറ്റെടുത്തുനല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. സമരം നടത്താന്‍പോകുന്ന ബിജെപിക്കാര്‍ ഡല്‍ഹിയില്‍ പോയി നിതിന്‍ ഗഡ്കരിയോടും നരേന്ദ്ര മോഡിയോടും പറഞ്ഞ് എലിവേറ്റഡ് ഹൈവേയാക്കി മാറ്റട്ടെ. ബിജെപി നേതൃത്വം അതിന് തയ്യാറാണോ? പൊതുസമൂഹത്തോട് അത് തുറന്നുപറയൂ. അവരുടെ പ്രശ്‌നങ്ങള്‍ ഏതെല്ലാം വിധത്തില്‍ പരിഹരിക്കാന്‍ കഴിയുമോ അതെല്ലാം ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും പിന്നെന്തിനാണ് സമരം? സ്ഥലമുടമകള്‍ സമ്മതിച്ചിട്ടും പിന്നെയും സമരം ചെയ്യുമെന്ന് പറയുന്നത് രാഷ്ട്രീയമല്ലേ. ഈ രാഷ്ട്രീയസമരത്തില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയാന്‍ തയ്യാറാവണം.

DONT MISS
Top