തുടര്‍ച്ചയായ 14 -ാം ദിവസവും പാര്‍ലമെന്റ് സ്തംഭനം: സര്‍ക്കാര്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തും

വിജയ് ഗോയല്‍

ദില്ലി: തുടര്‍ച്ചയായ പതിനാലാം ദിവസവും പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും ഇന്നും തടസപ്പെട്ടു. സഭാസ്തംഭനം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തും.

കേന്ദ്രപാര്‍ലമെന്ററികാര്യമന്ത്രി വിജയ് ഗോയലാണ് പ്രമുഖ പ്രതിപക്ഷനേതാക്കളുമായി ചര്‍ച്ച നടത്തുക. കോണ്‍ഗ്രസ്, എഐഎഡിഎംകെ, ടിഡിപി, ടിആര്‍എസ് പാര്‍ട്ടികളുടെ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും സഭ നടത്തിപ്പിന് പിന്തുണ തേടുമെന്നും ഗോയല്‍ പറഞ്ഞു. പാര്‍ലമെന്റിന് നടത്തിപ്പിന് ഓരോ മിനിട്ടിനും രണ്ടരലക്ഷം രൂപവീതമാണ് ചെലവഴിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രതിപക്ഷപാര്‍ട്ടികള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ ഇരുസഭകളിലും ഉയര്‍ത്തി ചര്‍ച്ച ചെയ്യാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാര്‍ച്ച് അഞ്ചിനാണ് പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്. എന്നാല്‍ വിവിധ കാരണങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷപാര്‍ട്ടികള്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തില്‍ സഭാനടപടികള്‍ ഒരുദിവസം പോലും പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. രണ്ടാം ഘട്ടത്തില്‍ ആകെ 23 ദിവസമാണ് സഭ സമ്മേളിക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതിനോടകം ഇതില്‍ 14 ദിവസവും സ്തംഭിച്ചുകഴിഞ്ഞു.

ടിഡിപി എന്‍ഡിഎ സഖ്യം വിട്ടതിന് പിന്നാലെ കഴിഞ്ഞ ആറുദിവസങ്ങളായി പ്രതിപക്ഷപ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. മാര്‍ച്ച് 16 നാണ് ടിഡിപി എന്‍ഡിഎ സഖ്യം വിട്ടത്. ഇതിന് പിന്നാലെ ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും മോദി സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയ നോട്ടീസ് നല്‍കി. എന്നാല്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പ്രമേയം ഇതുവരെ ചര്‍ച്ചയ്‌ക്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല. കാവേരി നദീജല ബോര്‍ഡ് രൂപീകരണം ആവശ്യപ്പെട്ട് എഐഎഡിഎംകെ അംഗങ്ങള്‍ തുടരുന്ന പ്രതിഷേധമാണ് സഭ തുടര്‍ച്ചയായി സ്തംഭിപ്പിക്കുന്നത്. മറ്റ് ആവശ്യങ്ങള്‍ ഉന്നയിച്ച് ടിആര്‍എസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും സഭ തടസപ്പെടുത്തുകയാണ്.

DONT MISS
Top