കേംബ്രിഡ്ജ് അനലിറ്റിക്ക; പരസ്പരം പഴിചാരി കോണ്‍ഗ്രസും ബിജെപിയും, ഇടപാടുകാരാണെന്ന് വ്യക്തമാകുന്ന രേഖകള്‍ പുറത്ത്

വെബ്സെെറ്റ് ചിത്രം

ദില്ലി: കേംബ്രിഡ്ജ് അനലിറ്റിക്കയുമായി ബന്ധമില്ലെന്ന് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും വാദങ്ങള്‍ പൊള്ളയാണെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവരുന്നത്. കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഇന്ത്യന്‍ പങ്കാളിയായ ഒവ്‌ലിന്‍ ബിസിനസ് ഇന്റലിജന്‍സിന്റെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച് ബിജെപി, കോണ്‍ഗ്രസ്, നിതീഷ് കുമാറിന്റെ ജനതാദള്‍ തുടങ്ങിയവ തങ്ങളുടെ ഇടപാടുകാരാണെന്ന് വ്യക്തമാകുകയാണ്. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.

കോണ്‍ഗ്രസ് നേതാക്കള്‍ ഈ കമ്പനിയുമായി കരാറുകളിലേര്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തിയിരുന്നു. എന്നാല്‍ ആരോപണം തെറ്റായിരുന്നുവെന്നും ബിജെപിയും നരേന്ദ്രമോദിയുമാണ്  കേംബ്രിഡ്ജ് അനലറ്റിക്കയുമായി കരാറിലേര്‍പ്പെട്ടിരിക്കുന്നതെന്നായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി.

2010ലെ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി- ജനതദള്‍ [യു] സഖ്യത്തെ വിജയിപ്പിക്കാന്‍ ഇടപ്പെട്ടുവെന്ന് കഴിഞ്ഞ ദിവസം കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വെളിപ്പെടുത്തിയിരുന്നു. ജെഡിയു നേതാവ് കെസി ത്യാഗിയുടെ മകന്‍ അമരീഷ് ത്യാഗിയാണ് ഒവ്‌ലിന്റെ പിന്നിലുള്ളത്.

2012ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപി സഹായിച്ചെന്ന് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും ത്യാഗി വെളിപ്പെടുത്തിയിരുന്നു. 2010ലും 2011ലും ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം ഇന്ത്യയിലെ ഇടപെടലുകള്‍ വിവാദമായതിനെ തുടര്‍ന്ന് ഒവ്‌ലിന്‍ ബിസിനസ് ഇന്റലിജന്‍സിന്റെ വെബ്‌സൈറ്റ് സസ്‌പെന്റ് ചെയ്തിരിക്കുകയാണ്.

കേംബ്രിഡ്ജ് അനലിറ്റിക്ക വിവരങ്ങള്‍ ചോര്‍ത്തി എന്നാരോപിച്ച് കഴിഞ്ഞ ദിവസങ്ങളിലായി ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ എത്തിയ സാഹചര്യത്തിലാണ് നിര്‍ണായകമായ വിവരങ്ങള്‍ പുറത്തുവരുന്നത്. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് അനഭിലഷണീയമായ മാര്‍ഗങ്ങള്‍ പിന്തുടര്‍ന്ന് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ഫെയ്‌സ്ബുക്ക് ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയാല്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.  അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന് വേണ്ടി പ്രചാരണം നടത്തിയ കേംബ്രിഡ്ജ് അനലിറ്റിക്ക  ഏജന്‍സി  അഞ്ച് കോടി ഫെയ്‌സ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയ സംഭവം വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു കേന്ദ്രമന്ത്രി വിഷയത്തില്‍ പ്രതികരിച്ചത്.

ഫെയ്‌സ്ബുക്കില്‍ നിന്ന് വ്യക്തികള്‍ അറിയാതെ അവരുടെ വിവരങ്ങള്‍ ചോര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ സോഷ്യല്‍ മീഡിയ പ്രചാരണം നയിച്ച കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന ഡാറ്റ ഏജന്‍സിയുമായി രാഹുല്‍ ഗാന്ധിക്കുള്ള ബന്ധം വ്യക്തമാക്കണമെന്നും,  കവര്‍ന്നെടുത്ത ഡാറ്റ ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ കൃത്രിമത്വത്തിലൂടെ വിജയിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ശ്രമിക്കുമോ എന്നും രവിശങ്കര്‍ പ്രസാദ് ആരാഞ്ഞിരുന്നു. കേംബ്രിഡ്ജ് അനലിറ്റിക്കയുമായി കോണ്‍ഗ്രസിന് ബന്ധമുണ്ടെന്നുമാണ് ബിജെപിയുടെ ആരോപണം.

DONT MISS
Top