കര്‍ദിനാളിനെതിരെ അന്വേഷണം തടഞ്ഞ ഹൈക്കോടതി വിധി റദ്ദാക്കണം; സഭാകേസ് സുപ്രിം കോടതിയിലേയ്ക്ക്

മാര്‍ ജോര്‍ജ് ആലഞ്ചേരി

ദില്ലി: സീറോ മലബാര്‍ സഭയിലെ ഭൂമി കച്ചവട വിവാദം സുപ്രിം കോടതിയില്‍. അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അന്വേഷണം തടഞ്ഞ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രിം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

ഹര്‍ജി നല്‍കിയിരിക്കുന്നത് സഭാവിശ്വാസിയായ മാര്‍ട്ടിന്‍ പയ്യാപ്പള്ളില്‍ എന്നയാളാണ്. ഭൂമിയിടപാടില്‍ അന്വേഷണവുമായി മുന്നോട്ടു പോകാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് കോടതിയില്‍ ഹര്‍ജിക്കാര്‍ ആവശ്യമുന്നയിക്കും. കേസ് നാളെ തന്നെ സുപ്രിം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് ഇപ്പോഴത്തെ നീക്കം.ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്ക് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഈ കേസ് കേള്‍ക്കരുത് എന്നാവശ്യപ്പെടാനും ഹര്‍ജിക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സീറോ മലബാര്‍ സഭാംഗമണ് ഹൈക്കോടതി ചീഫ് ജസ്റ്റിസെന്നും അദ്ദേഹമുള്‍പ്പെട്ട ബെഞ്ച് സഭാ ഇടപാടുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കരുതെന്നുമാണ് ഹര്‍ജിക്കാര്‍ ചൂണ്ടികാണിക്കുന്നത്.

അതേസമയം ഭൂമിവിവാദ കേസില്‍ കര്‍ദിനാള്‍ പക്ഷവും സുപ്രിം കോടതിയെ സമീപിച്ചു. കര്‍ദിനാളിനൊപ്പം കേസില്‍ പ്രതി ചേര്‍ത്തിയിട്ടുള്ള ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുമ്പാടമാണ് സുപ്രിംകോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്തത്. കേസില്‍ തന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് ആവശ്യം

കഴിഞ്ഞ മാര്‍ച്ച് 16നായിരുന്നു വിവാദ ഭൂമി ഇടപാടില്‍  ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ് എടുക്കാനുള്ള ഉത്തരവ് ഹെെക്കോടതി സ്‌റ്റേ ചെയ്യുന്നത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് സ്റ്റേ ചെയ്തത്. കര്‍ദിനാളിന്റെ അപ്പീലിലായിരുന്നു നടപടി. ഭൂമി ഇടപാടില്‍ പൊലീസിന്റെ തുടര്‍നടപടികള്‍ കോടതി റദ്ദാക്കുകയായിരുന്നു.

മാത്രമല്ല ജോര്‍ജ് ആലഞ്ചേരിയുടെ ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിച്ചതിനെതിരേ  നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സീറോ മലബാര്‍ സഭയുമായും ഹര്‍ജിക്കാരന്‍ കൂടിയായ മാര്‍ ആലഞ്ചേരിയുമായും അടുപ്പം പുലര്‍ത്തുന്നയാളായ ജസ്റ്റിസ് ആന്റണി ഡൊമനിക്ക് ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറുകയായിരുന്നു വേണ്ടിയിരുന്നതെന്ന് കര്‍ദിനാളിനെതിരേ പരാതി നല്‍കിയ ഹര്‍ജിക്കാര്‍ ചൂണ്ടികാണിച്ചിരുന്നു.

മാര്‍ച്ച് ആറിനാണ് ജസ്റ്റിസ് കമാല്‍ പാഷ കര്‍ദിനാള്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. എന്നാല്‍ ഉത്തരവ് വന്ന് നാല് ദിവസത്തിന് ശേഷമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയത് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയില്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ ജസ്റ്റിസ് കമാല്‍ പാഷ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.

സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ എജിയോട് നിയമോപദേശം തേടിയ ശേഷമായിരുന്നു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കര്‍ദിനാളിനെ ഒന്നാം പ്രതിയാക്കി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ് എടുത്തത്. ചതി, ഗൂഢാലോചന, വിശ്വാസവഞ്ചന എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

DONT MISS
Top