സംഭവിച്ചത് വീഴ്ച, കുറ്റം സമ്മതിച്ച് മാര്‍ക്ക് സക്കര്‍ബര്‍ഗ്

ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ രാഷ്ട്രീയ ആവശ്യത്തിനായി ദുരുപയോഗം ചെയ്‌തെന്ന ആരോപണം ശരിയെന്ന് സമ്മതിച്ച് ഫെയ്‌സ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

50 ദശലക്ഷം ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ രാഷ്ട്രീയ കണ്‍സള്‍ട്ടണ്‍സി സ്ഥാപനമായ കേംബ്രിഡ്ജ് അനലറ്റിക് ദുരുപയോഗം ചെയ്‌തെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കാന്‍ ഞങ്ങള്‍ക്ക്
ഉത്തരവാദിത്വമുണ്ട്. ഞങ്ങള്‍ക്കതിന് കഴിവില്ലെങ്കില്‍ നിങ്ങള്‍ക്ക് സേവനം നല്‍കാന്‍ ഞങ്ങള്‍ യോഗ്യരല്ലെന്നും എന്താണ് സംഭവിച്ചതെന്ന് കൃത്യമായി മനസ്സിലാക്കാന്‍ താന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി.

അഞ്ച് കോടിയോളം വരുന്ന യൂസര്‍മാരുടെ ഫെയ്‌സ്ബുക്ക് പേജില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും വലിയ പ്രതിഷേധമുയര്‍ന്നതിന് പിന്നാലെയാണ് വിഷയത്തില്‍ വിശദീകരണവുമായി സക്കര്‍ബബര്‍ഗ് രംഗത്തെത്തിയത്. വലിയ വീഴ്ചയാണ് സംഭവിച്ചത് നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാന്‍ ആവശ്യമായ നടപടികള്‍ ഉണ്ടാകുമെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി.

കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന രാഷ്ട്രീയ ഉപദേശക ഏജന്‍സി വിവരങ്ങള്‍ ചോര്‍ത്തി എന്നാരോപിച്ച് ഇന്നലെ പാര്‍ലമെന്റില്‍ ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ എത്തിയിരുന്നു സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് അനഭിലഷണീയമായ മാര്‍ഗങ്ങള്‍ പിന്തുടര്‍ന്ന് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ഫെയ്‌സ്ബുക്ക് ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയാല്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.  അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന് വേണ്ടി പ്രചാരണം നടത്തിയ കേംബ്രിഡ്ജ് അനലിറ്റിക്ക  ഏജന്‍സി  അഞ്ച് കോടി ഫെയ്‌സ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയ സംഭവം വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

ഫെയ്‌സ്ബുക്കില്‍ നിന്ന് വ്യക്തികള്‍ അറിയാതെ അവരുടെ വിവരങ്ങള്‍ ചോര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ സോഷ്യല്‍ മീഡിയ പ്രചാരണം നയിച്ച കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന ഡാറ്റ ഏജന്‍സിയുമായി രാഹുല്‍ ഗാന്ധിക്കുള്ള ബന്ധം വ്യക്തമാക്കണമെന്നും,  കവര്‍ന്നെടുത്ത ഡാറ്റ ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ കൃത്രിമത്വത്തിലൂടെ വിജയിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ശ്രമിക്കുമോ എന്ന് രവിശങ്കര്‍ പ്രസാദ് ആരാഞ്ഞു. കേംബ്രിഡ്ജ് അനലിറ്റിക്കയുമായി കോണ്‍ഗ്രസിന് ബന്ധമുണ്ടെന്നുമാണ് ബിജെപിയുടെ ആരോപണം.

ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ചോര്‍ത്തിയ സംഭവത്തില്‍ കേംബ്രിഡ്ജ് അനലിറ്റിക്കയ്‌ക്കെതിരെ അന്വേഷണം നടക്കുകയാണ്. സംഭവത്തില്‍ പാര്‍ലമെന്ററി സമതിക്ക് മുന്‍പാകെ ഹാജരായി തെളിവ്  വിശദീകരണം നല്‍കാന്‍ ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിനോട് ബ്രിട്ടന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യുഎസ് കോണ്‍ഗ്രസിന് മുന്‍പാകെ ഹാജരാകാന്‍ ഡെമോക്രാറ്റിക് സെനറ്റര്‍ എയ്മി ക്ലോബുചര്‍, റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ കെന്നഡി എന്നിവരും നിര്‍ദേശിച്ചിട്ടുണ്ട്

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top