റബാഡയുടെ വിലക്ക് പിന്‍വലിച്ച നടപടി; ഐസിസിയ്‌ക്കെതിരെ വിമര്‍ശനവുമായി സ്റ്റീവ് സ്മിത്ത്‌

സ്റ്റീവ് സ്മിത്ത്

കേപ്ടൗണ്‍: കളിക്കളത്തിലെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബോളര്‍ കഗിസോ റബാഡയ്‌ക്കേര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ച ഐസിസി നടപടിയെ ചോദ്യം ചെയ്ത് ഓസ്‌ട്രേലിയന്‍ സ്‌കിപ്പര്‍ സ്റ്റീവ് സ്മിത്ത്. പോര്‍ട്ട് എലിസബത്തില്‍ വെച്ച് നടന്ന രണ്ടാം ടെസ്റ്റില്‍ സ്മിത്തുമായി കൂട്ടിയിടിച്ചതിനായിരുന്നു നേരത്തെ റബാഡയെ ഐസിസി വിലക്കിയത്.

കളിക്കാര്‍ തമ്മിലുള്ള കയ്യേറ്റങ്ങള്‍ മായ്ച്ചുകളയുന്ന അപകടകരമായ ഒരു സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളത്. റബാഡയുടേത് പോലുള്ള പെരുമാറ്റം മാതൃകയാക്കരുതെന്ന് താന്‍ തന്റെ ബോളര്‍മാരോട് പറഞ്ഞിട്ടുണ്ട്, ഇതുപോലെ മുന്നോട്ട് പോകാനാണെങ്കില്‍ ഐസിസി ചില മാനദണ്ഡങ്ങള്‍ വെച്ചതെന്തിനാണ്. അന്ന് താനുമായി റബാഡ കൂട്ടിയിടിച്ചത് വളരെ വ്യക്തമാണ്. അത് മനപൂര്‍വ്വമല്ല എന്നുതന്നെ ഇരിക്കട്ടെ, പക്ഷെ അതിനുശേഷമുള്ള അമിത ആഹ്ലാദ പ്രകടനം എന്തിന് വേണ്ടിയായിരുന്നു. സംഭവത്തില്‍ ഇരയായിരുന്നിട്ട് കൂടി അപ്പീല്‍ പരിഗണിക്കുമ്പോള്‍ തന്നെ എന്തുകൊണ്ട് വിളിച്ചില്ലെന്നും സ്മിത്ത് ചോദിക്കുന്നു. പ്രശ്‌നത്തില്‍ ഉള്‍പ്പെട്ട എതിര്‍കക്ഷിയില്‍ നിന്ന് ഒന്നും അറിയേണ്ടെന്ന് വെക്കുന്ന നടപടി വളരെ അത്ഭുതപ്പെടുത്തുന്നുവെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.

നേരത്തെ പോര്‍ട്ട് എലിസബത്തില്‍ വെച്ച് നടന്ന രണ്ടാം ടെസ്റ്റില്‍ സ്റ്റീവന്‍ സ്മിത്തിനെതിരെയുള്ള മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് ഐസിസി റബാഡയെ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിലക്കിയത്. മാച്ച് ഫീയുടെ 50 ശതമാനം താരത്തില്‍ നിന്ന് ഈടാക്കാനും ഐസിസി തീരുമാനിച്ചിരുന്നു. എന്നാല്‍ വിലക്കിനെതിരെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയ അപ്പീല്‍ പരിശോധിച്ച ഐസിസി അച്ചടക്കസമിതി നടപടി പിന്‍വലിക്കാന്‍ ഉത്തരവിടുകയും താരത്തിനെതിരായി മാച്ച് റഫറി ഏര്‍പ്പെടുത്തിയ ലെവല്‍ രണ്ട് കുറ്റം ലെവല്‍ ഒന്നായി താഴ്ത്തുകയും ചെയ്തു. മത്സരത്തിനിടെ സ്മിത്തുമായി കൂട്ടിയിടിച്ചത് മനപൂര്‍വ്വമാണെന്ന് കരുതാനാകില്ലെന്നായിരുന്നു അപ്പീല്‍ പരിശോധിച്ചശേഷം കമ്മീഷണര്‍ മിക്കായേല്‍ ഹെറോണ്‍ പറഞ്ഞത്.

ഇതോടെ ഓസ്‌ട്രേലിയക്കെതിരായ ശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ താരത്തിന് കളിക്കാനാകും. ഐസിസിയുടെ ടെസ്റ്റ് റാംങ്കിംഗില്‍ ബോളര്‍മാരുടെ പട്ടികയില്‍ നിലവില്‍ ഒന്നാമതാണ് റബാഡ. മോശം പെരുമാറ്റത്തെ തുടര്‍ന്ന് രണ്ട് മത്സരങ്ങളില്‍ വിലക്ക് നേരിട്ടതിന് പിന്നാലെയാണ് അഭിമാന നേട്ടം താരത്തെ തേടിയെത്തിയത്. പരമ്പരയിലെ തകര്‍പ്പന്‍ ബോളിംഗ് തന്നെയാണ് റബാഡയെ നേട്ടത്തിനര്‍ഹനാക്കിയതും. രണ്ട് ഇന്നിംഗ്‌സുകളിലുമായി 11 വിക്കറ്റാണ് താരം സ്വന്തമാക്കിയത്. മത്സരത്തില്‍ ജയത്തോടൊപ്പം പരമ്പരയില്‍ ഒപ്പത്തിനൊപ്പമെത്താനും ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചിരുന്നു. വ്യാഴാഴ്ചയാണ് മൂന്നാം ടെസ്റ്റ്.

DONT MISS
Top