താജ് മഹല്‍ ‘തേജോമഹാലയ’മായി, മെക്ക ‘മക്കേശ്വര ക്ഷേത്ര’വും; ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ യാഗം നടത്തുമമെന്നും ഹിന്ദു മഹാസഭ

താജ്മഹല്‍, ബാബറി മസ്ജിദ് (ഫയല്‍)

ആഗ്ര: ലോകാത്ഭുതവും ഇന്ത്യയുടെ അഭിമാനവുമായ താജ്മഹലിനെ ‘തേജോ മഹാലയ ക്ഷേത്രം’ എന്ന് രേഖപ്പെടുത്തി അലിഗഢിലെ ഹിന്ദു സംഘടനയുടെ കലണ്ടര്‍. താജ്മഹലിനെ മാത്രമല്ല ഇസ്‌ലാം വിശ്വാസികളുടെ പുണ്യകേന്ദ്രമായ മെക്കയെ ‘മക്കേശ്വര്‍ മഹാദേവ ക്ഷേത്രം’ എന്നും പേരുമാറ്റിയിട്ടുണ്ട് സംഘടന.

ഇതില്‍മാത്രം ഒതുങ്ങുന്നതല്ല സംഘടനയുടെ പേര് മാറ്റം. സംഘടന പുറത്തിറക്കിയ പുതിയ കലണ്ടറില്‍ മുസ്‌ലിം വിശ്വാസികളുടെ വിവിധ പുണ്യകേന്ദ്രങ്ങള്‍ക്ക് പുതിയ പേരുകളും നല്‍കിയിട്ടുണ്ട്. മധ്യപ്രദേശിലെ പ്രശസ്തമായ ‘കമല്‍ മൗലാ മോസ്‌ക്കി’ന് സംഘടന നല്‍കിയിരിക്കുന്ന പുതിയ പേര് ‘ഭോജശാല’ എന്നാണ്. കാശി ഗ്യാന്‍ വ്യാപി മോസ്‌കിന് ‘വിശ്വനാഥ ക്ഷേത്രം’ എന്നും ദില്ലിയിലെ കുത്തബ് മിനാറിനെ ‘വിഷ്ണു സ്തംഭ്’ എന്നും പേര് മാറ്റിയിരിക്കുകയാണ് സംഘടന.

സംഘടനയുടെ കലണ്ടറില്‍ യുപിയിലെ ജോന്‍പൂരിലുള്ള അതാലാ മോസ്‌ക്കിനെ ‘അതാലാ ദേവിക്ഷേത്രം’ എന്നും അയോധ്യയിലെ തകര്‍ക്കപ്പെട്ട ബാബ്‌റി മസ്ജിദിനെ ‘രാം ജന്മഭൂമി’ എന്നുമാണ് കലണ്ടറില്‍ പേര് പറഞ്ഞിരിക്കുന്നത്.

ഇന്ത്യ ഹിന്ദുരാജ്യമായി പ്രഖ്യാപിക്കണമെന്ന തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും ഇവര്‍ പറയുന്നു. മുസ്‌ളീങ്ങള്‍ ഹിന്ദുക്കളുടെ പൈതൃക സ്ഥലങ്ങള്‍ കൊള്ളയടിച്ച് നശിപ്പിച്ച് പിന്നീട് മോസ്‌ക്കുകളാക്കുകയും അവയുടെ പേര് മാറ്റുകയും ആയിരുന്നുവെന്നാണ് സംഘടനയുടെ നിലപാട്. നഷ്ടപെട്ട പുണ്യസ്ഥലങ്ങളെല്ലാം ഹിന്ദുവിന് വീണ്ടെടുത്ത് കൊടുക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇതിനാലാണ് സ്മാരകങ്ങളുടെ പേര് തങ്ങള്‍ അവയുടെ പഴയപേരാക്കി മാറ്റിയതെന്നും ഇവര്‍ പറയുന്നു.

അലിഗഢിലെ വാര്‍ഷ്ണി കോളെജിലെ ചരിത്ര വിഭാഗത്തിലെ അധ്യാപകനും ചരിത്രകാരനുമായ ബിപി സക്‌സേന പരിശോധിച്ച ശേഷമാണ് ഓരോന്നിനും പേരുകള്‍ നല്‍കിയതെന്നാണ് സംഘടന വ്യക്തമാക്കുന്നത്. ഈ ഏഴുകേന്ദ്രങ്ങളുടെ കാര്യത്തിലും അവ നേരത്തെ ഹിന്ദു പുണ്യസ്ഥലങ്ങളാണെന്ന് തെളിയിക്കാമെന്ന് സക്‌സേന പറഞ്ഞിട്ടുണ്ടെന്നും ഹിന്ദു സംഘടന പറയുന്നു. ഇതേക്കുറിച്ച് സംശയമുണ്ടെങ്കില്‍ പ്രദേശത്ത് ഖനനം നടത്തിയാല്‍ മതിയെന്നും അവിടെ നിന്ന് തന്നെ ഇതിനുള്ള തെളിവ് കിട്ടുമെന്നുമാണ് പ്രൊഫസര്‍ സക്‌സേന വ്യക്തമാക്കുന്നതെന്നും സംഘടന പറയുന്നത്.

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുന്നതിന് വേണ്ടി പുതുവത്സര ഹോമം സംഘടിപ്പിക്കുന്നുണ്ടെന്നും ഹിന്ദു മഹാസഭാ ദേശീയ സെക്രട്ടറി പൂജ ഷാകൂന്‍ പാണ്ഡേ വ്യക്തമാക്കി.

DONT MISS
Top