അന്ന് മലയാളി നഴ്‌സുമാരെ ഇറാഖില്‍ നിന്ന് രക്ഷിച്ചത് ദ്രുതഗതിയുള്ള നീക്കത്തിലൂടെ; ഇതേസമയത്ത് പിടികൂടപ്പെട്ട തൊഴിലാളികള്‍ക്ക് ഉണ്ടായത് ദാരുണ അന്ത്യം

ഇറാഖില്‍ നിന്ന് രക്ഷപെട്ടെത്തിയ നഴ്‌സുമാര്‍ (ഫയല്‍)

ദില്ലി: ഇറാഖില്‍ ഐഎസ് ആക്രമണം രൂക്ഷമായ പ്രദേശത്ത് നിന്നും മലയാളികള്‍ ഉള്‍പ്പെടെ 46 നഴ്‌സുമാരെ രക്ഷിച്ച് ഇന്ത്യയില്‍ മടക്കിക്കൊണ്ടുവരാന്‍ കഴിഞ്ഞത് ഇന്ത്യയുടെ നയതന്ത്ര നീക്കത്തിന്റെ വിജയമായിരുന്നു. മൂന്നുദിവസംകൊണ്ടാണ് നഴ്‌സുമാര്‍ തിക്രിതിലെ ഭീകരമേഖലയില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയത്. എന്നാല്‍ അതേസമയത്ത് തന്നെ മൊസൂളില്‍ കുടുങ്ങിയ 40 പേരടങ്ങുന്ന ഇന്ത്യന്‍ നിര്‍മാണ തൊഴിലാളികള്‍ക്ക് പക്ഷെ ഭീകരരുടെ പിടിയില്‍ നിന്ന് രക്ഷപെടാന്‍ കഴിഞ്ഞില്ല. ഇതില്‍ ഒരാള്‍ ഭീകരക്യാമ്പില്‍ നിന്ന് രക്ഷപെട്ടു. ബാക്കി 39 പേര്‍ക്കും ഐഎസ് ഭീകരരുടെ തോക്കിന്‍മുനയില്‍ ജീവിതം അവസാനിക്കാനായിരുന്നു വിധി.

ഇന്നലെ പാര്‍ലമെന്റില്‍ 39 ഇന്ത്യന്‍ തൊഴിലാളികളും കൊല്ലപ്പെട്ടതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സ്ഥിരീകരിച്ചതോടെ സമാനമായ സാഹചര്യത്തില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാര്‍ അത്ഭുതകരമായി രക്ഷപെട്ടതിന് പിന്നില്‍ നടന്ന നയതന്ത്രനീക്കങ്ങളും ഇടപെടലുകളും ഒരുവട്ടം കൂടി പലരുടെയും സ്മരണകളില്‍ വരുകയായിരുന്നു. അന്ന് കേരള മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഇക്കാര്യത്തില്‍ നടത്തിയ ചടുല നീക്കങ്ങള്‍ അന്നു തന്നെ അഭിനന്ദിക്കപ്പെട്ടിരുന്നു. കേന്ദ്രമന്ത്രി സുഷമാ സ്വരാജും ഇറാക്കിലെ ഇന്ത്യന്‍ എംബസിയിലെ മലയാളികളായ ഉദ്യോഗസ്ഥരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ചടുല നീക്കങ്ങളും നഴ്‌സുമാരെ രക്ഷപെടുത്തി നാട്ടിലെത്തിച്ചതിന് പിന്നിലുണ്ട്.

46 നഴ്‌സുമാരെയാണ് 2014 ജൂണ്‍ അവസാന വാരമാണ്  ഐഎസ് ഭീകരര്‍ തിക്രിത്തില്‍ തടഞ്ഞുവച്ചത്. നഴ്‌സുമാരില്‍ അഞ്ചുപേരൊഴികെ ബാക്കിയെല്ലാവരും മലയാളികളായിരുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലിലൂടെയാണ് നഴ്‌സുമാരെ സുരക്ഷിതരായി തിരിച്ചെത്തിക്കാന്‍ അന്ന് കഴിഞ്ഞത്. തടവിലായ ഇന്ത്യക്കാരെ കുറിച്ചറിയാന്‍ സിറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി വിദേശകാര്യ മന്ത്രാലയം നിരന്തര സമ്പര്‍ക്കം നടത്തിയിരുന്നു.

നഴ്‌സുമാരുടെ മോചനത്തിന് ഇറാഖ് സൈനിക ഇടപെടല്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇതിലുള്ള അപകടസാധ്യത മനസിലാക്കി സൈനിക നടപടി വേണ്ടെന്ന് വച്ചാണ് ഇന്ത്യ മറ്റ് മാര്‍ഗങ്ങള്‍ തേടിയത്. തിക്രിതിതില്‍ നിന്ന് മൂന്നുദിവസംകൊണ്ട് നഴ്‌സുമാരെ സുരക്ഷിതമേഖലയിലെത്തിക്കാന്‍ കഴിഞ്ഞു. തുടര്‍ന്ന് ഇവരെ നാട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു. നഴ്‌സുമാരുടെ മോചനം കാര്യക്ഷമമാക്കാനായി മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ദില്ലിയില് ക്യാമ്പ് ചെയ്താണ് ഓരോ നിമിഷവും ഇടപെടല്‍ നടത്തിയത്. ഇറാഖ് എംബസിയിലെ മലയാളി ഉദ്യോഗസ്ഥരായ രഞ്ജു മാത്തന്‍, സുരേഷ് റെഡ്ഡി എന്നിവരും കേരള കേഡറിലുള്ള ഐഎഎസ്. ഉദ്യോഗസ്ഥന്‍മാരായ ഗ്യാനേഷ് കുമാര്‍, രചനാ ഷാ എന്നിവരും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

നഴ്‌സുമാരെ ആദ്യം ഇര്‍ബിലിലേക്ക് എത്തിക്കുകയായിരുന്നു. ഇവിടെ നിന്ന് ഇവരെ കൊണ്ടുവരാനായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേകവിമാനം അയയക്കുകയായിരുന്നു. തുടര്‍ന്ന്ഒടുവില്‍ ജൂലൈ അഞ്ചിന് നഴ്‌സുമാര്‍ സുരക്ഷിതരായി നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങി.

സമാനസമയത്ത് തന്നെയാണ് നിര്‍മാണജോലിക്കായി ഇറാഖിലെ മൊസൂളിലുണ്ടായിരുന്ന 40 ഇന്ത്യന്‍ തൊഴിലാളികള്‍ ഭീകരരുടെ പിടിയിലായതും ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഇതില്‍ 39 പേര്‍ ക്രൂരമായി കൊലചെയ്യപ്പെട്ടതും.

DONT MISS
Top