പി20 പ്രോ: ഇക്കൊല്ലത്തെ വാവെയ് അഭിമാനതാരം


ഗുണമേന്മയിലും സാങ്കേതിക മികവിലും ആപ്പിളിനും സാംസങ്ങിനും ഒപ്പമാണ് വാവെയ് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാനം. ഒരിക്കലും പഴയ സാങ്കേതിക വിദ്യകള്‍ പൊടിതട്ടി അവതരിപ്പിക്കാതെ മറ്റ് കമ്പനികള്‍ക്ക് മാതൃകയാകുന്ന തരത്തിലുള്ള മികവാണ് പലപ്പോഴും വാവെയ് ഫോണുകള്‍ കാഴ്ച്ചവയ്ക്കാറ്. ഹോണര്‍ എന്ന ഉപ ബ്രാന്‍ഡിലൂടെ പോക്കറ്റിനൊതുങ്ങുന്ന ഫോണുകളും വാവെയ് അവതരിപ്പിക്കുന്നുണ്ട്.

മൂന്നാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ എന്ന പേര് ഒരോ മോഡല്‍ പുറത്തിറങ്ങുമ്പോഴും വാവെയ് ഉയര്‍ത്തിപ്പിടിക്കും. ലൈക്ക ബ്രാന്‍ഡിംഗുമായി എത്തിയ മേറ്റ് 10 എന്ന മോഡലിന്റെ ചിത്രങ്ങള്‍ക്ക് ആപ്പിളിനേയും സാംസങ്ങിനേയും അതിശയിപ്പിക്കുമാറ് ഗുണമേന്മയുണ്ടായിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സോടെ പെരുമാറുന്ന ഒഎസും പ്രൊസസ്സറും സമന്വയിപ്പിക്കാനും കമ്പനിക്ക് സാധിച്ചു.

ക്യാമറയുടെ മികവിലൂന്നി മറ്റൊരു ഫോണ്‍ കൂടി വാവെയില്‍നിന്ന് വരുകയാണ്. പി 20 പ്രോ എന്നാണ് മോഡലിന്റ് പേര്. പി 20, പി 20 ലൈറ്റ് എന്നീ മോഡലുകളും ഒപ്പമുണ്ട്. പി 20 പ്രോയില്‍ മൂന്ന് പിന്‍ ക്യാമറകളാണ് ചിത്രങ്ങള്‍ പകര്‍ത്താന്‍ തയാറായി നിലകൊള്ളുന്നത്. മൂന്ന് ക്യാമറകള്‍ക്കുംകൂടി 40 മെഗാപിക്‌സല്‍ വലിപ്പമുള്ള ചിത്രങ്ങള്‍ പകര്‍ത്താനാകും. ഏത് തരത്തിലാണ് മൂന്ന് ക്യാമറകളും വെവ്വേറെ പ്രവര്‍ത്തിക്കുക എന്നത് ഇപ്പോള്‍ വ്യക്തമല്ല. ലൈക്ക തന്നെയാണ് ഈ മോഡലിന്റേയും ക്യാമറകള്‍ക്ക് പിന്നില്‍.

72,000 രൂപയോളമാകും പുറത്തിറങ്ങുമ്പോള്‍ പി 20 പ്രോയ്ക്ക് വില. മറ്റ് മോഡലുകള്‍ക്ക് 30,000 രൂപ മുതലാകും ആരംഭം. ഒരുപക്ഷേ പുതിയ വണ്‍ പ്ലസ് മോഡലിനോട് ഏറ്റുമുട്ടുക എന്നതായിരിക്കും പി 20, പി 20 പ്ലസ് മോഡലുകളുടെ ലക്ഷ്യം. ഐഫോണിന്റെയും സാംസങ്ങിന്റേയും മുന്തിയ മോഡലുകളാകും പി 20 പ്രോയുടെ എതിരാളികള്‍.

ലോകത്തെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ എന്ന ഖ്യാതി ആപ്പിളിന്റേയും സാംസങ്ങിന്റെയും മോഡലുകള്‍ക്ക് നഷ്ടമായാലും അത്ഭുതപ്പെടാനില്ല. ചൈനീസ് ഫോണ്‍ എന്ന വിളിപ്പേരിനപ്പുറം വാവെയ് നല്‍കുന്ന മേന്മകള്‍ അവഗണിക്കാനാകാത്തതാണെന്ന് ടെക് സ്‌പെഷ്യലിസ്റ്റുകളെല്ലാം ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നു.

DONT MISS
Top