ഗുജറാത്തിന്റെ അടിയൊഴുക്കുകള്‍

രാഹുല്‍ ഗാന്ധി, നരേന്ദ്ര മോദി

ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ കേളികൊട്ടുയര്‍ന്നപ്പോള്‍ മുതല്‍ രാജ്യത്തിന്റെ രാഷ്ട്രീയം ഗുജറാത്തിലേക്ക് മാത്രമായി ചുരുങ്ങി. മോദി-രാഹുല്‍ നേരിട്ടുള്ള ഏറ്റുമുട്ടലില്‍ വിജയം ആര്‍ക്കൊപ്പം നില്‍ക്കും എന്ന ആകാംക്ഷയ്ക്കുമപ്പുറം രാജ്യത്തിന്റെ ഭാവി ഏത് ദിശയില്‍ സഞ്ചരിക്കും എന്നറിയാനുള്ള ഉദ്വേഗമായിരുന്നു. ഗാന്ധിജിയുടെ സ്വന്തം നാട്, സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിന് അനുസരിച്ച് പരിവര്‍ത്തനം ചെയ്യപ്പെട്ടപ്പോള്‍ രാജ്യത്തെ നടുക്കിയ സംഭവവികാസങ്ങള്‍ക്കാണ് ഗുജറാത്ത് സാക്ഷിയായത്. മോദി മോഡല്‍ വികസനമെന്ന് രാജ്യമൊട്ടുക്ക് പ്രചരണം നടത്തി ഗുജറാത്തില്‍ കാലൂന്നിയാണ് നരേന്ദ്ര മാദി രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്. മോദി ജയിക്കുകയും കോണ്‍ഗ്രസ് തോല്‍ക്കുകയും ചെയ്യാത്ത ഒരു തെരഞ്ഞെടുപ്പ്. ഒറ്റവരിയില്‍ ഈ തെരഞ്ഞെടുപ്പിനെ ഇങ്ങനെയാകും പറയാന്‍ കഴിയുക. മോദി കൊട്ടിഘോഷിച്ച കെട്ടുകാഴ്ചകളൊന്നും ഈ തെരഞ്ഞെടുപ്പില്‍ തുണച്ചില്ല എന്ന് നിസംശയം പറയാം. കോണ്‍ഗ്രസ് വലിയ നേട്ടമുണ്ടാക്കിയില്ലെങ്കിലും ബിജെപിയെ വിറപ്പിച്ചു എന്നതില്‍ തര്‍ക്കമേതുമില്ല. രാഹുല്‍ ഗാന്ധി എന്ന അലസനും പക്വതയില്ലാത്തവനുമായ രാഷ്ട്രീയക്കാരനെ അല്ല ഈ തെരഞ്ഞെടുപ്പില്‍ കണ്ടത്. രാഷ്ട്രീയ ചാണക്യതന്ത്രങ്ങള്‍ പയറ്റാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാരനിലേക്ക് രാഹുല്‍ഗാന്ധി മാറുന്ന കാഴ്ചയും ഈ തെരഞ്ഞെടുപ്പ് കാണിച്ചു തന്നു. എന്നാല്‍ അതേസമയം, കോണ്‍ഗ്രസ് പയറ്റിയ മൃദു ഹിന്ദുത്വകാര്‍ഡ് വിമര്‍ശനങ്ങളെ വിളിച്ച് വരുത്തുകയും ചെയ്തു. ഹിന്ദുത്വ കാര്‍ഡ് ഇറക്കി വിജയം കൊയ്യുന്ന ബിജെപി തന്ത്രം രാഹുലും കോണ്‍ഗ്രസും ഗുജറാത്തില്‍ സങ്കോചമേതുമില്ലാതെ പ്രയോഗിച്ചു.

2012 ലെ ഗുജറാത്ത് വംശഹത്യയെ കുറിച്ച് അവര്‍ ഉരിയാടിയില്ല. തീവ്രഹിന്ദുത്വത്തെ അതിജീവിക്കാന്‍ സെക്കുലറിസമാണ് വഴിയെന്ന നെഹ്‌റുവിയന്‍ പാഠം ഇനിയും ആരാണ് ഇവരെ പഠിപ്പിക്കേണ്ടത്. മതേതരത്വത്തിന്റെ നെഞ്ചുപിളര്‍ക്കുന്ന തൃശൂലങ്ങള്‍ക്കും ജയ് ശ്രീറാം വിളികള്‍ക്കുമിടയില്‍ മതേതരത്വമെന്ന് പതുക്കെ പറയാന്‍ പോലും ഭയന്നുനില്‍ക്കുന്ന കോണ്‍ഗ്രസ് ആശ്വാസമല്ല, ആശങ്ക മാത്രമാണ് ഇന്ത്യയ്ക്ക് നല്‍കുന്നത്.

ഫയല്‍ ചിത്രം

തെരഞ്ഞെടുപ്പില്‍ സംഭവിച്ചതിന്റെ നേര്‍ച്ചിത്രം ഇങ്ങനെയാണ്. 182 അംഗ നിയമസഭയില്‍ 99 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് 77 സീറ്റുകളും ഛോട്ടു വാസവയുടെ ഭാരത് ട്രൈബല്‍ പാര്‍ട്ടി രണ്ട് സീറ്റുകളും എന്‍സിപി ഒരുസീറ്റും സ്വതന്ത്രര്‍ മൂന്ന് സീറ്റുകളും നേടി. 2012 നിയമസഭാ തെരഞ്ഞെടുപ്പില്‍ 115 സീറ്റ് നേടിയിടത്താണ് ബിജെപി മൂന്നക്കം കടക്കാനാകാത്ത വിജയം നേടിയത്. കഴിഞ്ഞ 22 വര്‍ഷമായി കാവിക്കോട്ടയായിരുന്ന ഗുജറാത്ത് ഇക്കുറിയും ബിജെപി നിലനിര്‍ത്തിയെങ്കിലും ആ വിജയത്തിന്റെ തിളക്കം തുലോം കുറവായിരുന്നു. ഇതില്‍ രസകരമായ സംഭവം ആരാണ് മോദിക്കൊപ്പം നിന്നത് എന്ന് വിലയിരുത്തുമ്പോഴാണ്. ഗ്രാമീണ-കാര്‍ഷിക മേഖലകളില്‍ ബിജെപി ചരിത്രത്തില്‍ ഇന്നുവരെ അഭിമുഖീകരിക്കാത്ത തിരിച്ചടിയാണ് നേരിട്ടത്. തീര്‍ത്തും ലളിതമായി പറഞ്ഞാല്‍ മോദിയെ സാധാരണക്കാര്‍ തിരസ്‌കരിച്ചു. അത് തന്നെയാണ് ഈ തെരഞ്ഞെടുപ്പിന്റെ ഹൈലൈറ്റും. ഗ്രാമീണമേഖലയില്‍ കോണ്‍ഗ്രസ് സഖ്യത്തിന് 69 സീറ്റുകള്‍ ലഭിച്ചപ്പോള്‍ ബിജെപിക്ക് കിട്ടിയത് 55 സീറ്റുകളായിരുന്നു. എന്നാല്‍ നഗരമേഖല മോദിപ്രഭാവത്തില്‍ മയങ്ങിനില്‍ക്കുന്ന കാഴ്ചയും ഗുജറാത്തില്‍ കണ്ടു. നോട്ട് നിരോധനവും ജിഎസ്ടിയും നഗരമേഖലകളില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാക്കും എന്ന പ്രതീക്ഷകളെ പാടേ തെറ്റിക്കുന്നതായിരുന്നു അവിടെ നിന്നുള്ള ഫലസൂചനകള്‍. ഈ പരിഷ്‌കാരങ്ങളില്‍ അസ്വസ്ഥരായ നഗരമധ്യവര്‍ഗത്തെ കൂടെ നിര്‍ത്താന്‍ ബിജെപിക്ക് കഴിഞ്ഞു. സൂറത്തില്‍ മുഴുവന്‍ സീറ്റുകളും ബിജെപിക്ക് ലഭിച്ചു എന്നത് നല്‍കുന്ന സൂചന മറ്റൊന്നല്ല. നഗരങ്ങളില്‍ ബിജെപിക്ക് നാല്‍പ്പത്തിമൂന്ന് സീറ്റുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചതാകട്ടെ 12 സീറ്റ് മാത്രം.

കോണ്‍ഗ്രസിന്റെ സോഷ്യല്‍ എഞ്ചിനീയറിംഗിനെ ബിജെപി മറികടന്നത് ഹിന്ദുവോട്ടുകളുടെ ഏകീകരണത്തിലൂടെയാണ്. രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തില്‍ കണ്ട ആള്‍ക്കൂട്ടം ബിജെപിയെ അന്ധാളിപ്പിച്ചു. രണ്ടാംഘട്ടത്തില്‍ നരേന്ദ്ര മോദി കൈമെയ് മറന്നാണ് പ്രചരണം നടത്തിയത്. ഇതിന് ഗുണം കാണുകയും ചെയ്തു. നരേന്ദ്ര മോദി നടത്തിയ ഈ തീവ്രപ്രചരണം ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാന്‍ കാരണമായി. ഇതിന്റെ ഫലമായി ഈ വോട്ടുകള്‍ ബിജെപി അക്കൗണ്ടിലേക്ക് ഒഴുകിയെത്തി. സിഎസ്ഡിഎസ് നവംബര്‍ അവസാനം നടത്തിയ പ്രീ പോള്‍ സര്‍വേയില്‍ നാല്‍പ്പത്തിനാല് ശതമാനം ഹിന്ദുക്കളാണ് ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞിരുന്നതെങ്കില്‍ അവരുടെ എക്‌സിറ്റ് പോള്‍ സര്‍വേകളില്‍ അത് 55 ശതമാനമായി ഉയര്‍ന്നു. മന്‍മോഹന്‍ സിംഗ് നരേന്ദ്ര മോദിക്കെതിരെ പാകിസ്താനുമായി ഗൂഢാലോചന നടത്തുന്നുവെന്ന ഗുരുതര ആരോപണം മോദി പ്രചരണവേളയില്‍ ഉന്നയിച്ചു. വികസനത്തെക്കുറിച്ച് വാതോരാതെ പറഞ്ഞിരുന്നവര്‍ പ്രചരണത്തിന്റെ അവസാനത്തില്‍ ഹിന്ദുത്വത്തില്‍ ഊന്നി പ്രചരണം കൊഴുപ്പിച്ചു. രാഹുല്‍ഗാന്ധിയുടെ മതവും ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി. ജാതിസമവാക്യങ്ങളെയും സമുദായസമവാക്യങ്ങളെയും കൂട്ടുപിടിച്ചുള്ള തന്ത്രത്തില്‍ നിന്ന് ബിജെപിക്ക് ഒരിക്കലും പിന്നോട്ട് പോകാനാകില്ല. അത് തന്നെയാണ് ഇന്ന് രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണിയും.

ഈ തെരഞ്ഞെടുപ്പില്‍ രാജ്യം ചര്‍ച്ച ചെയ്ത മൂന്ന് പേരുകളായിരുന്നു ഹര്‍ദിക് പട്ടേല്‍, അല്‍പേഷ് ഠാക്കൂര്‍, ജിഗ്നേഷ് മേവാനി എന്നിവര്‍. പട്ടേല്‍ സമുദായത്തെ പ്രതിനിധീകരിച്ച് ഹര്‍ദിക് പട്ടേലും ഒബിസി നേതാവ് അല്‍പേഷ് ഠാക്കൂറും ദലിത് നേതാവ് ജിഗ്നേഷ് മേവാനിയും ഈ തെരഞ്ഞെടുപ്പിലെ താരങ്ങളായി. 22 വര്‍ഷം മുമ്പ് പട്ടീദാര്‍ വോട്ടുകളെ കൂട്ടുപിടിച്ച് അധികാരത്തിലെത്തിയ ബിജെപിക്ക് ഇക്കുറി ഹര്‍ദിക് പട്ടേല്‍ ഭീഷണിയായി. ഒബിസി സംവരണത്തിന് വേണ്ടി ശബ്ദമുയര്‍ത്തി അല്‍പേഷ് ഠാക്കൂറും തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ ചേരിയില്‍ സജീവമായി. പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയുടെ ഉറച്ച ശബ്ദമാകുകയായിരുന്നു ജിഗ്നേഷ് മേവാനിയെന്ന മുപ്പത്തിയഞ്ചുകാരനായ അഭിഭാഷകന്‍. ഈ മഴവില്‍ സഖ്യത്തിന്റെ ചിറകിലേറി കൂടിയായിരുന്നു കോണ്‍ഗ്രസ് പ്രചരണം കൊഴുപ്പിച്ചത്. എന്നാല്‍ വിശ്വാസ്യതയില്ലാത്ത പ്രാദേശിക നേതൃത്വവും സംഘടനാദൗര്‍ബല്യവും കോണ്‍ഗ്രസിന് ഉണ്ടാക്കിയത് ചെറുതല്ലാത്ത പരുക്കാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പോലും തലകുലുക്കി സമ്മതിക്കും. അതിന്റെ ഉദാഹരണങ്ങളാണ് കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളായ അര്‍ജുന്‍ മൊദ്‌വാദിയയുടെയും ശക്തിസിങ് കോഹിലിന്റെയും പരാജയം. ഇവിടെയാണ് ബിജെപിയുടെ വിജയവും. താഴേത്തട്ടിലെ സംഘടനാസംവിധാനം ബിജെപിക്ക് ഗുജറാത്തില്‍ നല്‍കുന്ന കരുത്ത് ചെറുതല്ല. അതാണ് കാവിക്കോട്ട കാക്കാന്‍ ബിജെപിയെ സഹായിക്കുന്ന പ്രധാന ഘടകവും.

ജിഗ്നേഷ് മേവാനി, അല്‍പേഷ് ഠാക്കൂര്‍, ഹാര്‍ദിക് പട്ടേല്‍

ഇക്കുറി ബിജെപിയെ വിറപ്പിക്കാന്‍ നിരവധി ആയുധങ്ങള്‍ കൈയിലുണ്ടായിട്ടും കോണ്‍ഗ്രസിന് ഭരണം പിടിക്കാന്‍ കഴിഞ്ഞില്ല. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചത് കോണ്‍ഗ്രസിന് തിരിച്ചടിയായി. അതായത് കുറഞ്ഞത് പത്ത് മണ്ഡലങ്ങളിലെങ്കിലും കോണ്‍ഗ്രസിന്റെ ജയം തടഞ്ഞത് ബിഎസ്പിയും എന്‍സിപിയും നേടിയ വോട്ടുകളാണ്. ബോട്ടഡ്, ഡോല്‍ക്ക, ഫത്തേപൂര്‍, പോര്‍ബന്തര്‍ തുടങ്ങിയ മണ്ഡലങ്ങള്‍ ഇതിന് ഉദാഹരണമാണ്. ഇതില്‍ പല മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചത് വളരെ കുറഞ്ഞ ഭൂരിപക്ഷം മാത്രമായിരുന്നു. ബോട്ടഡ് മണ്ഡലത്തില്‍ ബിജെപി ഭൂരിപക്ഷം 1,523 മാത്രമായിരുന്നു. അതേസമയം, ഈ മണ്ഡലത്തില്‍ എന്‍സിപിയും ആംആദ്മി പാര്‍ട്ടിയും ബിഎസ്പിയും കൂടി ചേര്‍ന്ന് നേടിയത് 1,841 വോട്ടുകള്‍. ഡോല്‍ക്കയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചത് 327 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. ഈ മണ്ഡലത്തില്‍ ബിഎസ്പി നേടിയത് 3,139 വോട്ടുകളും എന്‍സിപി നേടിയത് 1798 വോട്ടുകളും. ഫത്തേപൂരിലും പോര്‍ബന്തറിലും എല്ലാം ഇതേ അവസ്ഥയിലായിരുന്നു കണക്കുകള്‍. സംസ്ഥാനം നിലനിര്‍ത്തിയെന്ന് ബിജെപി ഊറ്റം കൊള്ളുമ്പോള്‍ ഈ കണക്കുകള്‍ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ഉറക്കം കെടുത്തുന്നവയാണ്. പക്ഷേ ഇത്തരത്തിലൊക്കെയാണെങ്കിലും വോട്ടിങ് ശതമാന കണക്കുകള്‍ രസകരമാണ്. 2012ല്‍ 47.9 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതമെങ്കില്‍ ഇക്കുറി അത് 49.1 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ 2014 ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വോട്ട് വിഹിതവുമായി തട്ടിച്ച് നോക്കുമ്പോള്‍ വോട്ട് വിഹിതത്തില്‍ കുറവ് സംഭവിച്ചിട്ടുണ്ട് എന്നും കാണാം. എന്നാല്‍ കോണ്‍ഗ്രസിന് അഭിമാനിക്കാന്‍ കുറച്ച് വക നല്‍കുന്നുണ്ട് ഈ തെരഞ്ഞെടുപ്പിലെ വോട്ട് വിഹിതം. 38.9 ആയിരുന്നു 2012 ല്‍ എങ്കില്‍ ഇക്കുറി അത് 42 ശതമാനം ആയി ഉയര്‍ന്നു.

വിജയ് രൂപാണി സര്‍ക്കാരിനെ നോക്കേണ്ടതില്ല, നിങ്ങള്‍ മോദിക്ക് വോട്ട് നല്‍കു എന്ന് പറഞ്ഞ് ജനങ്ങളെ സമീപിച്ച ബിജെപിക്ക് ഒട്ടും ആശ്വസിക്കാന്‍ വക നല്‍കുന്നതല്ല ഈ തെരഞ്ഞെടുപ്പ്. സൗരാഷ്ട്രയിലെയും കച്ചിലെയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സൂചനകളും ബിജെപിയെ അസ്വസ്ഥമാക്കുന്നതാണ്. ഗ്രാമീണ-കാര്‍ഷിക ജനത മോദിയെ തിരസ്‌കരിച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ ഇനി തര്‍ക്കം വേണ്ട. പക്ഷേ കോണ്‍ഗ്രസിനെ സ്വീകരിക്കാന്‍ ഗുജറാത്ത് ജനതക്ക് എത്രത്തോളം കഴിയും എന്നതും സംശയമാണ്. കാരണം ഇക്കുറി ഗുജറാത്തില്‍ അഞ്ചരലക്ഷമാണ് നോട്ടക്ക് വോട്ട് ചെയ്തത്. ബിജെപിയെ തിരസ്‌കരിക്കുന്നവര്‍ കോണ്‍ഗ്രസിനെ ഉള്‍ക്കൊള്ളാനും തയ്യാറല്ല എന്നതാണ് ഈ അഞ്ചരലക്ഷം ഉറക്കെപ്പറഞ്ഞത്. ഒപ്പം ഈ തെരഞ്ഞെടുപ്പില്‍ പരാമര്‍ശിക്കാന്‍ കഴിയാതെ പോകാനാകില്ല ജിഗ്നേഷ് മേവാനിയെ. ഫാസിസ്റ്റ് വിരുദ്ധ ചേരിയെ നയിക്കാന്‍ മാത്രം പ്രാപ്തനെന്ന് ദേശീയ മാധ്യമങ്ങള്‍ വാഴ്ത്തിപ്പാടുമ്പോഴും കോണ്‍ഗ്രസ് പിന്തുണയോടെ ജയിച്ചെത്തിയ ജിഗ്നേഷിന്റെ ഭൂരിപക്ഷം ഇനിയും ഉയരേണ്ടതായിരുന്നു എന്നതും ശ്രദ്ധേയം. 2019 ലെ പൊതു തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ ആയി വിലയിരുത്തിയ ഈ തെരഞ്ഞെടുപ്പ് കേന്ദ്രസര്‍ക്കാരിന് ഒട്ടും ആശ്വസിക്കാന്‍ വകനല്‍കുന്നില്ല എന്നത് നിസ്തര്‍ക്കമാണ്.

വിജയ് രൂപാണി

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ആളും അര്‍ത്ഥവും ജാതീയതയെ കൂട്ടുപിടിച്ചുള്ള പ്രചരണവും ഒക്കെ ചേര്‍ന്ന് പയറ്റിയെങ്കിലും തീരെ തിളക്കം കുറഞ്ഞ് പോയി ബിജെപിയുടെ ജയത്തിന്. ഇനി ഗുജറാത്ത് ഭരിക്കുമ്പോള്‍ ബിജെപിയുടെ ശബ്ദം മാത്രം എന്ന നിലയില്‍ നിന്ന് സംസ്ഥാനം മുന്നോട്ട് പോയിരിക്കുന്നു. ശക്തമായൊരു പ്രതിപക്ഷം ഇനി ഗുജറാത്ത് നിയമസഭയിലുണ്ട്. ഗ്രാമങ്ങള്‍ മോദിയെ കൈവിട്ടു എന്ന് പറയുമ്പോള്‍ സാധാരണക്കാരനില്‍ നിന്ന് അകന്ന് കഴിഞ്ഞു ബിജെപി എന്ന് സംശയലേശമെന്യേ പറയാം. ഗ്രാമങ്ങള്‍ നഗരങ്ങളെ വളയുന്ന കാലം വിദൂരമല്ല. ഉത്തരേന്ത്യയുടെ മനസ് എന്നാല്‍ അത് കര്‍ഷകന്റെ മനസ് എന്നത് തന്നെയാണ് ചരിത്രം. അത് കൊണ്ട് ഈ തെരഞ്ഞെടുപ്പ് മോദിയുടെ പരിഷ്‌കാരങ്ങളുമായി മുന്നോട്ട് പോകാനുള്ള ബ്ലാങ്ക് ചെക്കായിരിക്കുമെന്ന അവകാശവാദത്തിനൊക്കെ വിരാമമിടാം. ഇന്ത്യ മാറിത്തുടങ്ങിയിരിക്കുന്നു. ഫാസിസത്തെ ഏറെ നാള്‍ സഹിക്കാന്‍ മതേതര ഇന്ത്യക്ക് കഴിയില്ല. ഗുജറാത്ത് രാഷ്ട്രീയ ഭൂമിക നല്‍കിയത് രാജ്യത്തിന്റെ വരാനിരിക്കുന്ന ഭാവിയിലേക്കുള്ള ദിശാസൂചകമാണ്.

DONT MISS
Top