ഫെയ്‌സ്ബുക്ക് ടൈം ലൈനുകളില്‍ വരുന്ന ആപ്പ് ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നവര്‍ കേംബ്രിഡ്ജ് അനാലിറ്റികയെ കുറിച്ച് അറിഞ്ഞിരിക്കണം

ട്രംപും ഹിലരിയും തെരഞ്ഞെടുപ്പ് വേളയില്‍

2016 ലെ അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ ഹില്ലരി ക്ലിന്റന്റെ വിജയം അമേരിക്കയിലെ മിക്ക മാധ്യമ സ്ഥാപനങ്ങളും അഭിപ്രായ സര്‍വേകള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വോട്ടെണ്ണല്‍ ദിവസം പുലര്‍ച്ചെ പുറത്തിറങ്ങിയ ന്യൂയോര്‍ക്ക് ടൈംസ് അമേരിക്കയിലെ ആദ്യ വനിത പ്രസിഡന്റിന്റെ വിജയത്തിന് ഇനി മണിക്കൂറുകള്‍ മാത്രം എന്ന് റിപ്പോര്‍ട്ട് ചെയ്തു. ഏവരെയും ഞെട്ടിച്ച് ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കന്‍ വോട്ടര്‍മാര്‍ ഡോണള്‍ഡ് ട്രംപിന് നല്‍കിയ പിന്തുണ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് പബ്ലിഷര്‍ ആര്‍തര്‍ സുല്‍സ്ബര്‍ഗറും എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഡീന്‍ ബക്യുറ്റും തുറന്ന് സമ്മതിച്ചു.

സോഷ്യല്‍ മീഡിയയിലൂടെ വോട്ടര്‍മാരെ ഉന്നം വച്ച് നടത്തിയ പ്രചാരണം (Targeted Campaign) ആണ് ട്രംപിന്റെ വിജയത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാന്ന് പിന്നീട് പല പഠനങ്ങളും കണ്ടെത്തി. സോഷ്യല്‍ മീഡിയയില്‍ ട്രംപിന് പ്രചാരണത്തിനുള്ള ഡാറ്റ നല്‍കിയ സ്ഥാപനമാണ് കേംബ്രിഡ്ജ് അനാലിറ്റിക. അമേരിക്കയിലെ 50 ദശലക്ഷം വ്യക്തികളുടെ ഡാറ്റയാണ് കേംബ്രിഡ്ജ് അനാലിറ്റിക ട്രംപിന്റെ പ്രചാരണ വിഭാഗത്തിന് കൈമാറിയത് എന്നാണ് ഇപ്പോള്‍ എഫ്ബിഐ കണ്ടെത്തിയിരിക്കുന്നത്. സ്വകാര്യത ലംഘിച്ച്, വ്യക്തികള്‍ അറിയാതെ അവരുടെ ‘സ്വകാര്യമായ വിവരങ്ങള്‍’ പോലും ഫെയ്‌സ്ബുക്കില്‍ നിന്ന് ചോര്‍ത്തിയാണ് കേംബ്രിഡ്ജ് അനാലിറ്റിക ഡാറ്റാബേസ് രൂപീകരിച്ചത്. കേംബ്രിഡ്ജ് സര്‍വകലാശാല അധ്യാപകനും റഷ്യകാരനുമായ അലക്‌സാണ്ടര്‍ കോഗന്റെ ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ച് എന്ന സ്ഥാപനമാണ് കേംബ്രിഡ്ജ് അനാലിറ്റികയ്ക്ക് വേണ്ടി ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവരുടെ ഡാറ്റ ചോര്‍ത്തിയത്.

അക്കാദമിക ആവശ്യങ്ങള്‍ക്ക് ഡാറ്റ ലഭിക്കുന്നതിനായി ‘thisisyourdigitallife’ എന്ന വ്യക്തിത്വ പരിശോധന ആപ്പ് സൃഷ്ടിച്ച് കൊണ്ടാണ് കോഗന്‍ വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തിയത്. ഈ ആപ്പ് ഫെയ്‌സ്ബുക്ക് വഴി കോഗന്‍ പ്രചരിപ്പിച്ചു. ആപ്പ് ഉപയോഗിക്കുന്നവരോട് ഫെയ്‌സ്ബുക്ക് വഴി ലോഗിന്‍ ചെയ്യണം എന്നും ആവശ്യപ്പെട്ടു. 50 ചോദ്യങ്ങള്‍ ആണ് വ്യക്തിത്വ പരിശോധനയ്ക്കായി ആപ്പ് വ്യക്തികളോട് ആരാഞ്ഞിരുന്നത്. ഏതാണ്ട് അമേരിക്കയിലെ രണ്ട് ലക്ഷത്തി എഴുപതിനായിരം പേര്‍ ഈ ആപ്പിലൂടെ വ്യക്തിത്വ പരിശോധനയില്‍ പങ്കെടുത്തതായി അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ കണ്ടെത്തിയിട്ടുണ്ട്. ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ ആപ്പില്‍ ലോഗിന്‍ ചെയ്യുമ്പോള്‍, പ്രൊഫൈലില്‍ ഉള്ള വിവരങ്ങള്‍ക്ക് പുറമെ, ഒരു വ്യക്തിയുടെ ഇഷ്ടാനിഷ്ഠങ്ങള്‍ വരെ ‘thisisyourdigitallife’ എന്ന ആപ്പിലൂടെ കോഗന്‍ ചോര്‍ത്തിയിരുന്നു.

പ്രതീകാത്മക ചിത്രം

ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ ഒരു വ്യക്തി ഈ ആപ്പിലേക്ക് കടക്കുമ്പോള്‍, അദ്ദേഹത്തിന്റെ ഫ്രണ്ട്‌സ് ലിസ്റ്റില്‍ ഉള്ള മുഴുവന്‍ പേരുടെയും ഡീറ്റെയില്‍സ് അലക്‌സാണ്ടര്‍ കോഗന് ലഭിക്കുമായിരുന്നു. അങ്ങനെ 50 ദശലക്ഷം അമേരിക്കകാരുടെ തികച്ചും സ്വകാര്യം ആയ വിവരങ്ങള്‍ അലക്‌സാണ്ടര്‍ കോഗന്റെ ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ച് എന്ന സ്ഥാപനം കൈവശപ്പെടുത്തി. ഫെയ്‌സ്ബുക്കിനും ഈ ചോര്‍ത്തല്‍ അറിയാമായിരുന്നു. എന്നാല്‍ അക്കാദമിക്ക് ആവശ്യങ്ങള്‍ക്കാണ് വിവര ശേഖരണം എന്നതിനാലും മൂന്നാമതൊരു കക്ഷിക്ക് വിവരം കൈമാറില്ല എന്ന ധാരണയിലും നടപടി സ്വീകരിച്ചില്ല എന്നാണ് ഫെയ്‌സ്ബുക്ക് ഇപ്പോള്‍ വിശദീകരണം നല്‍കുന്നത്. അലക്‌സാണ്ടര്‍ കോഗന്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് ചോര്‍ത്തിയ വിവരങ്ങള്‍ ഡാറ്റ അനാലിസിസ് സ്ഥാപനമായ കേംബ്രിഡ്ജ് അനാലിറ്റികയ്ക്ക് കൈമാറി.

റോബര്‍ട്ട് മെര്‍ക്കര്‍ എന്ന കോടീശ്വരനാണ് കേംബ്രിഡ്ജ് അനാലിറ്റികയുടെ മുഖ്യ നിക്ഷേപകന്‍. ഡോണള്‍ഡ് ട്രംപിന്റെ മുന്‍ ഉപദേശകന്‍ ആയിരുന്ന സ്റ്റീവ് ബാനോന്‍ 2014 മുതല്‍ 16 വരെ കേംബ്രിഡ്ജ് അനാലിറ്റികയുടെ ഡയറക്റ്റര്‍ ബോര്‍ഡ് അംഗം ആയിരുന്നു. കേംബ്രിഡ്ജ് അനാലിറ്റികയുടെ മുന്‍ ജീവനക്കാരനായ ക്രിസ്റ്റഫര്‍ വൈലീ ആണ് ഫെയ്‌സ്ബുക്കില്‍ നിന്ന് ചോര്‍ത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സോഷ്യല്‍ മീഡിയ പ്രചരണത്തിനുള്ള മറ്റ് ടൂളുകള്‍ തയ്യാറാക്കിയത്. ഫെയ്‌സ്ബുക്കില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയതും അത് എങ്ങനെ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചെന്നും ഇപ്പോള്‍ പരസ്യപ്പെടുത്തിയതും ക്രിസ്റ്റഫര്‍ വൈലീ ആണ്.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാത്രം അല്ല, ബ്രിട്ടനിലെ ബ്രെക്‌സിറ്റ് ജനഹിത പരിശോധനയിലും കേംബ്രിഡ്ജ് അനാലിറ്റികയുടെ ഡാറ്റ ജനഹിതത്തെ സ്വാധീനിക്കാന്‍ ഉപയോഗിച്ചു എന്നാണ് ക്രിസ്റ്റഫര്‍ വൈലീ വെളിപ്പെടുത്തിയിരിക്കുന്നത്. ലോകത്തെ സുശക്തമായ ജനാധിപത്യ രാഷ്ട്രങ്ങള്‍ എന്ന് അവകാശപെടുന്ന അമേരിക്കയിലെയും ബ്രിട്ടണിലെയും തെരഞ്ഞെടുപ്പ് വിധികള്‍ എങ്ങനെയാണ് കേംബ്രിഡ്ജ് സര്‍വകലാശായിലെ ഒരു അധ്യാപകനും അധ്യാപകന്‍ കൈവശപെടുത്തിയ ഡാറ്റയുടെ അടിസ്ഥാനത്തില്‍ 27 വയസുകാരന്‍ ആയ ക്രിസ്റ്റഫര്‍ വൈലീ എന്ന ചെറുപ്പക്കാരനും ചേര്‍ന്ന് സ്വാധീനിച്ചത് എന്ന് വിശദമായി പഠിക്കേണ്ട വിഷയമാണ്.

അതിനെക്കാള്‍ ഉപരിയായി പല ആശങ്കകളും ഈ വാര്‍ത്ത നല്‍കുന്നുണ്ട്. ഒന്ന് നമ്മുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ എത്ര സുരക്ഷിതം ആണ്? ആകര്‍ഷിക്കുന്ന ചോദ്യങ്ങളുമായി കാണുന്ന ആപ്പുകള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കേംബ്രിഡ്ജ് അനാലിറ്റിക, ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ച് തുടങ്ങിയ സ്ഥാപനങ്ങളെ കുറിച്ച് ഓര്‍ക്കുക. നിങ്ങളുടെ മാത്രമല്ല, നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റില്‍ ഉള്ളവരുടെയും വിവരങ്ങള്‍ നിങ്ങളോ, അവരോ അറിയാതെ ചോര്‍ത്തപ്പെട്ടേക്കാം. സ്വകാര്യത ലംഘിച്ച് കവര്‍ന്നെടുക്കുന്ന ഇത്തരം ഡാറ്റകള്‍ നമ്മുടെ ജനാധിപത്യ പ്രക്രിയകളെ സ്വാധീനിക്കുന്ന കാലം വിദൂരമല്ല. പണവും ഡാറ്റയും ഉള്ളവരുടേതാകും നാളകളിലെ തെരഞ്ഞെടുപ്പുകള്‍.

DONT MISS
Top