സഹകരണ കോര്‍ബാങ്കിംഗ് ഇഫ്താസിനെ ഏല്‍പ്പിച്ചതില്‍ ദുരൂഹത തുടരുന്നു, മുന്‍പരിചയമില്ലാത്ത കമ്പനിയെ ഏല്‍പ്പിച്ചത് ടെന്‍ഡര്‍ പോലും ഇല്ലാതെ

ഫയല്‍ ചിത്രം

കണ്ണൂര്‍: സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളുടെ സോഫ്റ്റ്‌വെയര്‍ ഏകീകരണത്തിനുള്ള ചുമതല ഇഫ്താസ് എന്ന കമ്പനിയെ ഏല്‍പ്പിച്ചതിലുള്ള ദുരൂഹത തുടരുകയാണ്. വയനാട്, ഇടുക്കി ജില്ലകളില്‍ ഏകീകൃത സോഫ്റ്റ്‌വെയര്‍ നടപ്പാക്കുന്നതില്‍ ഇഫ്താസ് പരാജയമായിരുന്നു. ഇവിടങ്ങളില്‍ സ്ഥാപിച്ചത് ഇഫ്താസിന്റെ സോഫ്റ്റ്‌വെയറുമല്ല. മുന്‍പരിചയമില്ലാത്ത കമ്പനിയെ ടെന്‍ഡര്‍ പോലുമില്ലാതെ തെരഞ്ഞെടുത്തതാണ് തട്ടിപ്പു നടത്താനാണെന്ന സംശയം ഉയര്‍ത്തുന്നത്.

കഴിഞ്ഞ മാസം 15ന് സഹകരണവകുപ്പ് ഇറക്കിയ ഉത്തരവിലാണ് പ്രാഥമിക സഹകരണബാങ്കുകളിലെ സോഫ്റ്റ്‌വെയര്‍ ഏകീകരിക്കാന്‍ ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി ആന്റ് അലൈഡ് സര്‍വീസ് (ഇഫ്താസ്) നെ ചുമതലപ്പെടുത്തുന്നത്. നബാര്‍ഡിലേതടക്കം ഉദ്യോഗസ്ഥര്‍ അംഗങ്ങളായുള്ള കമ്പനിയാണ് ഇഫ്താസ്. ഇടുക്കി ബാങ്കിലാണ് ഇഫ്താസ് ആദ്യം സോഫ്റ്റ്‌വെയര്‍ സ്ഥാപിച്ചത്. മറ്റൊരു കമ്പനിയുടെ നെലിറ്റോ എന്ന സോഫ്റ്റ്‌വെയര്‍ ആയിരുന്നു ഇത്. എന്നാല്‍ ബാങ്കുകള്‍ തമ്മിലുള്ള സംയോജനം പൂര്‍ണമായി നടപ്പിലാക്കാനായില്ല.

പ്രാഥമിക ബാങ്കുകളിലെ കാര്‍ഷിക വായ്പകള്‍ ജില്ലാ ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യണമെന്ന കേന്ദ്രനിര്‍ദേശം വന്നതോടെ സോഫ്റ്റ്‌വെയര്‍ ഏകീകരണത്തിന് സര്‍ക്കാര്‍ നിര്‍ബന്ധിതമായി. വയനാട്ടിലാണ് പരീക്ഷണാര്‍ത്ഥം സോഫ്റ്റ്‌വെയര്‍ ഏകീകരണം ഇഫ്താസ് നടപ്പാക്കിയത്. വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന പെര്‍ഫെക്ട് എന്ന സോഫ്റ്റ്‌വെയര്‍ കമ്പനിയുമായി ഇഫ്താസ് ധാരണയിലെത്തി. എന്നാല്‍ ഇതും പരാജയപ്പെട്ടു. ഇതോടെ മറ്റ് ജില്ലകളിലെ ഏകീകരണവും നിലച്ചു.

സ്വന്തമായി സോഫ്റ്റ്‌വെയര്‍ ഇല്ലാത്ത ഇഫ്താസ് മുന്നോട്ട് പോകുന്നതിനെ സര്‍ക്കാര്‍ നിയോഗിച്ച സ്റ്റിയറിങ് കമ്മറ്റിയിലുള്ളവര്‍ എതിര്‍ത്തു. പിന്നീട് സ്വന്തമായി സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി ഇഫ്താസ് അവതരിപ്പിച്ചെങ്കിലും സ്റ്റിയറിങ് കമ്മറ്റി അംഗങ്ങളും പ്രാഥമിക ബാങ്കുകളുടെ പ്രതിനിധികളും അതൃപ്തി അറിയിച്ചു. പിന്നീട് മാസങ്ങള്‍ക്ക് ശേഷം സര്‍ക്കാര്‍ ഉത്തരവിലൂടെയാണ് ഇഫ്താസ് രംഗപ്രവേശം ചെയ്യുന്നത്. മുന്‍പരിചയമില്ലാത്ത, സ്വന്തമായി സോഫ്റ്റ്‌വെയര്‍ ഇല്ലാത്ത കമ്പനിയെ ടെന്‍ഡര്‍ പോലുമില്ലാതെ ഉള്‍പ്പെടുത്തിയതിനെ ആണ് നിയമസഭയില്‍ പ്രതിപക്ഷവും ചോദ്യം ചെയ്തത്.

ആരാണ് ഇഫ്താസിനെ സര്‍ക്കാരിന് മുന്‍പില്‍ എത്തിച്ചത് എന്നതും ഇഫ്താസ് തന്നെ വേണമെന്ന് സര്‍ക്കാര്‍ വാശി പിടിക്കുന്നത് എന്തിനാണ് എന്നതും ഉത്തരം കിട്ടാതെ തുടരുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top