അവിശ്വാസപ്രമേയം ഇന്ന് ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യണം; ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും കത്ത് നല്‍കി

ഫയല്‍ ചിത്രം

ദില്ലി: അവിശ്വാസപ്രമേയം ഇന്ന് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭ സെക്രട്ടറിക്ക് ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും കത്ത് നല്‍കി. ഇന്ന് സഭയില്‍ ഹാജരായിരിക്കണം എന്ന് ആവശ്യപ്പെട്ട് ഇരു പാര്‍ട്ടികളും തങ്ങളുടെ എംപി മാര്‍ക്ക് വിപ്പ് നല്‍കി. ഇന്ന് പരിഗണിക്കുന്ന വിഷയങ്ങളുടെ പട്ടികയില്‍ അടിയന്തര പ്രമേയം ഉള്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സുബ്ബ റെഡ്ഡി ലോക്‌സഭാ സെക്രട്ടറി ജനറല്‍ സ്‌നേഹലത ശ്രീവാസ്തവയ്ക്കാണ് കത്ത് നല്‍കിയത്.

ഇന്നലെ എഐഎഡിഎംകെ അംഗങ്ങള്‍ ഉള്‍പ്പടെ നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചതിനെ തുടര്‍ന്ന് അവിശ്വാസ പ്രമേയം ചര്‍ച്ചക്ക് എടുക്കാതെ ലോക്‌സഭ പിരിയുകയായിരുന്നു. അവിശ്വാസപ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാന്‍ സഭാനടപടികളുമായി സഹകരിക്കണമെന്ന സ്പീക്കര്‍ സുമിത്ര മഹാജന്റെ ആവശ്യം എഐഎഡിഎംകെ അംഗങ്ങള്‍ തള്ളി.

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്നാവശ്യപ്പെട്ടാണ് തെലുങ്കുദേശം പാര്‍ട്ടിയും വൈഎസ്ആര്‍ കോണ്‍ഗ്രസും അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. ആന്ധ്രക്ക് പ്രത്യേക പദവി നല്‍കും എന്ന വാഗ്ദാനം മോദി സര്‍ക്കാര്‍ ലംഘിച്ചു എന്ന് ആരോപിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസാണ് ആദ്യം അവിശ്വാസ പ്രമേയം കൊണ്ട് വരുന്നത്. പിന്നാലെ ടിഡിപിയും ഇതേ ആവശ്യം മുന്നോട്ട് വെച്ചു.

ഇന്നലെ ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ കാവേരി ബോര്‍ഡ് രൂപീകരണവുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ച് എഐഎഡിഎംകെ അംഗങ്ങള്‍ പ്ലക്കാര്‍ഡുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിആര്‍എസ് അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. ഇതേ തുടര്‍ന്ന് സഭാ നടപടികള്‍ 12 മണി വരെ നിര്‍ത്തിവെച്ചു. 12 മണിക്ക് സഭ സമ്മേളിച്ചപ്പോള്‍ അവിശ്വാസ പ്രമേയത്തിന് എത്ര പേരുടെ പിന്തുണ ഉണ്ടെന്ന് അറിയുന്നതിന് വോട്ടെടുപ്പിലേക്ക് കടക്കാന്‍ സ്പീക്കര്‍ അംഗങ്ങളുടെ സഹകരണം ആരാഞ്ഞു. എന്നാല്‍ നടുത്തളത്തില്‍ നിന്ന് ഇരുപ്പടങ്ങളിലേക്ക് മടങ്ങാന്‍ എഐഎഡിഎംകെ അംഗങ്ങള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സഭാ നടപടികള്‍  നിര്‍ത്തി വെയ്ക്കുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

അന്‍പത് അംഗങ്ങളുടെ പിന്തുണ ഉണ്ടെങ്കില്‍ മാത്രമേ അവിശ്വാസ പ്രമേയത്തിന് ലോക്‌സഭാ സ്പീക്കര്‍ അവതരണ അനുമതി നല്‍കുകയുള്ളൂ. ലോക്‌സഭയില്‍ ടിഡിപിക്ക് 15 അംഗങ്ങളും, വൈഎസ്ആര്‍ കോണ്‍ഗ്രസിന് എട്ട് അംഗങ്ങളും ആണ് ഉള്ളത്. പ്രമേയത്തിന് പിന്തുണ നല്‍കും എന്ന് കോണ്‍ഗ്രസ്സും ഇടത് പാര്‍ട്ടികളും വ്യക്തമാക്കിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top