“ഗോളടിക്കാന്‍ എതിര്‍ കളിക്കാരന് പുറമെ ബാറ്റ്‌സ്മാനേക്കൂടി ഞാന്‍ ഡ്രിബിള്‍ ചെയ്തു”, കൊച്ചി മൈതാനം ക്രിക്കറ്റിനായി കുഴിച്ച് നശിപ്പിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് സികെ വിനീത്

കൊച്ചി: കൊച്ചി മൈതാനം ക്രിക്കറ്റിനായി കുഴിച്ച് നശിപ്പിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് സികെ വിനീത്. കലൂര്‍ മൈതാനം ക്രിക്കറ്റിനായി കുഴിക്കുമെവന്ന് താന്‍ പലതവണ കേട്ടു. പലകാരണങ്ങള്‍ കൊണ്ടും അത് തെറ്റാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും വിനീത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

“ഫിഫ അംഗീകാരം ലഭിച്ച ഇന്ത്യയിലെ ആറ് സ്റ്റേഡിയങ്ങളില്‍ ഒന്നാണ് കൊച്ചിയിലെ സ്‌റ്റേഡിയം. ക്രിക്കറ്റ് നടത്തിയാല്‍ ഈ അംഗീകാരം നഷ്ടമായേക്കും. അത് വീണ്ടും നേടിയെടുക്കാന്‍ പാടുപെടും”, വിനീത് കുറിച്ചു.

“കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരഭിമുഖത്തില്‍ കുട്ടിക്കാലത്ത് താന്‍ പരിശീലിച്ചതിനേക്കുറിച്ച് പറഞ്ഞിരുവന്നു. ഒരേസമയം മൂന്നോ നാലോ ക്രിക്കറ്റ് മത്സരം നടന്നുകൊണ്ടിരുന്ന മൈതാനത്താണ് ഞാന്‍ പരിശീലിച്ചത്. ഗോളടിക്കാന്‍ എതിര്‍ കളിക്കാരന് പുറമെ ബാറ്റ്‌സ്മാനേക്കൂടി ഞാന്‍ ഡ്രിബിള്‍ ചെയ്തിട്ടുണ്ട്. ഒരു കളി നിലനില്‍ക്കാന്‍ മറ്റൊന്നിനെ തകര്‍ക്കരുതെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഒരു രാജ്യമെന്ന നിലയില്‍ നാം വളരാന്‍ ശ്രമിക്കുകയാണ്. ക്രിക്കറ്റ് തലയിലേറ്റിയ ഇന്ത്യയില്‍ ഫുട്‌ബോള്‍ മൈതാനം തന്നെ കുഴിക്കണമെന്ന് നിര്‍ബന്ധമുണ്ടോ?”, വിനീത് ചോദിക്കുന്നു.

ക്രിക്കറ്റിനായി കലൂര്‍ മൈതാനം പൊളിക്കുന്നതിനെ വിമര്‍ശിച്ച് പല പ്രമുഖരും രംഗത്തുവന്നു. ഇയാന്‍ ഹ്യൂമും എന്‍എസ് മാധവനും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. തിരുവനന്തപുരത്ത് ഒരു ക്രിക്കറ്റ് സ്‌റ്റേഡിയം ഉണ്ടായിട്ടും കൊച്ചി സ്‌റ്റേഡിയം നശിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധമുയരുന്നത്.

DONT MISS
Top