“തിരുവനന്തപുരത്ത് ക്രിക്കറ്റ് സ്‌റ്റേഡിയമുണ്ട്, പിന്നെന്തിന് കലൂര്‍ സ്റ്റേഡിയം കുഴിച്ച് നശിപ്പിക്കണം?”, കലൂര്‍ സ്റ്റേഡിയത്തിനായി ശബ്ദമുയര്‍ത്തി വിനീതും ഹ്യൂമും


കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ആഗതമാകുന്ന ക്രിക്കറ്റ് മത്സരം തിരുവനന്തപുരം കാര്യവട്ടത്തേക്ക് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. ഫുട്‌ബോള്‍ സ്‌നേഹികള്‍ക്ക് പുറമെ കളിക്കാരും ഇതേ ആവശ്യമുന്നയിച്ച് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം അറിയിച്ചു. കേരളാ ബ്ലാസ്റ്റേഴ്‌സ് താരമായ ഇയാന്‍ ഹ്യൂമും സികെ വിനീതും ഇക്കാര്യം കുറിച്ചു.

സേവ് കൊച്ചി ടര്‍ഫ് എന്ന ഹാഷ് ടാഗോടെയാണ് ഹ്യൂം കുറിച്ചത്. ഐഎസ്എല്ലിന്റെ ആദ്യ സീസണില്‍ താന്‍ ഇവിടെയുണ്ടായിരുന്നുവെന്നും ക്രിക്കറ്റ് ഗ്രൗണ്ട് ഫുട്‌ബോള്‍ ഗ്രൗണ്ടാക്കിയ കഷ്ടപ്പാടുകള്‍ താന്‍ കണ്ടു എന്നും അദ്ദേഹം പറഞ്ഞു. എട്ടാഴ്ച്ച നീണ്ട പരിശ്രമത്തിനൊടുവിലാണ് അതൊരു ഫുട്‌ബോള്‍ സ്‌റ്റേഡിയമായി മാറ്റിയത്. അദ്ദേഹം കുറിച്ചു.

അണ്ടര്‍ 17 ലോകകപ്പിനും ഐഎസ്എല്‍ നാലാം സീസണും മൈതാനമൊരുക്കാന്‍ ചെലവഴിച്ച തുകയും സമയവും പരിഹസിക്കപ്പെടുകയാണ്. തിരുവനന്തപുരത്ത് ക്രിക്കറ്റിന് മാത്രമായി ഒരു സ്‌റ്റേഡിയമുണ്ടല്ലോ. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് ഫുട്‌ബോളിനായി അവര്‍ വിട്ടുനല്‍കുമോ? അദ്ദേഹം ചോദിച്ചു.

എന്നാല്‍ ക്രിക്കറ്റ് ആരാധകരെ വിഷമിപ്പിക്കാനല്ല താന്‍ ഇത് ചോദിക്കുന്നതെന്ന് ഹ്യൂം പറഞ്ഞു. ക്രിക്കറ്റിനായി മാത്രമൊരു സ്റ്റേഡിയമുള്ളപ്പോള്‍ ഇതിന്റെ ആവശ്യമുണ്ടോ എന്നതുമാത്രമാണ് ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സികെ വിനീതും സമാനമായ അഭിപ്രായവുമായി രംഗത്തെത്തി. ഈ സ്റ്റേഡിയം ക്രിക്കറ്റ് ആവശ്യത്തിനായി കുഴിക്കുമെന്ന് താന്‍ കേട്ടു. പല കാരങ്ങള്‍ കൊണ്ടും അത് തെറ്റാണെന്ന് വിശ്വസിക്കുന്നതായും വിനീത് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top