കെഎം മാണി കൊള്ളക്കാരനല്ലെന്ന് ശ്രീധരന്‍ പിള്ള; നിലപാടില്‍ ഉറച്ച് നില്‍ക്കുന്നെന്ന് വി മുരളീധരന്‍


ആലപ്പുഴ: കെഎം മാണിയുമായുള്ള സഹകരണത്തെ ചൊല്ലി ഉടലെടുത്ത തര്‍ക്കം ബിജെപിയിലെ ഗ്രൂപ്പ്പോര് രൂക്ഷമാക്കുന്നു. കെഎം മാണിക്കെതിരായ വി മുരളീധരന്റെ പ്രസ്താവനയെ തള്ളി ചെങ്ങന്നൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്‍പിള്ള രംഗത്തെത്തി. കെഎം മാണി കൊള്ളക്കാരനാണെന്ന അഭിപ്രായം തനിക്കില്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. എന്നാല്‍ കെഎം മാണിയോടുള്ള ബിജെപി നിലപാടില്‍ മാറ്റമില്ലെന്ന് ബിജെപിയുടെ നിയുക്ത രാജ്യസഭാ എംപി വി മുരളീധരന്‍ വ്യക്തമാക്കി.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിന്തുണതേടി ദേശീയനിര്‍വാഹകസമിതി അംഗം പികെ കൃഷ്ണദാസ് കെഎം മാണിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനോടുള്ള പ്രതികരണമായി വി മുരളീധരന്‍ പറഞ്ഞത് തെരഞ്ഞെടുപ്പില്‍ കള്ളന്‍മാരുടെയും കൊലപാതകികളുടെയും പിന്തുണതേടുന്നതില്‍ തെറ്റില്ലെന്നായിരുന്നു. ഇതിനെതിരെയാണ് ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥിയായ പിഎസ് ശ്രീധരന്‍ പിള്ള ഇന്ന് രംഗത്തെത്തിയത്. കെഎം മാണി കൊള്ളക്കാരനാണെന്ന അഭിപ്രായം തനിക്കില്ലെന്ന് വ്യക്തമാക്കിയ പിള്ള രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മ ഇല്ലെന്നും അഭിപ്രായപ്പെട്ടു.

എന്‍ഡിഎ മുന്നണി പ്രവേശനത്തില്‍ കെഎം മാണിയാണ് ആദ്യം നിലപാട് വ്യക്തമാണ്ടേത്. കമ്മ്യൂണിസ്റ്റുകാരെയോ കോണ്‍ഗ്രസുകാരെയോ പോലെ തൊട്ടുകൂടായ്മയില്‍ വിശ്വസിക്കുന്നില്ല. ബിജെപിയില്‍ ഒരുഭിന്നതയും ഇല്ല. ഒരു പത്രസമ്മേളനത്തില്‍ വി മുരളീധരന്‍ ആനുഷങ്കികമായി പറഞ്ഞ ഒരു കാര്യത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. എന്തായാലും മുരളീധരന്റെ അഭിപ്രായം തനിക്കില്ല. ശ്രീധരന്‍പിള്ള ചെങ്ങന്നൂരില്‍ പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസത്തെ തന്റെ നിലപാട് വി മുരളീധരന്‍ ആവര്‍ത്തിച്ചു. അഴിമതിക്കാരെ എന്‍ഡിഎയില്‍ എടുക്കില്ലെന്ന് മുരളീധരന്‍ കൊച്ചിയില്‍ പറഞ്ഞു. ദേശീയജനാധിപത്യസഖ്യത്തിന്റെ ആശയവും ആദര്‍ശങ്ങളും അംഗീകരിക്കുന്ന എല്ലാവരെയും സ്വാഗതം ചെയ്യുമെന്നാണ് കുമ്മനം പറഞ്ഞത്. അത് മനസിലാകേണ്ടവര്‍ക്ക് മനസിലായിട്ടുണ്ട്. എന്‍ഡിഎയില്‍ വരണമെങ്കില്‍ മാണി നിലപാട് മാറ്റേണ്ടിവരും. മാണിയോടുള്ള ബിജെപിയുടെ നിലപാടില്‍ മാറ്റമില്ല. അഴിമതിക്കാരെ ബിജെപിയില്‍ എടുക്കില്ല. വി മുരളീധരന്‍ പറഞ്ഞു.

DONT MISS
Top