നിദാഹസ് ട്രോഫി: ഇന്ത്യന്‍ ടീമിന് അഭിനന്ദന പ്രവാഹം, അത്ഭുതപ്പെടുത്തുന്ന വിജയമെന്ന് സികെ ഖന്ന

ഇന്ത്യന്‍ ടീം

ദില്ലി: നിദാഹസ് ട്രോഫിക്കുള്ള ത്രിരാഷ്ട്ര ട്വന്റി20യില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് ബിസിസിഐ ആക്ടിംഗ് പ്രസിഡന്റ് സികെ ഖന്ന. കൊളംബോ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഫൈനലില്‍ ബംഗ്ലാദേശിനെതിരെ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.

‘അത്ഭുതപ്പെടുത്തുന്ന വിജയമായിരുന്നു ഇത്. ക്രിക്കറ്റില്‍ നമ്മുടെ ശക്തി വിളിച്ചോതുന്ന പ്രകടനം. ജയത്തില്‍ പങ്കാളിയായ എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു. എല്ലാവരുടേയും കഠിനപ്രയത്‌നത്തിന്റെ ഫലമാണിത്. സമ്മര്‍ദ്ദത്തിലും കാര്‍ത്തിക് നന്നായി കളിച്ചു’, ബംഗ്ലാദേശിനെതിരെ അത്യുഗ്രന്‍ പ്രകടനം കാഴ്ചവെച്ച ദിനേശ് കാര്‍ത്തികിനെയും ഖന്ന പ്രത്യേകം അഭിനന്ദിച്ചു.

പുറത്താകാതെ കാര്‍ത്തിക് നേടിയ 29 റണ്‍സായിരുന്നു ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചത്. അവസാന പന്തില്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ സിക്‌സര്‍ പറത്തിയായിരുന്നു കാര്‍ത്തിക് ജയം സമ്മാനിച്ചത്. എട്ട് പന്തില്‍ രണ്ട് ഫോറും, മൂന്ന് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു കാര്‍ത്തികിന്റെ ഇന്നിംഗ്‌സ്. ഖന്നയ്ക്ക് പുറമെ ആവേശോജ്ജ്വല വിജയം സമ്മാനിച്ച ഇന്ത്യന്‍ ടീമിന് പലഭാഗങ്ങളില്‍ നിന്നുമായി അഭിനന്ദന പ്രവാഹമാണ് എത്തിക്കൊണ്ടിരിക്കുന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, സുവരാജ് സിംഗ്, ഹര്‍ഭജന്‍ സിംഗ്, ജസ്പ്രീത് ബുംറ, വിരാട് കോഹ്‌ലി എന്നിവര്‍ ട്വിറ്ററിലൂടെ ഇന്ത്യന്‍ ടീമിനും ദിനേശ് കാര്‍ത്തിക്കിനും അഭിനന്ദനം രേഖപ്പെടുത്തി.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറില്‍ 166 റണ്‍സെടുത്തു. സാബിര്‍ റഹ്മാന്‍ 50 പന്തില്‍ നേടിയ 77 റണ്‍സാണ് ബംഗ്ലാ ഇന്നിംഗ്‌സിന് കരുത്തായത്. ഏഴ് ഫോറുകളും നാല് സിക്‌സുകളും പറത്തിയാണ് റഹ്മാന്‍ ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്. തമീം ഇഖ്ബാല്‍ 13 പന്തില്‍ 15 റണ്‍സും മഹ്മൂദുള്ള 16 പന്തില്‍ 21 റണ്‍സുമെടുത്ത് റഹ്മാന് പിന്തുണയേകി.

167 എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്കായി മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് ഓപ്പണര്‍മാര്‍ നല്‍കിയതെങ്കിലും മധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ പിഴുതും റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്തിയും ബംഗ്ലാദേശ് വിജയിക്കുമെന്ന പ്രതീതി സൃഷ്ടിച്ചു. 42 പന്തില്‍ 56 റണ്‍സെടുത്ത നായകന്‍ രോഹിത് ശര്‍മയുടെ പ്രകടനമാണ് അതില്‍ ശ്രദ്ധേയം. എന്നാല്‍ മധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ പിഴുതും റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്തിയും അവസാന ഓവര്‍ വരെ ബ്ലംഗാദേശ് വിജയിക്കുമെന്ന പ്രതീതി സൃഷ്ടിച്ചു. എന്നാല്‍ 19ാം ഓവറില്‍ ക്രീസിലെത്തിയ ദിനേശ് കാര്‍ത്തിക് അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ച്ചവച്ചത്.

അവസാന പന്തില്‍ വിജയിക്കാന്‍ അഞ്ച് റണ്‍ വേണമെന്നിരിക്കെ സിക്‌സര്‍ പായിച്ച് ദിനേശ് കാര്‍ത്തിക്കാണ് ഇന്ത്യയ്ക്ക് നാല് വിക്കറ്റ് വിജയം സമ്മാനിച്ചത്. വെറും 8 പന്ത് മാത്രം കളിച്ച കാര്‍ത്തിക് രണ്ട് ഫോറും മൂന്നുസിക്‌സും പറത്തി. അവസാന പന്തില്‍ അഞ്ച് റണ്‍സ് വേണ്ടിയിരുന്നതിനാല്‍ സിക്‌സ് പറത്തുകയല്ലാതെ മറ്റ് വഴികളുണ്ടായിരുന്നില്ല. എന്നാല്‍ ഫൈനലിന്റെ സമ്മര്‍ദ്ദമില്ലാതെ കാര്‍ത്തിക് ഗ്യാലറിയിലേക്ക് പന്ത് പറത്തി. ഇതോടെ നിദാഹാസ് ട്രോഫിയില്‍ ഇന്ത്യ മുത്തമിട്ടു.

DONT MISS
Top