അവിശ്വാസപ്രമേയം: നിലപാടില്‍ ഉറച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസും ടിഡിപിയും

വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് നടത്തിയ പ്രതിഷേധം

ദില്ലി: കേന്ദ്രസര്‍ക്കാരിനെതിരേ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസും തെലുഗ് ദേശം പാര്‍ട്ടിയും. ഇവരുടെ അവിശ്വാസപ്രമേയം ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും.

കഴിഞ്ഞ വെള്ളിയാഴ്ച അവിശ്വാസത്തിന് നോട്ടീസ് നല്‍കിയെങ്കിലും സഭ ബഹളത്തില്‍ മുങ്ങിയ സാഹചര്യത്തില്‍ സ്പീക്കര്‍ സുമിത്രാ മഹാജന്‍ അവിശ്വാസപ്രമേയ നോട്ടീസ് പരിഗണിച്ചില്ല. സഭാ നടപടികള്‍ ക്രമമായിട്ടേ അവിശ്വാസപ്രമേയം പോലെ പ്രധാന നടപടികളിലേക്ക് കടക്കാനാകൂവെന്നായിരുന്നു സ്പീക്കറുടെ നിലപാട്. തുടര്‍ന്ന് ബഹളം തുടര്‍ന്ന സാഹചര്യത്തില്‍ സഭ പിരിയുകയായിരുന്നു.

പ്രമേയം ഇന്ന് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസ് ലോക്‌സഭാ സെക്രട്ടറി ജനറലിന് കത്ത് നല്‍കിയിട്ടുണ്ട്.

അവിശ്വാസ പ്രമേയം ലോക്‌സഭയില്‍ അവതരിപ്പിക്കണമെങ്കില്‍ 50 അംഗങ്ങളുടെ പിന്തുണ വേണം. എന്നാല്‍ വൈഎസ്ആര്‍, ടിഡിപി കക്ഷികള്‍ക്ക് ഇത്രയും എംപിമാരില്ലാത്തതിനാല്‍ പ്രമേയം അവതരിപ്പിക്കുക സാധ്യമായിരുന്നില്ല. എന്നാല്‍ കോണ്‍ഗ്രസും സിപിഐഎമ്മും ഉള്‍പ്പെടെയുള്ള കക്ഷികള്‍ പിന്തുണ അറിയച്ചതിനാല്‍ പ്രമേയത്തിന് നോട്ടീസ് നല്‍കാന്‍ കഴിയും. എന്നാല്‍ ലോക്‌സഭയിലെ ബിജെപിക്ക് വന്‍ഭൂരിപക്ഷമുള്ള സാഹചര്യത്തില്‍ അവിശ്വാസപ്രമേയം ഒരു വിധത്തിലും സര്‍ക്കാരിന് ഭീഷണിയല്ല. എന്നാല്‍ കഴിഞ്ഞയാഴ്ച ബിജെപി പാളയം വിട്ട ടിഡിപിയടക്കമുള്ള പാര്‍ട്ടികളെ ഒരുമിപ്പിച്ച് പ്രതിപക്ഷനിരയില്‍ കൊണ്ടുവരാന്‍ കഴിയുന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് വിജയമാണ്.

ആ​ന്ധ്ര​യ്ക്ക് പ്ര​ത്യേ​ക പ​ദ​വി​യെ​ന്ന ആ​വ​ശ്യം കേ​ന്ദ്രം ത​ള്ളി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് വൈഎസ്ആര്‍ കോണ്‍ഗ്രസും ടിഡിപിയും വെ​ള്ളി​യാ​ഴ്ച അ​വി​ശ്വാ​സ​പ്ര​മേ​യ നോ​ട്ടീ​സ് ലോ​ക്സ​ഭ​യി​ൽ ന​ൽ​കി​യ​ത്.

സംസ്ഥാനത്തിന് പ്രത്യേക പദവി അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് അടുത്തിടെ തെലുഗ് ദേശം പാര്‍ട്ടി, കേന്ദ്രമന്ത്രിമാരായിരുന്ന അശോക് ഗജപതി റാജു, വൈഎസ് ചൗധരി എന്നിവരെ കേന്ദ്രസര്‍ക്കാരില്‍ നിന്ന് പിന്‍വലിച്ചിരുന്നു.  ഇരുവരും രാജിവച്ചെങ്കിലും എന്‍ഡിഎ മുന്നണി തല്‍ക്കാലം വിടില്ലെന്നായിരുന്നു പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു അന്ന് വ്യക്തമാക്കിയത്. എന്നാല്‍ കഴിഞ്ഞവെള്ളിയാഴ്ച രാവിലെ
ചേര്‍ന്ന അടിയന്തരയോഗത്തില്‍ ബിജെപി ബന്ധം ഉപേക്ഷിക്കാന്‍ ടിഡിപി തീരുമാനിക്കുകയായിരുന്നു. ഈ യോഗത്തിലാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് കൊണ്ടുവരുന്ന അടിയന്തരപ്രമേയത്തെ പിന്തുണയ്ക്കാും തീരുമാനിച്ചത്.

DONT MISS
Top