ആന്ധ്രയുടെ പ്രത്യേക പദവി: അവിശ്വാസ പ്രമേയം ഇന്ന് ലോക്‌സഭയുടെ പരിഗണനയ്ക്ക്

ഫയല്‍ ചിത്രം

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന് എതിരെ വൈഎസ്ആര്‍ കോണ്‍ഗ്രസ്സും, ടിഡിപിയും നല്‍കിയ അവിശ്വാസ പ്രമേയം ഇന്ന് ലോക്‌സഭയുടെ പരിഗണയ്ക്ക് വന്നേക്കും. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്നാവശ്യപ്പെട്ടാണ് തെലുങ്കുദേശം പാര്‍ട്ടിയും വൈഎസ്ആര്‍ കോണ്‍ഗ്രസും അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്.

പ്രമേയം ഇന്ന് പരിഗണിക്കുന്ന വിഷയങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സുബ്ബ റെഡ്ഡി ലോക്‌സഭാ സെക്രട്ടറി ജനറല്‍ സ്‌നേഹലത ശ്രീവാസ്തവയ്ക്ക് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. ആന്ധ്രക്ക് പ്രത്യേക പദവി നല്‍കും എന്ന വാഗ്ദാനം മോദി സര്‍ക്കാര്‍ ലംഘിച്ചു എന്ന് ആരോപിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസാണ് ആദ്യം അവിശ്വാസ പ്രമേയം കൊണ്ട് വരുന്നത്. പിന്നാലെ ടിഡിപിയും ഇതേ ആവശ്യം മുന്നോട്ട് വെച്ചു.

അന്‍പത് അംഗങ്ങളുടെ പിന്തുണ ഉണ്ടെങ്കില്‍ മാത്രമേ അവിശ്വാസ പ്രമേയത്തിന് ലോക്‌സഭാ സ്പീക്കര്‍ അവതരണ അനുമതി നല്‍കുകയുള്ളൂ. ലോക്‌സഭയില്‍ ടിഡിപിക്ക് 15 അംഗങ്ങളും, വൈഎസ്ആര്‍ കോണ്‍ഗ്രസിന് എട്ട് അംഗങ്ങളും ആണ് ഉള്ളത്. പ്രമേയത്തിന് പിന്തുണ നല്‍കും എന്ന് കോണ്‍ഗ്രസ്സും ഇടത് പാര്‍ട്ടികളും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രമേയം പരിഗണിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.

DONT MISS
Top