ഇന്ധന ചോര്‍ച്ച; ഇന്‍ഡിഗോ വിമാനം അടിയന്തരമായി താഴെയിറക്കി

പ്രതീകാത്മക ചിത്രം

ശ്രീനഗര്‍: ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം ശ്രീനഗറില്‍ അടിയന്തരമായി താഴെ ഇറക്കി. ഇന്‍ഡിഗോ എ 320 നിയോ വിമാനമാണ് ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന് താഴെയിറക്കിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ നാലാമത്തെ തവണയാണ് ഇത്തരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടാകുന്നത്.

വിമാനം താഴെയിറക്കിയതുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. നിരന്തരം തകരാര്‍ ഉണ്ടാകുന്നതിനാല്‍ ഇന്‍ഡിഗോയുടെ എ 320 നിയോ വിമാനങ്ങള്‍ കേന്ദ്ര വ്യോമയാന ഡയക്ടറേറ്റ് ജനറല്‍ വിലക്കിയിരുന്നു.

സാങ്കേതിക തകരാറിനെ തുടര്‍ന്ന് മാര്‍ച്ച് പതിമൂന്നിന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ 47 വിമാനങ്ങള്‍ അപ്രതീക്ഷിതമായി റദ്ദ് ചെയ്തിരുന്നു. എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദ് ചെയ്യാന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ദില്ലി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബംഗളുരു, പാറ്റ്‌ന, ശ്രീനഗര്‍, ഭുവനേശ്വര്‍, അമൃത്‌സര്‍, ഗുവാഹത്തി എന്നിവടങ്ങില്‍ നിന്നുള്ള വിമാനങ്ങളാണ് റദ്ദു ചെയ്തത്. ഇതിനു മുന്‍പ് ലഖ്‌നൗവില്‍ നിന്നും അഹമ്മദാബാദിലേക്ക് പറന്ന് വിമാനത്തില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരിച്ചിറക്കിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top