ഉദിച്ചുയര്‍ന്ന് ബംഗളുരു, വന്‍ ശക്തിയായി ചെന്നൈയിന്‍, തകര്‍ന്നടിഞ്ഞ് കൊല്‍ക്കത്ത, പ്രതീക്ഷകളോടെ ബ്ലാസ്‌റ്റേഴ്‌സ്; ഐഎസ്എല്‍ 2017-2018 ചുരുക്കത്തില്‍

ബിനു തോമസ്‌

കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ഒന്നുമാകാനാവാതെ പോയ സീസണായിരുന്നു ഇത്തവണത്തെ ഐഎസ്എല്‍. എങ്കിലും രണ്ടാം സീസണ്‍പോലെ തീര്‍ത്തും നിരാശപ്പെടുത്തിയെന്ന് പറയാന്‍വയ്യ. പുതിയ താരങ്ങളെ കണ്ടെത്താനും അടുത്ത വര്‍ഷങ്ങളിലേക്ക് ഒരു പദ്ധതി തയാറാക്കാനും ബ്ലാസ്റ്റേഴ്‌സിന് സാധിച്ചു. പ്രഥമ സൂപ്പര്‍ കപ്പ് ടൂര്‍ണമെന്റിലേക്ക് യോഗ്യത നേടാനും ആറാമതായി ഫിനിഷ് ചെയ്ത ടീമിന് കഴിഞ്ഞു.

ബംഗളുരു, ജംഷഡ്പൂര്‍ എന്നീ ടീമുകളെ ഉള്‍പ്പെടുത്തി വിപുലമാക്കിയ ലീഗായിരുന്നു ഇത്തവണത്തേത്. കൂടുതല്‍ ദൈര്‍ഘ്യം, കൂടുതല്‍ കളികള്‍. വന്നപാടെ വന്‍ കുതിപ്പുനടത്തിയ ബംഗളുരു ലീഗിലെ അത്ഭുത ടീമായി മാറി. പോയന്റ് പട്ടികയില്‍ 40 പോയന്റോടെ കാതങ്ങള്‍ മുന്നില്‍. എങ്കിലും ഫൈനലില്‍ ചെന്നൈയിനോട് അടിയറവ് പറയേണ്ടിവന്നത് മറ്റൊരു സംഭവമായി.

ലീഗിലെ ഏറ്റവും പണമൊഴുക്കിയ മാനേജ്‌മെന്റ് ബ്ലാസ്റ്റേഴ്‌സിന്റേതാണ്. മൂന്നാം സീസണില്‍ ഫൈനലില്‍ എത്തിയെങ്കിലും കഴിവുള്ള വിദേശ താരങ്ങളുടെ കുറവുണ്ടായിരുന്നു. എന്നാല്‍ അതിനെല്ലാം മറുപടിയെന്നോണമാണ് ഇത്തവണ മാനേജ്‌മെന്റ് ചില ലക്ഷ്യങ്ങള്‍ മുന്നില്‍കണ്ട് നീങ്ങിയത്. പണം വാരിയെറിഞ്ഞ് ഇതിഹാസതാരങ്ങളെയുള്‍പ്പെടെ ടീമിലെത്തിച്ചു. ആരാധകരെ സന്തോഷിപ്പിക്കാന്‍ ഇത്രയും പ്രയത്‌നിച്ച മറ്റൊരു മാനേജ്‌മെന്റ് ലീഗിലുണ്ടാവില്ല. എന്നാല്‍ കോച്ചിന്റെ താത്പര്യം പരിഗണിച്ച് നീങ്ങിയത് ടീമിന് തിരിച്ചടിയായി.

കോച്ചിന്റെ പ്രകടനം പിന്നിലേക്കായപ്പോള്‍ പുതിയ കോച്ചിനെ ബ്ലാസ്റ്റേഴ്‌സ് തെരഞ്ഞു. ഇതോടെ ജെയിംസ് ക്യാമ്പിലെത്തുകയും മ്യൂലന്‍സ്റ്റീല്‍ പിന്മാറുകയും ചെയ്തു. പുതിയ കോച്ചിനും അകമഴിഞ്ഞ പിന്തുണ മാനേജ്‌മെന്റ് നല്‍കി. അദ്ദേഹത്തിന്റെ പദ്ധതിപ്രകാരമാണ് ഇപ്പോള്‍ ടീം തയാറെടുക്കുന്നത്. ആദ്യ സീസണില്‍ ടീമിനെ ഫൈനലിലെത്തിച്ച പരിശീലകന്‍ എന്ന മേന്മ ഡേവിഡ് ജെയിംസിന് മറ്റാരേക്കാളും മുന്‍തൂക്കം നല്‍കുന്നു.

രണ്ടാം തവണയും കിരീടം ചെന്നൈയിന്‍ കരസ്ഥമാക്കി. ഇതോടെ ലീഗിലെ അനിഷേധ്യ ശക്തിയായി ചെന്നൈയിന്‍ മാറി. കൊല്‍ക്കത്ത അല്ലെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സ് എന്ന രണ്ട് ശക്തികേന്ദ്രങ്ങളായിരുന്നു ആദ്യ മൂന്ന് സീസണുകളില്‍ ലീഗിനെ ഭരിച്ചിരുന്നത്. ബ്ലാസ്‌റ്റേഴ്‌സ് രണ്ടുതവണ ഫൈനലില്‍ എത്തിയപ്പോള്‍ കൊല്‍ക്കത്ത രണ്ടുതവണ കപ്പുയര്‍ത്തിയതിന് പുറമെ മറ്റൊരു തവണ സെമിയിലുമെത്തി. എന്നാല്‍ ഇത്തവണ കരുത്തര്‍ ദക്ഷിണേന്ത്യയിലേക്കുമാത്രമായി ചുരുങ്ങി. ബംഗളുരുവും ചെന്നൈയിനും ലീഗിന്റെ മുഖം മാറ്റിയെടുത്തു. കൊല്‍ക്കത്ത അടിയേ തകര്‍ന്നപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് പിടിച്ചുനിന്നു.

95 കളികളായിരുന്നു ഇത്തവണ ലീഗിലുണ്ടായത്. മൊത്തം 261 ഗോളുകള്‍ പിറന്നു. ശരാശരി 2.75 ഗോളുകള്‍ ഒരോ കളിയിലും പിറന്നു. 18 ഗോളുകള്‍ അടിച്ചുകൂട്ടി ഗോവയുടെ ഫെറാന്‍ കൊറോമിനസ് ടോപ് സ്‌കോററായി. 15 ഗോളുകളടിച്ച് ബംഗളുരുവിന്റെ മിക്കു രണ്ടാം സ്ഥാനത്തും 14 ഗോളുകള്‍ നേടി ബംഗളുരുവിന്റെതന്നെ സുനില്‍ ഛേത്രി മൂന്നാമതുമായി. നാലാം സ്ഥാനത്ത് 13 ഗോളുകള്‍ വീതം നേടിയ ഡെല്‍ഹിയുടെ കാലു ഉച്ചെയും ഗോവയുടെ മാനുവല്‍ ലാന്‍സറൊട്ടെയുമാണ്. പുനെയുടെ അല്‍ഫാരോയും ചെന്നൈയിന്റെ ജെജെയും ഒന്‍പത് ഗോളുകള്‍ നേടി. എട്ടുഗോളുകള്‍ നേടി പൂനെയുടെ മാഴ്‌സലീഞ്യോ ഈ സീസണിലും തിളങ്ങി. മുംബൈയുടെ ബല്‍വന്ദ് സിംഗും മുംബൈയുടെതന്നെ എവര്‍ടണ്‍ സാന്റോസും കൊല്‍ക്കത്തയുടെ റോബി കീനും ആറ് ഗോളുകള്‍ വീതം നേടി. ഗോളടിമികവില്‍ അഞ്ച് ഗോളുകളോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഇയാന്‍ ഹ്യൂം സാന്നിധ്യമറിയിച്ചു.

ലീഗില്‍ ആറ് ഹാട്രിക്കുകള്‍ പിറന്നു. രണ്ടെണ്ണവും ഗോവന്‍ താരം കോറോയുടെ വക. മാഴ്‌സലീഞ്യോ, ഇയാന്‍ ഹ്യൂം, സെയ്മിന്‍ലെന്‍ ഡംഗല്‍, സുനില്‍ ഛേത്രി എന്നിവരും ഹാട്രിക്കുകള്‍ നേടി. രണ്ട് ഹാട്രിക്കുകള്‍ അടിച്ച കോറോ നിരവധി കളികള്‍ രണ്ടുഗോളുകള്‍ നേടി. ബ്ലാസ്‌റ്റേഴ്‌സിനെ ഗോവ തകര്‍ത്തപ്പോഴും ഗോളടിമികവില്‍ മുന്നില്‍നിന്നത് കോറൊതന്നെ. അര്‍ദ്ധാവസരങ്ങളില്‍ പോലും അസാമാന്യ മികവ് അദ്ദേഹം പ്രകടിപ്പിച്ചു.

ഹോം മാച്ചിലെ ഏറ്റവും വലിയ വിജയം ഡിസംബര്‍ 30ന് പൂനെ നോര്‍ത്ത് ഈസ്റ്റിനെ തോല്‍പ്പിച്ചതാണ്. 5-0 എന്ന സ്‌കോറിനായിരുന്നു പൂനെയുടെ വിജയം. എവേ മാച്ചിലെ ഏറ്റവും വലിയ വിജയം ഗോവയുടേതാണ്. 5-1 എന്ന സ്‌കോറിന് ഡെല്‍ഹി ഡൈനാമോസിനെയാണ് ഗോവ പരാജയപ്പെടുത്തിയത്. ഡിസംബര്‍ 16നായിരുന്നു ഈ കളി. ഏഴു ഗോള്‍ പിറന്ന നാല് മത്സരങ്ങള്‍ സീസണിലുണ്ടായി. ഇതില്‍ മൂന്നിലും ഗോവയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് മാത്രമല്ല, രണ്ടിലും വിജയവും ഗോവയ്ക്കായിരുന്നു.

നവംബര്‍ 30ന് 4-3 എന്ന സ്‌കോറിന് ഗോവ ബംഗളുരുവിനെ തകര്‍ത്ത കളിയിലും ഡിസംബര്‍ 9ന് 5-2 എന്ന സ്‌കോറിന് ഗോവ ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്ത കളിയിലും 7 ഗോളുകള്‍ പിറന്നു. ജനുവരി 28ന് 4-3 എന്ന സ്‌കോറിന് മുംബൈ ഗോവയെ പരാജയപ്പെടുത്തിയ കളിയിലും ഫെബ്രുവരി 24ന് 4-3 എന്ന സ്‌കോറിന് ഡെല്‍ഹി എറ്റികെയെ പരാജയപ്പെടുത്തിയ കളിയിലും 7 ഗോളുകള്‍ പിറക്കുകയുണ്ടായി.

തുടര്‍ച്ചയായി കളികള്‍ വിജയിച്ച റെക്കോര്‍ഡ് ബംഗളുരുവിന്റേതാണ്. 5 കളികളിലാണ് ബംഗളുരു തുടര്‍ച്ചയായി വിജയിച്ചത്. പരാജയമറിയാത്ത കൂടുതല്‍ കളികളും സ്വന്തമായുളളതും ബംഗളുരുവിനുതന്നെ. 10 കളികളില്‍ പരാജയമറിയാതെ ബംഗളുരു കുതിച്ചു. വിജയമില്ലാതെ തുടര്‍ച്ചയായി ഉഴറിയത് എറ്റികെയാണ്. 8 കളികള്‍ തുടര്‍ച്ചയായി വിജയം രുചിക്കാതെ കൊല്‍ക്കത്ത വലഞ്ഞു. തുടര്‍ തോല്‍വികളുടെ റെക്കോര്‍ഡ് തുടര്‍ച്ചയായ 6 തോല്‍വികളോടെ ഡെല്‍ഹി പേറുന്നു.

ഏറ്റവും കൂടുതല്‍ കാണികള്‍ വന്ന മത്സരത്തിലും ഏറ്റവും കുറവ് കാണികള്‍ വന്ന മത്സരത്തിലും ബ്ലാസ്റ്റേഴ്‌സുണ്ടായിരുന്നു. ഡിസംബര്‍ 31ന് പുതുവത്സരം വിജയത്തോടെ ആഘോഷിക്കാന്‍ എത്തി നിരാശയോടെ മടങ്ങിയത് 37,986 കാണികളാണ്. ഫെബ്രുവരി 17ന് നോര്‍ത്ത് ഈസ്റ്റും കേരളവും തമ്മിലുള്ള മത്സരം കാണാനെത്തിയത് വെറും 1,121 ആളുകള്‍! മൊത്തം 14 ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റുപോയി. ശരാശരി 15,000 ടിക്കറ്റുകളാണ് ഓരോ മത്സരത്തിനും ചെലവായത്. ഇതൊരു വിശ്വാസ യോഗ്യമായ സോഴ്‌സില്‍നിന്നുള്ള അനൗദ്യോഗിക കണക്കാണ്.

എട്ട് വിദേശ താരങ്ങളെ ഓരോ ടീമിനും ഉപയോഗപ്പെടുത്താനാകുമായിരുന്നു. കൂടുതല്‍ മികവുപുലര്‍ത്തിയ ബംഗളുരു എട്ടില്‍ അഞ്ച് കളിക്കാരെയും സ്‌പെയിനില്‍ നിന്നാണ് കണ്ടെത്തിയത്. ബംഗളുരുവിന്റെ പ്രതിരോധം ഉരുക്കുകോട്ടയായതിന് പിന്നില്‍ ഈ കളിക്കാരാണെന്ന് കാണാം. ഗോളടിക്കുന്നതില്‍ മികവുപുലര്‍ത്തിയ ഗോവയും എട്ടില്‍ നാല് കളിക്കാരെയും സ്‌പെയിനില്‍നിന്നാണ് കണ്ടെത്തിയെന്ന കാര്യം യാദൃശ്ചികമല്ല. കോറോയും ലാന്‍സറോട്ടെയും സ്‌പെയിനില്‍നിന്നെത്തി ഗോവയുടെ കുന്തമുനകളായി. മുംബൈയുടെ എട്ടില്‍ അഞ്ച് താരങ്ങളും ബ്രസീലില്‍നിന്ന് എത്തിയവരാണെന്നതും ശ്രദ്ധേയമായി. മറ്റ് ടീമുകളെല്ലാം സമ്മിശ്രമായി വിവിധ രാജ്യങ്ങളില്‍നിന്ന് കളിക്കാരെ എത്തിച്ചു.

സെമിയിലെത്താതെ പിന്തള്ളപ്പെട്ട ടീമുകളില്‍ ഏറ്റവും കുറവ് തോല്‍വി വഴങ്ങിയത് ബ്ലാസ്‌റ്റേഴ്‌സാണ്. 5 കളികള്‍ മാത്രമാണ് ടീം പരാജയപ്പെട്ടത്. സെമിയിലെത്തിയ ഗോവയും പൂനെയും പോലും 6 കളികള്‍ തോറ്റു. ബംഗളുരുവും ചെന്നൈയിനും 4 തോല്‍വികള്‍ മാത്രമാണ് ആദ്യ ഘട്ടത്തില്‍ പരാജയപ്പെട്ടത്. രണ്ടാം സ്ഥാനത്താണ് ഇക്കാര്യത്തില്‍ ബ്ലാസ്റ്റേഴ്‌സ്! ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തുക ഏതൊരു ടീമിനും ശ്രമകരമായിരുന്നു എന്നാണ് ഈ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്. ഏറ്റവും കൂടുതല്‍ കളികളില്‍ സമനില പിടിച്ചത് ബ്ലാസ്റ്റേഴ്‌സാണ്. 7 കളികളാണ് ഇത്തരത്തില്‍ സമനിലയില്‍ അവസാനിച്ചത്. രണ്ടാം സ്ഥാനത്ത് ജംഷഡ്പൂര്‍ 5 കളികളില്‍ സമനില പാലിച്ചു. 18 കളികള്‍ കളിച്ചെങ്കിലും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് 11 പോയന്റുകള്‍ മാത്രമേ സ്വന്തമാക്കാനായുള്ളൂ. 13 കളികളില്‍ ടീം തോറ്റു. ഇത്രയും കളികളില്‍നിന്ന് 40 പോയന്റുകള്‍ ബംഗളുരു വാരിക്കൂട്ടി.

ലീഗിന്റെ നിലവാരം ഉയരുകയും അതോടൊപ്പം ജനപിന്തുണ കുറയുകയും ചെയ്തു. 68,000 ആളുകള്‍ക്ക് ഒരേസമയം കളികാണാവുന്ന സൗകര്യം കൊല്‍ക്കത്ത സാള്‍ട്ട് ലെയ്ക്കില്‍ ഉണ്ടായിരുന്നെങ്കിലും കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിനാണ് ഏറ്റവും ആളുകള്‍ എത്തിയ കണക്കില്‍ റെക്കോര്‍ഡ്. ആരാധകര്‍ കൊല്‍ക്കത്തെയെ കൈവിട്ടതിനും ലീഗ് സാക്ഷിയായി. ആദ്യ മൂന്ന് സീസണുകളിലെ ടീമിന്റെ നിഴലാകാന്‍ പോലും ഇത്തവണ കൊല്‍ക്കയ്ക്കായില്ല. ഏതൊരു ടീമിനേയും വിറപ്പിക്കുന്ന, അതിമനോഹരമായി കളിക്കുന്ന കൊല്‍ക്കത്തയെ ഇത്തവണ കാണാന്‍ സാധിക്കാതിരുന്നത് ഫുട്‌ബോള്‍ ആരാധകര്‍ക്കെല്ലാം തീരാ നഷ്ടമായി. ബംഗളുരുപോലൊരു ടീം ഉയര്‍ന്നുവന്നത് ഒരിക്കലും കൊല്‍ക്കത്തയ്ക്ക് പകരമാവുകയുമില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top